Connect with us

‘എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’; പത്രസമ്മേളത്തിനിടെ നിര്‍മാതാവിനോട് കയര്‍ത്ത് ധര്‍മജന്‍

Malayalam

‘എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’; പത്രസമ്മേളത്തിനിടെ നിര്‍മാതാവിനോട് കയര്‍ത്ത് ധര്‍മജന്‍

‘എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’; പത്രസമ്മേളത്തിനിടെ നിര്‍മാതാവിനോട് കയര്‍ത്ത് ധര്‍മജന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഹാസ്യപരിപാടികളിലൂടെയാണ് ധര്‍മ്മജന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് രമേശ് പിഷാരടിയ്‌ക്കൊപ്പം മിനിസ്‌ക്രീനില്‍ നിരവധി പ്രോഗ്രാമുകള്‍ ചെയ്യാന്‍ താരത്തിനായി. പിന്നീട് ഇവരുടെ കോമ്പോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി സിനിമയിലൂടേയും സ്‌റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം.

അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കേറിയ ഹാസ്യ നടനാകാന്‍ ധര്‍മജന് സാധിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി സിനിമകളിലാണ് ധര്‍മ്മജന്‍ അഭിനയിച്ചത്. ഇടയ്ക്ക് നിര്‍മാണത്തിലും കൈവെച്ചു. അതേസമയം കരിയറില്‍ തിളങ്ങി നില്‍കുമ്പോള്‍ തന്നെ ഒരുപിടി വിവാദങ്ങളിലും പെട്ടിട്ടുണ്ട് ധര്‍മ്മജന്‍. ചില കേസുകളും നടനെതിരെ വന്നിരുന്നു. ഇതിന്റെ ഭാഗമായും ഒരുപാട് വിമര്‍ശനങ്ങള്‍ ധര്‍മജന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ധര്‍മ്മജനെതിരെ വിമര്‍ശനം ഉയരുകയാണ്. പുതിയ ചിത്രമായ പാളയം പിസി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്മീറ്റിലാണ് സംഭവം. രാഹുല്‍ മാധവ്, കോട്ടയം രമേശ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. ഇവരെ കൂടാതെ ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനം നടന്നത്. ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് എന്നിവരും നിര്‍മാതാവും സംവിധായകനുമാണ് പ്രമോഷന് എത്തിയത്. ഇതോടെ പോസ്റ്ററില്‍ മുഖമുള്ള കഥാപാത്രങ്ങളൊന്നും എന്താണ് പ്രസ്മീറ്റിന് വരാത്തത് എന്ന ചോദ്യമുയര്‍ന്നു, ‘മെയിന്‍ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല’ എന്നായിരുന്നു ഇതിന് നിര്‍മാതാവ് നല്‍കിയ മറുപടി. എന്നാല്‍ ഇത് ധര്‍മജന് അത്ര രസിച്ചില്ല. ‘അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്‌സ് അല്ലേ.

എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’ എന്ന് ചോദിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് തന്നെ ധര്‍മജന്‍ നിര്‍മാതാവിനോട് കയര്‍ത്തു. ‘എന്റെ നാക്കുളുക്കിയതാണ്, മെയിന്‍സ്ട്രീം എന്ന് ഞാന്‍ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ്. അവര്‍ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ല. എല്ലാവരെയും ഒരുപോലെയാണ് ഞാന്‍ ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചത്’ എന്നെല്ലാം നിര്‍മാതാവ് വിശദീകരിച്ചെങ്കിലും, ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടില്‍ ധര്‍മജന്‍ ഉറച്ചു നിന്നു. മഞ്ജു പത്രോസും ധര്‍മജനെ പിന്തുണച്ചു.

എന്നാല്‍ വീഡിയോ വൈറലായതോടെ പലരും ധര്‍മജനെ കുറ്റപ്പെടുത്തിയാണ് രംഗത്തെത്തുന്നത്. ധര്‍മജന്‍ മദ്യപിച്ചാണ് പ്രമോഷന് വന്നത് എന്നടക്കമുള്ള ആക്ഷേപങ്ങളുമുണ്ട്. കാശ് കൊടുത്ത് അഭിനയിപ്പിച്ചതിന് നിര്‍മാതാവ് ഇത് കേള്‍ക്കാന്‍ ബാധ്യസ്തനാണ്, എന്തിനാണ് ഇതുപോലെയുള്ള താരങ്ങളെ കാസ്റ്റ് ചെയ്തത് എന്നാല്‍ ചോദിച്ചു കൊണ്ട്, നിര്‍മാതാവിനെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

അതേസമയം, അടുത്തിടെ താന്‍ രണ്ട് തവണ ജയിലില്‍ കിടന്നിട്ടുള്ളയാളാണെന്ന് ധര്‍മജന്‍ പറഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു. ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ പങ്കെടുത്താണ് ധര്‍മജന്‍ സംസാരിച്ചത്. ഒരുപാട് തവണ ജയിലില്‍ പാരിപാടി അവതരിപ്പിക്കാന്‍ വന്നിട്ടുണ്ട്. അത് കൂടാതെ താന്‍ രണ്ട് തവണ ജയിലില്‍ കിടന്നിട്ടുമുണ്ട് എന്നാണ് താരം പറയുന്നത്.

‘ഒത്തിരി പൊലീസ് പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണ്. മിക്കപ്പോഴും എന്തെങ്കിലും പരിപാടികള്‍ക്കായിട്ട് വിളിക്കും. പക്ഷെ വലിയൊരു കാര്യം എന്ന് പറഞ്ഞാല്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് പ്രാവിശ്യം ഈ ജയിലില്‍ എട്ട് ദിവസം കിടക്കാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടുണ്ട്.

ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു രണ്ട് പ്രാവിശ്യം. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുളവുകാട് മണ്ഡലത്തില്‍ കുടിവെള്ള സമരവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ കിടന്നതാണ് ഒരു പ്രാവശ്യം. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു പിന്നെ ഒന്ന്, അത് എന്തിനാണെന്ന് പറയാന്‍ പറ്റില്ല.’ എന്നും ധര്‍മ്മജന്‍ പറഞ്ഞു.

ചിരകരോട്ട് മൂവിസിന്റെ ബാനറില്‍ ഡോ. സൂരജ് ജോണ്‍ വര്‍ക്കിയാണ് പാളയം പിസി നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, ഹരീഷ് കണാരന്‍, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാലാ പാര്‍വതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജനുവരി അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

More in Malayalam

Trending