എന്റെ നൃത്ത വിദ്യാലയത്തിന്റെ 20ാമത്തെ വർഷം ആരംഭിക്കുകയാണ്; അമേരിക്കയിലെ ജീവിതത്തെക്കുറിച്ചും ദിവ്യ ഉണ്ണി
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. മലയാളത്തിലെ പ്രഗൽഭ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ദിവ്യ ഉണ്ണിക്ക് അക്കാലത്ത് നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു. ചുരം, പ്രണയ വർണങ്ങൾ, ഫ്രണ്ട്സ് തുടങ്ങിയ സിനിമകളിൽ എല്ലാം ശ്രദ്ധേയ വേഷമാണ് ദിവ്യ ഉണ്ണിക്ക് ലഭിച്ചത്.
വിവാഹ ശേഷമാണ് ദിവ്യ ഉണ്ണി അഭിനയ രംഗത്ത് നിന്ന് മാറി നിന്നത്. ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറിയ ദിവ്യ അവിടെ നൃത്ത വിദ്യാലയം തുടങ്ങുകയും ചെയ്തു. ഡോ സുധീർ ആയിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ ഭർത്താവ്. 21ാം വയസ്സിലായിരുന്നു ദിവ്യയുടെ വിവാഹം. എന്നാൽ ആദ്യ വിവാഹം പിന്നീട് വേർപിരിയുകയാണുണ്ടായത്.
ഈ ബന്ധത്തിൽ രണ്ട് കുട്ടികളും ദിവ്യക്ക് ഉണ്ട്. അധികം വൈകാതെ നടി രണ്ടാം വിവാഹവും കഴിച്ചു. മുംബൈക്കാരനായ അരുൺ കുമാറുമായാണ് ദിവ്യ വിവാഹിത ആയത്. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ ദിവ്യ ഉണ്ണി സെലിബ്രിറ്റി കണക്ടിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
തന്റെ നൃത്ത വിദ്യാലയത്തെക്കുറിച്ചും അമേരിക്കയിലെ ജീവിതത്തെക്കുറിച്ചും ദിവ്യ ഉണ്ണി സംസാരിച്ചു. ‘അമേരിക്കയിൽ ചെന്നപ്പോൾ നമ്മുടെ നാടുമായി അടുക്കുകയാണ് ചെയ്തത്. എന്റെ നൃത്ത വിദ്യാലയത്തിന്റെ 20ാമത്തെ വർഷം ആരംഭിക്കുകയാണ്. 2003 ൽ തുടങ്ങിയതാണ്’
‘അവിടെ ഞാനെടുത്ത റോൾ നമ്മളുടെ സംസ്കാരം പകർന്ന് കൊടുക്കുന്നത് ആയതിനാൽ തന്നെ കൂടുതൽ അടുപ്പം നമ്മുടെ നാടുമായാണ്. അതിനാൽ ചിലർ കാണുമ്പോൾ നിങ്ങൾ അമേരിക്കയിൽ ഏത് വില്ലേജിൽ ആണെന്ന് ചോദിക്കും,’ ദിവ്യ ഉണ്ണി പറഞ്ഞു.
സിനിമയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിനും ദിവ്യ മറുപടി നൽകി. സ്ക്രിപ്റ്റുകൾ ഒരുപാട് കേൾക്കുന്നുണ്ട്. ചിലപ്പോൾ ശരിയാവുമോ എന്ന് തോന്നി ഒഴിവാക്കും. അല്ലെങ്കിൽ എന്തെങ്കിലും ക്ലാഷ് വരും. നമ്മൾ അവിടെ സെറ്റിൽഡ് ആയത് കൊണ്ട് മാത്രം ഒരു ഫുൾ പ്രൊജക്ട് എനിക്ക് വേണ്ടി വെയ്റ്റ് ചെയ്യണം എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്’.
‘അമ്മ നൃത്തം അഭ്യസിച്ചിട്ടില്ല. എന്നെ അവർ ചെറുപ്പം തൊട്ട് ഒരുപാട് പരിപാടികൾക്ക് പങ്കെടുപ്പിച്ചിരുന്നു. അവർ പ്ലാൻ ചെയ്ത് തന്ന ലൈഫ് ആണ്. ഡാൻസ് മാത്രം പഠിച്ചത് കൊണ്ട് കാര്യം അല്ല. ഇത് എന്താണെന്ന് മനസ്സിലാക്കണം’
‘മൂന്ന് വയസ് മുതൽ ഡാൻസ് ചെയ്യുന്നു. ഇപ്പോഴും ഡാൻസ് പഠനം നിർത്തിയിട്ടില്ല. ഇപ്പോഴത്തെ കുട്ടികൾ മിസ് ദിവ്യ നിങ്ങൾ കലാതിലകം ആണോ അതെന്താണെന്ന് വന്ന് ചോദിക്കും’
യുവജനോത്സവ കാലഘട്ടം എന്നത് പ്രത്യേക രസം ഉള്ള കാലഘട്ടം ആണ്. കാരണം സ്കൂളിലൊക്കെ പ്രത്യേക കൺസിഡറേഷൻ കിട്ടും. അന്നത്തെ ടൈം മാനേജ്മെന്റ് ഭയങ്കരമായിരുന്നു. ഇന്നത്തെ പോലെ അല്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
അമേരിക്കയിൽ നിരവധി നൃത്ത വേദികളിൽ ദിവ്യ ഉണ്ണി ഡാൻസ് അവതരിപ്പിക്കാറുണ്ട്. നൃത്ത രംഗത്ത് സജീവമാണെങ്കിലും സിനിമകളിൽ നിന്ന് വർഷങ്ങളായി മാറി നിൽക്കുകയാണ് ദിവ്യ ഉണ്ണി.