എന്റെ റൊമാന്‍സ് സ്‌ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ അവളോട് അങ്ങനെയൊന്നും റൊമാന്റിക് ആകാറില്ല; ജ്യോതികയുടെ പരാതിയെക്കുറിച്ച് സൂര്യ!
തമിഴിലെ സൂപ്പർ താരദമ്പതികളാണ് സൂര്യയും ജ്യോതികയും . ദേശിയ പുരസ്‍കാര തിളക്കത്തിൽ നിൽക്കുകയാണ് സൂര്യ
നടിപ്പിന്‍ നായകനെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സൂര്യയുടെ ജന്മദിനമാണ് ഇന്ന്. ഈ ജന്മദിനത്തിന് ഇരട്ടിമധുരമാണ്. ഇന്നലെയാണ് സൂര്യയ്ക്ക് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. സൂരരൈ പൊട്ര് എന്ന സിനിമയിലെ പ്രകടനത്തിനാണ് സൂര്യയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എത്തുന്നത്.
എന്നും വ്യത്യസ്തമായ പാതയിലൂടെയായിരുന്നു സൂര്യ സഞ്ചരിച്ചിരുന്നത്. കഥയിലും കഥാപാത്രത്തിലുമെല്ലാം എന്നും പരീക്ഷണങ്ങള്‍ക്ക് സൂര്യ തയ്യാറായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ തന്റെ ആരാധകര്‍ക്ക് എന്നും എന്തെങ്കിലും പുതുമ നല്‍കാന്‍ സൂര്യ ശ്രമിച്ചു കൊണ്ടിരുന്നു. ഈ ശ്രമങ്ങളാണ് സൂരരൈ പൊട്രും ജയ് ഭീമുമൊക്കെയായി മാറിയത്. അതേസമയം ഓഫ് സ്‌ക്രീനില്‍ മനുഷ്യ സ്‌നേഹിയായ താരമായും പെര്‍ഫെക്ട് ജെന്റില്‍മാനുമായുമെല്ലാം അദ്ദേഹം ആരാധകരുടെ പ്രിയപ്പട്ടവനായി.
തന്റെ നായകന്മാരെ പോലെ തന്നെ പ്രിയങ്കരനാണ് ആരാധകര്‍ക്ക് ഓഫ് സ്‌ക്രീനിലെ സൂര്യയും. സൂര്യയുടെ പ്രണയവും അത്തരത്തിലൊന്നായിരുന്നു. തമിഴകത്തിന്റെ സൂപ്പര്‍ നായികയായ ജ്യോതികയാണ് സൂര്യയുടെ മനസ് കീഴടക്കിയത്. 2006 ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിന് ശേഷം സൂര്യയും ജ്യോതികയും വിവാഹം കഴിക്കുന്നത്. രണ്ട് മക്കളും താരദമ്പതികള്‍ക്കുണ്ട്.
റീലിലും റിയലിലും തന്റെ നായികയായ ജ്യോതികയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൂര്യയുടെ വാക്കുകളില്‍ പ്രണയം നിറയും. 2019 ല്‍ തന്റെ സിനിമയായ സൂരരൈ പൊട്രിന്റെ പ്രൊമോഷന് വേണ്ടി സൂമിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സൂര്യ മനസ് തുറക്കുന്നുണ്ട്. സ്‌ക്രീനില്‍ താന്‍ ഒരുപാട് റൊമാന്റിക് രംഗങ്ങള്‍ ചെയ്യാറുണ്ടെങ്കിലും ജീവിതത്തില്‍ താന്‍ അത്ര റൊമാന്റിക് അല്ലെന്നാണ് സൂര്യ പറയുന്നത്.
”എങ്ങനെ പറയണമെന്ന് അറിയില്ല. സത്യത്തില്‍ ഞാന്‍ ഒരു റൊമാന്റിക് വ്യക്തിയല്ല. ജ്യോതിക എപ്പോഴും പറയാറുണ്ട് എന്റെ റൊമാന്‍സ് സ്‌ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ അവളോട് അങ്ങനെയൊന്നും റൊമാന്റിക് ആകാറില്ലെന്ന്” സൂര്യ പറയുന്നു. പൂവെല്ലാം കേട്ടുപ്പാര്‍, ജൂണ്‍ 6, കാക്ക കാക്ക, ഉയിരിലെ കലന്തതു, മായാവി, പേരഴകന്‍ തുടങ്ങി ജ്യോതികയും സൂര്യയും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഒരുപാടാണ്. ഇരുവരും നിര്‍മ്മാണത്തിലൂടെ ബിസിനസ് പങ്കാളികളുമായി മാറുകയും ചെയ്തിട്ടുണ്ട്.
കൊവിഡും ലോക്ക്ഡൗണും നല്‍കിയ സമയം തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് ഈയ്യടുത്ത് ജ്യോതിക പറഞ്ഞിരുന്നു. ”ഞാനും സൂര്യയും വ്യക്തിപരമായും ഒരുമിച്ചും ഞങ്ങളെ വീണ്ടും കണ്ടെത്തുകയും അതിലൂടെ ഞങ്ങളുടെ ജീവിതത്തിന്റെ നിലവാരമുയര്‍ത്തുകയും ചെയ്തു. നാട്ടിലെ വീട്ടിലേക്ക് പോയി. ഒരുപാട് നല്ല ഓര്‍മ്മകള്‍ നേടി. പാന്‍ഡമിക് കാലത്തെ എന്റെ ഏറ്റവും നല്ല ഓര്‍മ്മകള്‍ അതൊക്കെയാണ്” എന്നായിരുന്നു ജ്യോതിക പറഞ്ഞത്.
വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന ജ്യോതിക പിന്നീട് തിരിച്ചുവരികയായിരുന്നു. രണ്ടാം വരവില്‍ ശക്തമായ പ്രമേയങ്ങളുള്ള സിനിമകള്‍ ചെയ്തു കൊണ്ട് സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജ്യോതിക. സൂര്യയും ജ്യോതികയും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ്. ഇരുവരും ഒരുമിച്ച് വേദികളിലെത്തുമ്പോഴെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് ഇവരെ സ്വീകരിക്കുന്നത്.
എതര്‍ക്കും തുന്തിവന്‍ ആണ് സൂര്യ നായകനായി പുറത്തിറങ്ങിയ സിനിമ. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രമില്‍ റോളക്‌സ് എന്ന വില്ലന്‍ വേഷത്തിലെത്തിയും സൂര്യ കയ്യടി നേടിയിരുന്നു. വടിവാസല്‍ ആണ് സൂര്യയുടെ അണിയറയിലുള്ള സിനിമകളിലൊന്ന്. സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്കിലും സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്.
