Tamil
വിജയ്‌യെ അനുകരിച്ചതല്ല, എന്റെ കൈവശം വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് സൈക്കിളില്‍ വന്നത്; വിശദീകരണവുമായി വിശാല്‍
വിജയ്‌യെ അനുകരിച്ചതല്ല, എന്റെ കൈവശം വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് സൈക്കിളില്‍ വന്നത്; വിശദീകരണവുമായി വിശാല്‍
തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിടാന്‍ സൈക്കിളില്‍ വന്നതിന് പിന്നാലെ നടന്‍ വിശാലിന് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്ന സംഭവത്തെ വിശാല്‍ അനുകരിച്ചതാണ് എന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിശാല്‍.
താന്‍ വിജയ്‌യെ അനുകരിച്ചതല്ല. തന്റെ കൈവശം വാഹനങ്ങള്‍ ഇല്ലാത്തതു കൊണ്ടും സൈക്കിളില്‍ യാത്ര ചെയ്യാന്‍ താല്പര്യമുള്ളത് കൊണ്ടുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൈക്കിളില്‍ വന്നത് എന്നുമാണ് വിശാല്‍ പറഞ്ഞത്. പുതിയ ചിത്രമായ രത്‌നത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് നടന്റെ പ്രതികരണം.
‘വിജയ് സൈക്കിളില്‍ പോയത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് അനുകരിച്ചതല്ല. സത്യമായും എന്റെ കയ്യില്‍ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വര്‍ഷത്തില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ മാറ്റാന്‍ എന്റെ കയ്യില്‍ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കില്‍ ഞാന്‍ സൈക്കിളില്‍ പോയി വോട്ട് ചെയ്തു.
ഒരിക്കല്‍ കാരക്കുടിയില്‍ നിന്ന് തിരിച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാന്‍ സൈക്കിളില്‍ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവന്‍ ശങ്കര്‍ രാജയുടെയും പാട്ടുകള്‍ കേട്ടുകൊണ്ട് സൈക്കിള്‍ ചവിട്ടി പോകുന്നത് എന്നെ സംബന്ധിച്ചോളം സ്‌ട്രെസ് കുറയ്ക്കുന്ന കാര്യമാണ്,’ എന്ന് വിശാല്‍ പറഞ്ഞു.
അതേസമയം രത്‌നം ഈ മാസം 26 ന് റിലീസ് ചെയ്യും. ഹരി സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രിയ ഭവാനി ശങ്കര്‍ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോന്‍, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം എം. സുകുമാര്‍. കനല്‍കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, ദിലീപ് സുബ്ബരയ്യന്‍, വിക്കി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
സംഗീതം ദേവി ശ്രീ പ്രസാദ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.