Malayalam
27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയക്ക് തയ്യാറായി തിരുവനന്തപുരം
27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയക്ക് തയ്യാറായി തിരുവനന്തപുരം
27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം 14 തിയേറ്ററുകളിലായി 70ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. എട്ടുദിവസം നീണ്ടുനില്‍ക്കുന്നതാണ് മേള. വിവിധ തിയേറ്ററുകളിലായി 9,600 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 2,500 സീറ്റുകള്‍ ഉള്ള നിശാഗന്ധി ഓപ്പണ്‍ തിയേറ്റര്‍ ആണ് ഏറ്റവും വലിയ പ്രദര്‍ശന വേദി.
മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ നിശാഗന്ധിയില്‍ ആണ് നടക്കുക. മിഡ്‌നൈറ്റ് സ്‌ക്രീനിങ് ചിത്രമായ ‘സാത്താന്‍സ് സ്ലേവ്‌സ്’ ഉള്‍പ്പടെ പ്രധാന ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും.മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ക്രിസ്റ്റി ഡിജിറ്റല്‍ ഒരുക്കുന്ന 4കെ സാങ്കേതിക സംവിധാനമാണ് നിശാഗന്ധിയില്‍ ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 9 ന് ആരംഭിക്കുന്ന മേള 16ന് അവസാനിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, സമകാലിക ചലച്ചിത്രകാരന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ ടുഡേ, മാസ്‌റ്റേഴ്‌സിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്‌പെക്ടീവ് വിഭാഗം, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നീ പാക്കേജുകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളും ഉള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.
മേളയുടെ ഭാഗമായി വിവിധ തരം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ തമിഴ് റോക്ക് ബാന്‍ഡ് ജാനു, പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ സംഗീതസന്ധ്യകളാകും നടക്കുക. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദി ഡിറക്‌റ്റേഴ്‌സ് , ഇന്‍ കോണ്‍വര്‍സേഷന്‍ വിത്ത് തുടങ്ങിയ പരിപാടികളും ഉണ്ടാകും.
