Connect with us

തുടര്‍ച്ചയായി പൊട്ടിയ്ത 11 ചിത്രങ്ങള്‍; ഈ സിനിമ മോഹന്‍ലാലിന് മൃതസഞ്ജീവനി ആണ്; കെഎം ഷാജഹാന്‍

Malayalam

തുടര്‍ച്ചയായി പൊട്ടിയ്ത 11 ചിത്രങ്ങള്‍; ഈ സിനിമ മോഹന്‍ലാലിന് മൃതസഞ്ജീവനി ആണ്; കെഎം ഷാജഹാന്‍

തുടര്‍ച്ചയായി പൊട്ടിയ്ത 11 ചിത്രങ്ങള്‍; ഈ സിനിമ മോഹന്‍ലാലിന് മൃതസഞ്ജീവനി ആണ്; കെഎം ഷാജഹാന്‍

മലയാളത്തിന്റെ ബോക്‌സ് ഓഫീസ് രാജാവ് ആരാണെന്ന ചോദ്യത്തിന് ആദ്യം മലയാളികളുടെ മനസില്‍ വരുന്ന പേര് മോഹന്‍ലാലിന്റേത് ആയിരിക്കും. അതിന് കൃത്യമായ കാരണമുണ്ട്. ഒരു പരാജയ ചിത്രത്തില്‍ പോലും ആളെ എത്തിക്കുന്ന അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ തന്നെയാണ് ആ മറുപടിയ്ക്ക് പിന്നില്‍. അത്തരത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പക്കലുണ്ട്.

മലയാള സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഭൂരിഭാഗവും ഏറെക്കാലമായി കൈയ്യടക്കിവച്ചിരുന്ന താരത്തിന് പക്ഷേ കുറച്ചു വര്‍ഷങ്ങളായി അത്ര നല്ല കാലയളവ് ആയിരുന്നില്ല. പത്തോളം സിനിമകള്‍ ഇതിനിടെയില്‍ മോഹന്‍ലാല്‍ നായകനായി എത്തിയെങ്കിലും ഒന്നും സാമ്പത്തികമായി വിജയമായിരുന്നില്ല. എന്ന് മാത്രമല്ല, പലതിലും മോഹന്‍ലാലിന്റെ പ്രകടനവും വിമര്‍ശനത്തിന് പാത്രമായി. എന്നാല്‍ ഇപ്പോഴിതാ നേര് എന്ന ചിത്രവുമായി മോഹന്‍ലാല്‍ തന്റെ ഗംഭീര തിരിച്ചുവരവ് അടയാളപ്പെടുത്തുകയാണ്.

ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു ചിത്രം ബോക്‌സോഫീസില്‍ മികച്ച അഭിപ്രായം നേടുന്നു എന്നത് തന്നെയാണ് നേരിന്റെ പ്രത്യേകത. ഇപ്പോഴിതാ രാഷ്ട്രീയ നിരീക്ഷകനായ കെഎം ഷാജഹാന്‍ നേര് സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടര്‍പരാജയങ്ങളില്‍ വലഞ്ഞ മോഹന്‍ലാലിന് നേര് എന്ന സിനിമ മൃതസഞ്ജീവനി ആണ് എന്നാണ് ഷാജഹാന്‍ അഭിപ്രായപ്പെടുന്നത്. ഷാജഹാന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

‘മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഈ സിനിമ വഹിച്ച പങ്ക് എന്താണെന്ന് വിശദീകരിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരു മൃതസഞ്ജീവനി ആയിരുന്നു എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്. മോഹന്‍ലാലിന്റെ കഴിഞ്ഞ കുറച്ച് നാളത്തെ സിനിമ എടുത്ത് നോക്കിയാല്‍ അത്ഭുതപ്പെട്ട് പോകും.

2019 ല്‍ ലൂസിഫര്‍ എന്ന സിനിമ വിജയിച്ചതിന് ശേഷം 2023 ഡിസംബര്‍ വരെ മോഹന്‍ലാലിന്റെ ഒരു സിനിമ പോലും വിജയിച്ചിട്ടില്ല എന്നതാണ് ഏറ്റവും ദയനീയമായ അവസ്ഥ. ഞാന്‍ അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി വിക്കിപീഡിയയില്‍ എടുത്ത് നോക്കുകയായിരുന്നു. 2019 ലെ ലൂസിഫറിന് ശേഷം ഇട്ടിമാണി, കാപ്പന്‍, ബിഗ് ബ്രദര്‍, ദൃശ്യം 2, മരക്കാര്‍, ബ്രോ ഡാഡി, ആറാട്ട്, ട്വല്‍ത്ത് മാന്‍, മോന്‍സ്റ്റര്‍, എലോണ്‍. ഇത്രയും സിനിമകളാണ് 2019 ന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ചതും വിജയിക്കാതെ പോയതും, വേണേല്‍ പൊട്ടിയതും എന്ന് നമുക്ക് പറയാം.

അഭിനയജീവിതത്തില്‍ വല്ലാത്തൊരു പ്രതിസന്ധി മോഹന്‍ലാല്‍ നേരിടുന്ന സമയത്താണ് ജീത്തു ജോസഫിലൂടെ മോഹന്‍ലാല്‍ എന്ന നടന് ഒരു തിരിച്ചുവരവ് സാധ്യമായിരിക്കുന്നത് എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. മോഹന്‍ലാല്‍ എന്ന് പറയുന്നത് കേരളം കണ്ടിട്ടുള്ള ഏറ്റവും അതുല്യനടന്‍മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമാ ജീവിതമെടുത്ത് വിശകലനം ചെയ്യാനൊന്നും ഞാന്‍ പോകുന്നില്ല.

1980 കള്‍ മുതല്‍ നമ്മള്‍ മോഹന്‍ലാലിനെ കാണുന്നതാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നമ്മള്‍ മോഹന്‍ലാലിനെ കാണുന്നതാണ്. അദ്ദേഹത്തിന്റെ അഭിനയസിദ്ധി എത്ര വലുതാണ് എന്ന് പല സിനിമകളിലൂടേയും നമ്മള്‍ കണ്ടു. മോഹന്‍ലാലിന്റെ തിരിച്ചുവരവിന് ഈ പടം വേണമായിരുന്നു. കാരണം മോഹന്‍ലാല്‍ അങ്ങനെയങ്ങ് സിനിമാ ലോകത്ത് നിന്ന് ഇല്ലാതായി പോകേണ്ട ആളല്ല. അത്രയേറെ അഭിനയസിദ്ധിയുള്ള ആളാണ്. ഇനിയും ഒട്ടേറെ കഥാപാത്രങ്ങള്‍ മോഹന്‍ലാലില്‍ നിന്ന് മലയാളികള്‍ക്ക് കാണാന്‍ കഴിയണം. അതിനുള്ള തുടക്കം എന്ന നിലയില്‍ ശക്തമായ ഒരു തിരിച്ചുവരവ് ഈ 2023 അവസാനിക്കുമ്പോള്‍ നടത്തുന്നു എന്നത് ചാരിതാര്‍ത്ഥ്യമാണ്’ എന്നും അദ്ദേഹം പറയുന്നു.

അതേസമയം, മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയാണ് മലൈക്കോട്ടൈ വാലിബനെ സ്‌പെഷ്യലാക്കുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വൈറലായിരുന്നു.

മലൈക്കോട്ടൈ വാലിബന്റെ ഒടിടി റൈറ്റ്‌സ് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തുക. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് മലൈക്കോട്ടൈ വാലിബനില്‍ അണിനിരക്കുന്നത്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top