Actor
ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല, അവർ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകൾ ബോളിവുഡിനെ പരിഹസിക്കാൻ തുടങ്ങുന്നത് നല്ലതല്ല; യാഷ്
ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല, അവർ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകൾ ബോളിവുഡിനെ പരിഹസിക്കാൻ തുടങ്ങുന്നത് നല്ലതല്ല; യാഷ്
ദക്ഷിണേന്ത്യൻ സിനിമകൾ ഈ വർഷം ബോളിവുഡിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ ആളുകൾ ബോളിവുഡിനെ അനാദരിക്കരുതെന്ന് നടൻ യാഷ്. ഹിന്ദി മേഖലകളില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച കെജിഎഫ് 2, കാന്താര തുടങ്ങിയ സിനിമകളുടെ വിജയത്തിന്‍റെ ഉദാഹരണം ഉദ്ധരിച്ച്, ഇത് ഒരു ഘട്ടം മാത്രമാണെന്നും ഇത് ബോളിവുഡ് സിനിമാ വ്യവസായത്തെ മോശമായി കാണാന്‍ ഒരു കാരണമല്ലെന്നും കെജിഎഫ് താരം പറഞ്ഞു.
ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കർണ്ണാടകയിലെ ജനങ്ങൾ മറ്റൊരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എല്ലാവരും ഞങ്ങളോട് ഒരേ രീതിയിൽ പെരുമാറിയപ്പോൾ ഞങ്ങളും ഇതേ പ്രശ്‌നത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. ആ ബഹുമാനം ലഭിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനുശേഷം, നമുക്ക് ആരെയും ആനാദരിക്കാന്‍ ആകില്ല. നമ്മൾ എല്ലാവരെയും ബഹുമാനിക്കണം. ബോളിവുഡിനെ ബഹുമാനിക്കുക. ഈ വടക്കും തെക്കും എന്ന വിവേചനം പാടില്ല’
‘അവർ ഒന്നുമല്ല എന്ന് പറഞ്ഞ് ആളുകൾ ബോളിവുഡിനെ പരിഹസിക്കാൻ തുടങ്ങുന്നത് നല്ലതല്ല. അതൊരു ഘട്ടം മാത്രമാണ്. അവർ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്” ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ കെജിഎഫ് 2വിലെ നായകന്‍ കൂട്ടിച്ചേർത്തു.
യാഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസിൽ മെഗാ വിജയമായിരുന്നു. ആഗോള ബോക്‌സ് ഓഫീസിൽ ഇത് 1000 കോടിയിലധികം നേടി. ലോകമെമ്പാടുമായി 10,000 സ്‌ക്രീനുകളിൽ റിലീസ് ചെയ്തു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തു. ഒരു കന്നഡ സിനിമയുടെ എക്കാലത്തെയും വലിയ റിലീസായിരുന്നു ഇത്.