Connect with us

ദേശീയ പുരസ്‌കാരം വൈകി കിട്ടിയത് നന്നായി,കുറച്ചുകൂടി കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു,നേരത്തെ കിട്ടിയിരുന്നെങ്കില്‍ ഒതുങ്ങിപ്പോയേനെ ; ഇന്ദ്രൻസ്

Movies

ദേശീയ പുരസ്‌കാരം വൈകി കിട്ടിയത് നന്നായി,കുറച്ചുകൂടി കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു,നേരത്തെ കിട്ടിയിരുന്നെങ്കില്‍ ഒതുങ്ങിപ്പോയേനെ ; ഇന്ദ്രൻസ്

ദേശീയ പുരസ്‌കാരം വൈകി കിട്ടിയത് നന്നായി,കുറച്ചുകൂടി കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു,നേരത്തെ കിട്ടിയിരുന്നെങ്കില്‍ ഒതുങ്ങിപ്പോയേനെ ; ഇന്ദ്രൻസ്

സുരേന്ദ്രന്‍ കൊച്ചുവേലു, ഈ പേര് മലയാളക്കരയ്‌ക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. 1956 മാര്‍ച്ച് 12 ന് കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രന്‍സ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു. ഇന്ന് മലയാളികളുടെ അഭിമാനമാണ് നടന്‍ ഇന്ദ്രന്‍സ്. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന ഇന്ദ്രന്‍സ് ഓഫ് സ്‌ക്രീനില്‍ തന്റെ ലാളിത്യം കൊണ്ട് ഞെട്ടിച്ചത് പലതവണയാണ്. വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി. ചിരിയായിരുന്നു പണ്ടൊക്കെ പ്രധാന ഉത്തരവാദിത്തം.

പ്രേക്ഷകരെ ചിരിപ്പിച്ച് ചിരിപ്പിച്ച് കുറേക്കാലം ഇന്ദ്രന്‍സ് മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. പിന്നീട് ഗിയര്‍ മാറ്റി ക്യാരക്ടര്‍ റോളുകളിലേക്ക് കടന്നതോടെ ഇന്ദ്രന്‍സ് ഞെട്ടിക്കുകയായിരുന്നു. രാജ്യാന്തര പുരസ്‌കാരങ്ങളടക്കം നേടിയ ഇന്ദ്രന്‍സ് വില്ലന്‍ വേഷത്തിലടക്കം അഭിനയിച്ച് കയ്യടി നേടി. ഒരുകാലത്ത് കുടക്കമ്പിയെന്ന് വിളിച്ച് കളിയാക്കിയിരുന്നവരെ കൊണ്ടു തന്നെ കയ്യടിപ്പിക്കാന്‍ ഇന്ദ്രന്‍സിന് സാധിച്ചു.ഇന്ന് മലയാളികള്‍ അഭിമാനത്തോടെയും ആദരവോടേയും പറയുന്ന പേരാണ് ഇന്ദ്രന്‍സ് എന്നത്. താരം എന്നതിലുപരി തങ്ങളുടെ അയല്‍വക്കത്തുള്ള ചേട്ടന്‍ എന്നത് പോലെയാണ് മലയാളികള്‍ ഇന്ദ്രന്‍സിനെ സ്‌നേഹിക്കുന്നത്. താരജാഡകളില്ലാത്ത ജനകീയ താരം. ഇപ്പോഴിതാ ഇന്ദ്രന്‍സിനെ തേടി ദേശീയ പുരസ്‌കാരവുമെത്തിയിരിക്കുകയാണ്. ഹോം എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശമാണ് ഇന്ദ്രന്‍സിനെ തേടിയെത്തിയത്.
അതേസമയം അവാര്‍ഡ് കിട്ടാന്‍ വൈകിയത് നന്നായിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. പറ്റുമെങ്കില്‍ കുറച്ചു കൂടി വൈകിയിരുന്നുവെങ്കില്‍ നന്നായേനെ എന്നും അദ്ദേഹം പറയുന്നു. നേരത്തെയായിരുന്നു പുരസ്‌കാരം കിട്ടിയിരുന്നതെങ്കില്‍ ഒതുങ്ങിപ്പോയേനെ എന്നാണ് ഇന്ദ്രന്‍സ് അഭിപ്രായപ്പെടുന്നത്. ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

‘വൈകി കിട്ടിയത് നന്നായി. കുറച്ചുകൂടി കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു. നേരത്തെ കിട്ടിയിരുന്നെങ്കില്‍ ഒതുങ്ങിപ്പോയേനെ. ആദ്യം കിട്ടാതാവുമ്പോള്‍ വിഷമവും പിണക്കവുമൊക്കെ തോന്നും. എന്നാല്‍ അതൊരു വാശിയായി ഉള്ളില്‍ക്കിടക്കും. അങ്ങനെ വിട്ടാല്‍ പറ്റില്ലാലോ എന്നൊരു തോന്നല്‍ വരും’ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.ഇത്രയും കാലത്തെ അനുഭവങ്ങള്‍ കൊണ്ടൊക്കെയാകാം വിവാദങ്ങളില്‍പെട്ടാലും സംയമനത്തോടെ നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മള്‍ പറയുന്നത് മനസിലാകാത്തവരുണ്ട്. അത് നമ്മള്‍ ഉദ്ദേശിച്ച രീതിയില്‍ എടുക്കാത്തവരുണ്ട്. നമ്മള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നവരുണ്ട്. ചെറിയ പിഴവുകളെ വലുതാക്കി കാണിക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്നും അദ്ദേഹം പറയുന്നു.

എല്ലാവരെയും തൃപ്തിപ്പെടുത്തുക മനുഷ്യ സഹജമല്ലലോ. ഇതൊക്കെ കാരണം പലപ്പോഴും അഭിപ്രായം പറയാതിരിക്കേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറയുന്നു. ചില ഓണ്‍ലൈന്‍ മാസികകളിലൊക്കെ നമ്മള്‍ ചിന്തിക്കാത്ത തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും വിവാദ പരാമര്‍ശങ്ങളെ താന്‍ ഇത്തരത്തിലാണ് നോക്കികാണുന്നെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെടുന്നു.

ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അവസാന ഘട്ടം വരെ ഇന്ദ്രന്‍സ് മികച്ച നടനുള്ള മത്സരത്തിലുണ്ടായിരുന്നു. ഹോം മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടി. അതേസമയം ജലധാര പമ്പ് സെറ്റാണ് ഇന്ദ്രന്‍സിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉര്‍വ്വശിയായിരുന്നു ചിത്രത്തിലെ നായിക.

More in Movies

Trending

Recent

To Top