Connect with us

പഞ്ചാബി ഹൗസില്‍ ഇമോഷണലാവുന്നൊരു സീന്‍ എനിക്കും ഉണ്ടായിരുന്നു; ഹരിശ്രീ അശോകന്‍

Malayalam

പഞ്ചാബി ഹൗസില്‍ ഇമോഷണലാവുന്നൊരു സീന്‍ എനിക്കും ഉണ്ടായിരുന്നു; ഹരിശ്രീ അശോകന്‍

പഞ്ചാബി ഹൗസില്‍ ഇമോഷണലാവുന്നൊരു സീന്‍ എനിക്കും ഉണ്ടായിരുന്നു; ഹരിശ്രീ അശോകന്‍

മലയാളികളുടെ പ്രിയപ്പെട്ട, മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോയാണ് ദിലീപ്- ഹരിശ്രീ അശോകന്‍. പറക്കും തളിക, സിഐഡി മൂസ, പഞ്ചാബി ഹൗസ് എന്നീ സിനിമകളിലെല്ലാം ഇവരുടെ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാകും. ഇപ്പോഴും പഞ്ചാബി ഹൗസിലെ സിനിമയിലെ ഡയലോഗുകള്‍ തമാശരൂപേണ അവതരിപ്പിക്കപ്പെടുകയാണ്.

തന്റെ വീട്ടിലും രമണന്റെ ഡയലോഗുകള്‍ പലപ്പോഴും സംസാരത്തിനിടയില്‍ വരാറുണ്ടെന്നാണ് അശോകനിപ്പോള്‍ പറയുന്നത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. പഞ്ചാബി ഹൗസിലെ ഡയലോഗുകളും പ്രൊപ്പര്‍ട്ടിയും വരെ ഹിറ്റായ കാലമായിരുന്നു. സിനിമയിലെ അലക്ക് കല്ല് സെറ്റില്‍ നിര്‍മ്മിച്ചതാണ്.

ഇപ്പോഴും അത് ചേര്‍ത്തലയിലെ തരകന്‍ ഫാമിലിയിലുണ്ട്. ഞാന്‍ പോയി കണ്ടിട്ടുണ്ട്. പഞ്ചാബി ഹൗസിലെ ഡയലോഗുകളെല്ലാം ഇപ്പോഴും ആളുകള്‍ക്ക് മനപ്പാഠമാണ്. എന്തെങ്കിലും ഒരു വിഷമം ഉണ്ടാവുമ്പോള്‍ ആളുകള്‍ ആദ്യം ചോദിക്കുന്നത് എന്തുപറ്റി രമണാ എന്നാണ്.
വീട്ടില്‍ എന്റെ ഭാര്യയും എന്നോട് ഇങ്ങനെ ചോദിക്കാറുണ്ട്.

എന്തുപറ്റി രമണാ, എന്താണ് രമണാ മിണ്ടാതിരിക്കുന്നത് എന്നൊക്കെ ചോദിക്കും. അപ്പോള്‍ ഞാന്‍ നഹി നഹി എന്ന് പറയുമെന്ന് നടന്‍ തമാശരൂപണേ പറയുന്നു. അതേ സമയം പഞ്ചാബി ഹൗസിന്റെ സ്‌ക്രിപ്റ്റിന്റെ മുക്കാല്‍ ഭാഗം മാത്രമേ സിനിമ ആയിട്ടുള്ളൂ. അതില്‍ മാറ്റിവെച്ച സ്‌ക്രിപ്റ്റും കോമഡിയും ഉണ്ടെങ്കില്‍ പഞ്ചാബി ഹൗസ് പോലെ രണ്ട് സിനിമ ചെയ്യാമെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

ഈ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ സ്ഥിരമായി കോമഡി കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടിരുന്ന കാലമാണ്. അന്നൊരു ഇമോഷണല്‍ കഥാപാത്രം കിട്ടാനും അതല്ലെങ്കില്‍ അത്തരത്തിലൊരു ഡയലോഗ് കിട്ടാനുമൊക്കെ ഒത്തിരി കൊതിച്ചിരുന്നു. മാത്രമല്ല പഞ്ചാബി ഹൗസില്‍ അത്തരത്തില്‍ എനിക്ക് ഇമോഷണല്‍ സീന്‍ ലഭിച്ചെങ്കിലും പിന്നീട് അത് കട്ട് ചെയ്ത് കളയുകയായിരുന്നു. ഞാന്‍ മുന്‍പ് പലപ്പോഴും ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്.

പഞ്ചാബി ഹൗസില്‍ ഇമോഷണലാവുന്നൊരു സീന്‍ എനിക്കും ഉണ്ടായിരുന്നു. ദിലീപ് എന്റെ അടുത്ത് വന്നിട്ട് രമണാ നിനക്ക് എന്നോട് ദേഷ്യമുണ്ടോന്ന് ചോദിക്കും. എനിക്കെന്തിനാണ് ദേഷ്യം. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ച് തരുന്നവനാണ് രമണന്‍ എന്ന് പറയുന്നതാണ് സീന്‍. പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ആ സീന്‍ കട്ട് ചെയ്ത് കളഞ്ഞു. ഞാന്‍ റാഫിയോട് ചോദിച്ചിരുന്നു എന്തിനാണ് സീന്‍ കട്ട് ചെയ്തത് എന്ന്.

റാഫി പറഞ്ഞ മറുപടി സിനിമയില്‍ മുഴുവന്‍ ചിരിപ്പിക്കുന്ന കോമഡി ചെയ്യുന്ന ഒരു കഥാപാത്രം കരഞ്ഞാല്‍ അത് സിനിമയെ ബാധിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പടം ഓടി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു അത് ഇനി ഇട്ടൂടെ എന്ന്. അപ്പോള്‍ റാഫി പറഞ്ഞത് ഇനി ഇട്ടാല്‍ അശോകനെ ആളുകള്‍ കണ്ണ് വയ്ക്കും എന്നായിരുന്നു. അതുപോലെ ഒരുപാട് കോമഡികള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു.

അതില്‍ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയ പല കോമഡികളും പിന്നീട് വന്ന മറ്റ് പല സിനിമകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഹനീഫിക്ക ഉണ്ടായിരുന്നെങ്കില്‍ അതിനൊരു സെക്കന്‍ഡ് പാര്‍ട്ട് ചിലപ്പോള്‍ സംഭവിച്ചേനെ. പറയാന്‍ പറ്റില്ല വേറെ ഏതെങ്കിലും ഒരു ആംഗിളില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം. ഹനീഫിക്ക ആയിരിന്നു അതിന്റെ മെയിന്‍ കഥാപാത്രം. അത് ചെയ്യാന്‍ അദ്ദേഹം തന്നെ വരണം. ഹനീഫിക്ക ഇല്ലാതെ ആ സിനിമ ചെയ്യാന്‍ എന്തായാലും സാധ്യതയില്ല.

ദിലീപും ഞാനും ഉള്ള കോമ്പിനേഷന്‍ എപ്പോഴും ഹിറ്റ് തന്നെയായിരുന്നു. പ്രൊഡ്യൂസര്‍ മുതല്‍ ചായ തരുന്ന ആള് വരെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുമ്പോഴാണ് ഒരു സിനിമ ഹിറ്റ് ആവുന്നത്. ദിലീപ് ചെറിയ കോമഡി കേട്ടാലും ചിരിക്കുന്ന ആളാണ്. അവന് ചിരി അടക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ചെറിയ തമാശ കിട്ടിയാലും വളരെ ആസ്വദിക്കും. ഞാന്‍ ദിലീപിന്റെ മുഖത്തു നോക്കാതെയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top