Connect with us

സംവിധായകന്‍ കെജി ജോര്‍ജിന്റെ ചിതാഭസ്മം പെരിയാറില്‍ ഒഴുക്കി മകള്‍ താര ജോര്‍ജ്

Malayalam

സംവിധായകന്‍ കെജി ജോര്‍ജിന്റെ ചിതാഭസ്മം പെരിയാറില്‍ ഒഴുക്കി മകള്‍ താര ജോര്‍ജ്

സംവിധായകന്‍ കെജി ജോര്‍ജിന്റെ ചിതാഭസ്മം പെരിയാറില്‍ ഒഴുക്കി മകള്‍ താര ജോര്‍ജ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാള സിനിമയെ നവഭാവുകത്വത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന കെ ജി ജോര്‍ജ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ ചിതാഭസ്മം മകള്‍ താര ജോര്‍ജ് പെരിയാറില്‍ ഒഴുക്കി. കെ.ജി. ജോര്‍ജിന്റെ ആഗ്രഹപ്രകാരം മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. രവിപുരം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു.

കാക്കനാട്ടെ സിഗ്‌നേചര്‍ ഏജ്ഡ് കെയറില്‍ സെപ്റ്റംബര്‍ 24നായിരുന്നു കെ.ജി. ജോര്‍ജിന്റെ അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്നു വര്‍ഷങ്ങളായി അവിടെയായിരുന്നു താമസം. മരണശേഷം പള്ളി സെമിത്തേരിയിലെ സംസ്‌കാരച്ചടങ്ങുകള്‍ക്കു കെ.ജി. ജോര്‍ജിനു താല്‍പര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണു മൃതദേഹം ദഹിപ്പിച്ചതെന്നും ഭാര്യ സല്‍മ ജോര്‍ജ് പറഞ്ഞിരുന്നു. താന്‍ മരിച്ചാലും ഇതാണു തന്റെയും ആഗ്രഹമെന്നും സല്‍മ പറഞ്ഞു.

”ഞാനും മക്കളും വളരെ നന്നായിത്തന്നെയാണു കെ.ജി. ജോര്‍ജിനെ നോക്കിയിരുന്നത്. പക്ഷാഘാതത്തെത്തുടര്‍ന്നു തുടര്‍ചികിത്സയും മറ്റും ആവശ്യമായിരുന്നതിനാലാണു കാക്കനാട്ടെ ഏജ്ഡ് കെയറിലേക്കു മാറ്റിയത്.

മകന്‍ ഗോവയിലും മകള്‍ ദോഹയിലുമായതിനാല്‍ ഒറ്റയ്ക്കു താമസിക്കാന്‍ കഴിയാത്തതിനാലാണു ഗോവയിലേക്കു പോയത്. അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം എല്ലാ ആഴ്ചയിലും കൊടുത്തയയ്ക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. നല്ല സിനിമകള്‍ ചെയ്‌തെങ്കിലും അതില്‍ നിന്ന് അദ്ദേഹം പണമുണ്ടാക്കിയിരുന്നില്ല. സ്വത്തു കൈവശപ്പെടുത്തി അദ്ദേഹത്തെ വയോജന കേന്ദ്രത്തിലാക്കിയെന്നാണു സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പലരും ആരോപിക്കുന്നത്. കാര്യങ്ങളെല്ലാം സിനിമാ രംഗത്തുള്ളവര്‍ക്കറിയാം.” എന്നും സല്‍മ പറയുന്നു.

കെട്ടുക്കാഴ്ചകള്‍ക്കപ്പുറം സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകളിലേക്കുള്ള സര്‍ഗാത്മക സഞ്ചാരമായിരുന്നു 1976 ലെ ആദ്യ ചിത്രമായ ‘സ്വപ്നാടനം’ മുതലുള്ള ജോര്‍ജിന്റെ സിനിമാ ജീവിതം. മലയാളത്തിലെ സാമ്പ്രദായിക ചലച്ചിത്ര സമീപനങ്ങളെ കൈയൊഴിഞ്ഞ് പുതിയ ലോകത്തിലേക്കുള്ള യവനിക ഉയര്‍ത്തിയ ചിത്രമായിരുന്നു ‘സ്വപ്നാടനം’. നിലനിന്നിരുന്ന സിനിമാ ഭാവനകളെ ഒരു തരത്തില്‍ തിരുത്തിയെഴുതുകയായിരുന്നു ‘സ്വപ്നാടനം’.

മലയാളത്തിലെ അടിയുറച്ച സിനിമാ വീക്ഷണങ്ങളെയൊക്കെ അട്ടിമറിച്ച് കാഴ്ചയ്ക്ക് പുതിയൊരു സൗന്ദര്യം പകര്‍ന്ന് നല്‍കിയ സിനിമകളായിരുന്നു ജോര്‍ജ് മലയാളികള്‍ക്ക് സമ്മാനിച്ചത്. കാഴ്ചയില്‍ മാത്രമല്ല, ഉള്ളടക്കത്തിലും അതുവരെ നിലനിന്നിരുന്ന ആവര്‍ത്തനവിരസത നിറഞ്ഞതും ഉള്‍ക്കാമ്പ് ഇല്ലാത്തതുമായ മലയാള സിനിമകളുടെ കോലത്തിലായിരുന്നില്ല ജോര്‍ജ്ജിന്റെ സിനിമകള്‍. 1976 മുതല്‍ 1998 വരെയുള്ള കാലയളവില്‍ എടുത്ത 19 സിനിമകളില്‍ ഓരോന്നും പ്രേക്ഷകന് നല്‍കിയത് പുതിയൊരു അനുഭവമായിരുന്നു.

More in Malayalam

Trending