Malayalam
അബ്ദുള്‍ റഹീമിന്റെ കഥ സിനിമയാക്കുന്നതില്‍ പിന്മാറാന്‍ തയ്യാറാണ്, നിമിഷപ്രിയയുടെ കേസിനെ കുറിച്ച് പൂര്‍ണമായും പഠിച്ചു വരികയാണ്; ബോബി ചെമ്മണ്ണൂര്‍
അബ്ദുള്‍ റഹീമിന്റെ കഥ സിനിമയാക്കുന്നതില്‍ പിന്മാറാന്‍ തയ്യാറാണ്, നിമിഷപ്രിയയുടെ കേസിനെ കുറിച്ച് പൂര്‍ണമായും പഠിച്ചു വരികയാണ്; ബോബി ചെമ്മണ്ണൂര്‍
സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ചതിന് പിന്നാലെ ആ കഥ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്ത് എത്തിയിരുന്നു. സംവിധായകന്‍ ബ്ലസിയുമായി ചേര്‍ന്ന് ചിത്രം നിര്‍മിക്കുമെന്നാണ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ബ്ലസി തന്നെ ഇത് സാധ്യമല്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രമൊരുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട് പോയിരിക്കുകയാണ് അദ്ദേഹം.
അബ്ദുള്‍ റഹീമിന്റെ കഥ സിനിമയാക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ചിലര്‍ അത് അനാവശ്യ വിവാദത്തിലേയ്ക്ക് നയിച്ചെന്നും സിനിമയിലൂടെ ചാരിറ്റി ആണ് ഉദ്ദേശിച്ചതെന്നും ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. റഹീമിന്റെ കഥ സിനിമയാക്കുന്നതില്‍ നിന്ന് താന്‍ പിന്മാറാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് താന്‍ സംവിധായകന്‍ ബ്ലെസിയുമായി സംസാരിച്ചെന്നും ഉടന്‍ സിനിമയാക്കുമെന്നും ബോചെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഈ ഓഫര്‍ തനിക്ക് അത്ര പോസിറ്റിവ് ആയി തോന്നിയില്ലെന്നും ആടുജീവിതം പോലെയൊരു സിനിമ എടുക്കാന്‍ ഇല്ലെന്നും പറഞ്ഞ ബ്ലെസി അതില്‍ നിന്ന് പിന്മാറിയിരുന്നു.
അതിന് പുറമെ യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ കാര്യവും ബോബി ചെമ്മണൂര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. നിമിഷപ്രിയയുടെ കേസിനെ കുറിച്ച് പൂര്‍ണമായും പഠിച്ചു വരികയാണ്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ മുഴുവന്‍ തുക നല്‍കാനോ, സമാഹരണം നടത്താനോ താന്‍ തയ്യാറാണെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി.
‘ഞാന്‍ അതിനെ കുറിച്ച് പഠിച്ചപ്പോള്‍ രണ്ട് റിപ്പോര്‍ട്ടാണ് വരുന്നത്. ഒന്ന് ഇവര്‍ മനഃപൂര്‍വം കെ ാലപാതകം നടത്തിയെന്നും മറ്റൊരു വിഭാഗം നടത്തിയില്ല എന്നുമാണ് പറയുന്നത്. അതിന് പല കാരണങ്ങളും പറയുന്നുമുണ്ട്. അതിലൊരു ബോധ്യം ഉണ്ടായാല്‍ തീര്‍ച്ചയായും അവരെയും രക്ഷിക്കും’ എന്നും ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തോടും ബോബി ചെമ്മണൂര്‍ പ്രതികരിച്ചു. ‘ഭാവിയിലും ഇല്ല, മുന്‍പ് അവസരം കിട്ടിയപ്പോഴും ഉണ്ടായിട്ടില്ല. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ അന്ന് ഓടിയിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമീപിച്ചിരുന്നു.അന്ന് നിന്നെങ്കിലും എന്നേ മന്ത്രിയായിട്ടുണ്ടാവുമായിരുന്നു’ ബോ.ചെ തമാശ രൂപേണ പറഞ്ഞു.
‘ഞാന്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. എല്ലാ പാര്‍ട്ടിയുമായും നല്ല അടുപ്പമാണ്. മന്ത്രിയാവില്ല, സിനിമയില്‍ അഭിനയിക്കില്ല, ജാതി മതങ്ങളില്ല, ജാതി മനുഷ്യജാതിമതം സ്‌നേഹം. അതുകൊണ്ടെനിക്ക് വേറെ കൊറേ കാര്യങ്ങള്‍ ഒക്കെ ചെയ്യാനുണ്ട്. ആര് ജയിച്ചാലും തോറ്റാലും എനിക്കൊന്നും തോന്നാറില്ല. വോട്ട് ചെയ്യാത്തത് തെറ്റാണു, പല തെറ്റുകളില്‍ ഒന്നാണ് അതും. മനുഷ്യനല്ലേ, എന്ന് വച്ച് അതിനെ ന്യായീകരിക്കുന്നില്ല. ചെയ്യാന്‍ ശ്രമിക്കും’ എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
