Actor
ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ കൈയിലുണ്ടായിരുന്നു; സമാധാനമാണ് വലുത്; നടന്‍ വിക്രാന്ത് മാസി
ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ കൈയിലുണ്ടായിരുന്നു; സമാധാനമാണ് വലുത്; നടന്‍ വിക്രാന്ത് മാസി
ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍. ഈ ചിത്രം നായകനായ വിക്രാന്ത് മാസിയുടെ കരിയറിലും വഴിത്തിരിവുണ്ടാക്കി. ടെലിവിഷനിലൂടെ സിനിമയിലെത്തിയ താരം താന്‍ പിന്നിട്ട വഴികളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.
2007 ലാണ് വിക്രാന്ത് മാസി ടെലിവിഷനില്‍ തുടക്കം കുറിക്കുന്നത്. ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള വിക്രാന്ത് തിരക്കുള്ള നടനായിരുന്നു. മുന്നോട്ട് പോകുന്തോറും തനിക്ക് ടെലിവിഷന്‍ മടുത്തുവെന്ന് പറയുകയാണ് താരം. സിനിമയ്ക്കുവേണ്ടി ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ താന്‍ ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു.
‘ടെലിവിഷനില്‍ നിന്ന് എനിക്ക് നല്ല വരുമാനം ലഭിച്ചിരുന്നു. 24ാം വയസില്‍ സ്വന്തമായി വീട് വാങ്ങി. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അഭിനയിക്കുന്ന പരമ്പരകളിലെ മോശം ഉള്ളടക്കം എന്നെ മടുപ്പിച്ചുതുടങ്ങി. സാമ്പത്തികമായി ഭദ്രമാകുമ്പോഴും എനിക്ക് നന്നായി ഉറങ്ങാനായില്ല. അഭിനയത്തില്‍ പുതിയ മേഖലകള്‍ തേടണമെന്ന ആഗ്രഹം കൂടിവന്നപ്പോഴാണ് സിനിമയ്ക്കുവേണ്ടി ടെലിവിഷന്‍ മേഖല വിട്ടത്. അതുവരെയുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതിന് ശേഷമാണ് ജീവിതത്തിലെ ഈ നിര്‍ണായക തീരുമാനം എടുത്തത്.
സിനിമയിലൂടെ പുതിയതായി ആരംഭിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. പ്രതിമാസം 35 ലക്ഷം ഒക്കെ സമ്പാദിക്കുന്നുണ്ടായിരുന്നു. ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ കൈയിലുണ്ടായിരുന്നു. നല്ല ജോലി ചെയ്യാനും സമാധാനം കണ്ടെത്താനും ഞാന്‍ തീരുമാനിക്കുകയായിരുന്നു’, വിക്രാന്ത് മാസി പറഞ്ഞു. സിനിമകളുടെ ഓഡിഷനുകള്‍ക്ക് പോകാന്‍ ഭാര്യ പണം തന്ന് സഹായിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷം ബോളിവുഡില്‍ സംഭവിച്ച സൈലന്റ് ഹിറ്റ് ആയിരുന്നു 12ത് ഫെയില്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളിലും ചിത്രം സാന്നിധ്യമറിയിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, ബെസ്റ്റ് ആക്ടര്‍ ക്രിട്ടിക്‌സ് വിഭാഗങ്ങളില്‍ ചിത്രം പുരസ്‌കാരങ്ങള്‍ നേടി.