Malayalam
ആര്‍ക്ക് വേണ്ടിയാണ്? ആരാണ് രാത്രികാലങ്ങളിലൊക്കെ ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്, മറുപടി കിട്ടിയേ പറ്റൂ; ഭാഗ്യലക്ഷ്മി
ആര്‍ക്ക് വേണ്ടിയാണ്? ആരാണ് രാത്രികാലങ്ങളിലൊക്കെ ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്, മറുപടി കിട്ടിയേ പറ്റൂ; ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ തെളിവായ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലാണ് തിരിമറി നടന്നതായി സംശയിക്കുന്നത്. അതിജീവിതയുടെ പരാതിയിലാണ് ഹൈക്കോടതി വിധി. ഹൈക്കോടതി ഉത്തരവ് വളരെ അധികം പ്രതീക്ഷ നല്‍കുന്നതാണ് എന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
”കോടതിയോടുളള വിശ്വാസം കൂടുകയാണ്. എന്തോ നടന്നിട്ടുണ്ട് എന്ന് കോടതിക്ക് ഉത്തമ ബോധ്യം ഉളളത് കൊണ്ടാണ് ഇതില്‍ അന്വേഷണം വേണമെന്ന് ഉത്തവിട്ടിരിക്കുന്നത്. ഇത് ആര്‍ക്ക് വേണ്ടിയാണ്? ആരാണ് രാത്രികാലങ്ങളിലൊക്കെ ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. ആരുടെ ഫോണാണ് ഈ വിവോ ഫോണാണിത്? കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാര്‍ഡ് പുറത്തെടുത്ത് മൂന്നിടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നിലുളള ശക്തി ആരാണ്.
ഇതൊക്കെ ചോദ്യങ്ങളാണ്. ഇതിനൊക്കെ മറുപടി വേണം എന്നാണ് കോടതി പറഞ്ഞത്. ഇതൊക്കെ ഞങ്ങളുടെ ആവശ്യമായിരുന്നു ഇത്രയും നാള്‍. ഇപ്പോള്‍ കോടതിയുടെ ആവശ്യമായി വന്നിരിക്കുകയാണ്. അതിജീവിതയുടെ മാത്രം ചോദ്യമല്ല ഇത്. അവര്‍ക്ക് വേണ്ടി നില്‍ക്കുന്ന ഞങ്ങള്‍ ഓരോ സ്ത്രീകളുടേയും ചോദ്യമാണ്. പൈസയും സ്വാധീനവും കൊണ്ട് ആരാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. അതിന് മറുപടി കിട്ടിയേ പറ്റൂ. അതില്‍ സന്തോഷമുണ്ട്”, ഭാഗ്യലക്ഷ്മി പറഞ്ഞു.
തങ്ങള്‍ കൊടുത്ത കേസിലെ എല്ലാ കാര്യങ്ങളും പൂര്‍ണമായും നേടിയെടുത്തു എന്നുളളത് സന്തോഷമുളള കാര്യമാണെന്ന് അഡ്വക്കേറ്റ് ടിബി മിനി പ്രതികരിച്ചു. ”കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് കൊടുക്കാന്‍ നിന്ന സമയത്താണ് ഈ കേസ് ഫയല്‍ ചെയ്യുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കായുളള അവകാശത്തിന് വേണ്ടിയുളള പോരാട്ടമാണ്” എന്നും ടിബി മിനി പറഞ്ഞു.
കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് നിര്‍മ്മാതാവും ദിലീപ് അനുകൂലിയുമായ സജി നന്ത്യാട്ട് പറഞ്ഞു. ”മെമ്മറി കാര്‍ഡിന്റെ കസ്‌റ്റോഡയിന്‍ കോടതിയാണ്. അത് ട്രഷറിയില്‍ ആണ് സൂക്ഷിക്കുന്നത്. അവിടെ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നറിയണം. പ്രതികള്‍ക്ക് അത് ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. എന്താണ് അവിടെ നടന്നത് എന്നതിനെ കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണം.
ഹാഷ് വാല്യു മാറി എന്ന് കോടതി പറഞ്ഞിട്ടില്ല. ഹാഷ് വാല്യു മാറിയോ എന്നതിനെ കുറിച്ച് അന്വേഷണം നടത്താനാണ് പറഞ്ഞിരിക്കുന്നത്. പറയുന്നതില്‍ കഴമ്പുണ്ടോ എന്നറിയണം. ഹാഷ് വാല്യൂ മാറി എന്ന് അതിജീവിത പറഞ്ഞു. അപ്പോള്‍ അത് അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുക്കാനാണ് കോടതി പറഞ്ഞത്”, എന്നുമാണ് സജി നന്ത്യാട്ട് കൂട്ടിച്ചേര്‍ത്തത്.
ജില്ലാ സെഷന്‍സ് ജഡ്ജി ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. അതിജീവിതയുടെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. കോടതിക്ക് ആവശ്യമെങ്കില്‍ പൊലിസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടാമെന്നും ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് കെ ബാബു നിര്‍ദ്ദേശിച്ചു. അതിജീവിതയ്ക്ക് വാദങ്ങള്‍ വിചാരണ കോടതിയെ ധരിപ്പിക്കാം.
അന്വേഷണം വേണമെന്ന അതിജീവിതയുടെ പരാതി അനുവദിച്ചാണ് ഉത്തരവ്. വിചാരണ നീട്ടാനുള്ള തന്ത്രമാണെന്ന ദിലീപിന്റെ വാദം കോടതി തള്ളി. പ്രതിയുടെ അവകാശത്തേക്കാള്‍ വലുതാണ് ഇരയുടെ സ്വകാര്യതയെന്ന് കോടതി വ്യക്തമാക്കി. എതിര്‍പ്പ് പരാതിക്കാരന് മാത്രമാണന്നും കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു.
അങ്കമാലി സി ജെ എം കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ഡിസംബര്‍ 13നും മെമ്മറി കാര്‍ഡിലെ ദ്യശ്യങ്ങള്‍ പരിശോധിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യുവാണ് മാറിയതെന്നും ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നുമാണ് ദിലിപിന്റെ വാദം. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നേരത്തെ തള്ളിയിരുന്നു.
കോടതിയുടെ പരിഗണനയിലുള്ള ഈ മെമ്മറി കാര്‍ഡില്‍ എട്ട് ഫയലുകളാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനി തനിക്കെതിരെ നടത്തിയ ക്രൂരതയുടെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ അടങ്ങിയ ഈ മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നാല്‍, തന്റെ സ്വകാര്യ ജീവിതത്തെയും സുരക്ഷയേയും അത് ബാധിക്കുമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.