Connect with us

സംഗീതസംവിധായകന്‍ കെജെ ജോയ് അന്തരിച്ചു

News

സംഗീതസംവിധായകന്‍ കെജെ ജോയ് അന്തരിച്ചു

സംഗീതസംവിധായകന്‍ കെജെ ജോയ് അന്തരിച്ചു

പ്രശസ്ത മലയാള ചലച്ചിത്ര സംഗീതസംവിധായകന്‍ കെജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച നിരവധി ഗാനങ്ങളുടെ ശില്‍പിയായിരുന്നു ജോയ്.

മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്‌നോ മ്യൂസീഷ്യന്‍ എന്ന വിശേഷണവും ജോയിക്കുണ്ട്. സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്റെ കൈ പിടിച്ചാണ് ജോയ് ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. എം.എസ്.വി. സംഗീതസംവിധാനം നിര്‍വഹിക്കുന്ന ഗാനങ്ങളിലെ അക്കോര്‍ഡിയന്‍ ആര്‍ട്ടിസ്റ്റായിരുന്നു തുടക്കകാലത്ത് ജോയ്.

പിന്നീടാണ് സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് മാറുന്നത്. അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ എം.എസ്. വിശ്വനാഥന്‍ തന്നെയാണ് ജോയിയെ സംഗീതസംവിധാനത്തിലേക്ക് വഴിതിരിച്ചുവിടുന്നത്. 1975ല്‍ പുറത്തിറങ്ങിയ ലവ് ലെറ്റര്‍ ആയിരുന്നു സംഗീതസംവിധായകനായുള്ള ആദ്യ മലയാളചിത്രം. ഗാനരചയിതാക്കളായി ഭരണിക്കാവ് ശിവകുമാറും സത്യന്‍ അന്തിക്കാടും.

തുടര്‍ന്നങ്ങോട്ട് മലയാളത്തിലെ മുന്‍നിര സംഗീതസംവിധായകര്‍ക്കൊപ്പം തന്റേതായ ഇരിപ്പിടം കെ.ജെ.ജോയ് കണ്ടെത്തി. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മനുഷ്യമൃഗം, സര്‍പ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് ഈണമിട്ടു.

പാശ്ചാത്യശൈലിയില്‍ ജോയ് ഒരുക്കിയ മെലഡികള്‍ സംഗീതപ്രേമികള്‍ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എന്‍സ്വരം പൂവിടും ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃഗത്തിലെ കസ്തൂരിമാന്‍ മിഴി, സര്‍പ്പത്തിലെ സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ഗാനങ്ങളായിരുന്നു. 1994ല്‍ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.

More in News

Trending

Malayalam