നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ സിബിഐ കോടതിയിൽ നിന്നും മാറ്റി!
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ സിബിഐ സ്പെഷ്യൽ കോടതി മൂന്നിൽ നിന്നും മാറ്റി. പകരം ജഡ്ജ് കെ.കെ ബാലകൃഷ്ണനെ നിയമിച്ചു. ഹണി എം വർഗീസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആയി തുടരും.സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനും അഭിഭാഷകർക്കും ആശയക്കുഴപ്പമുണ്ടെന്നാണ് റിപ്പോർട്ട്. കേസ് സിബിഐ കോടതിയിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
എഫ്എസ്എൽ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജഡ്ജ് ഹണി എം വർഗീസ് കൃത്യവിലോപം നടത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. വിചാരണ കോടതിയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ആക്സസ് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ജൂലൈ 19ന് ട്രഷറി ചെസ്റ്റില്‍ ആണ് മെമ്മറി കാര്‍ഡ് എന്നാണ് കോടതി തന്നെ പറഞ്ഞിട്ടുള്ളത്. വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് വാട്സപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തെന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ മറനീക്കുന്നത്.
വിവോ ഫോണില്‍ 2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തു. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ടപ്പോള്‍ മെസേജിങ് ആപ്പുകള്‍ ഓപ്പറേറ്റ് ചെയ്തു. ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെയോ ടെലിഗ്രാമിലൂടെയോ പുറത്തേക്ക് അയച്ചിട്ടുണ്ടാകും. മെമ്മറി കാര്‍ഡ് ഇട്ടപ്പോള്‍ വിവോ ഫോണില്‍ ഉണ്ടായിരുന്നത് ജിയോ സിം ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വെച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യൂ മാറിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വെച്ച് മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യപ്പെട്ടത് രാത്രി 9:58നാണ്. ആദ്യ രണ്ട് തവണയും കംപ്യൂട്ടറിലൂടെയായിരുന്നെങ്കില്‍ മൂന്നാം തവണ വിചാരണക്കോടതിയില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് തുറന്നത്. മൂന്നുതവണ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്ത കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസ്സും മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പറും റിപ്പോര്‍ട്ടിലുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും രാത്രിയാണ് ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി മാറ്റി ഹൈക്കോടതി. കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി മാറ്റിയത്. ആഗസ്റ്റ് 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചു.
ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നതായി ഹൈക്കോടതി അറിയിച്ചത്. കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അതിജീവിത അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് അതിജീവിതയോട് ഹൈക്കോടതി ചോദിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ( ജൂലൈ 22 ) ആണ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആറരമാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് ആണ് അനുബന്ധ കുറ്റപത്രത്തിലെ ഏകപ്രതി. അതേസമയം തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കൂടുതല്‍ കുറ്റങ്ങള്‍ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്.
