ആംബുലന്‍സില്‍ എന്റെ പടവും വെച്ച് പോവുന്നൊരു രംഗമുണ്ട് അത് കട്ട് ചെയ്താണ് പോസ്റ്റാക്കിയത്; മകനാണ് ഇത് വിളിച്ച് അറിയിച്ചത് മരണവാർത്ത പ്രചരിച്ചതിനെക്കുറിച്ച് വിജയരാഘവൻ!
മലയാളികളുടെ ഇഷ്ട നടനാണ് വിജയരാഘവൻ. ഇതിനോടകം നിരവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചത്.
വില്ലനായി അഭിനയിച്ച് പിന്നീട് സ്വഭാവിക കഥാപാത്രങ്ങളും ചെയ്യുകയായിരുന്നു അദ്ദേഹം. പൂക്കാലം എന്ന ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ് അദ്ദേഹം. ഞാന്‍ ആസ്വദിച്ച് ചെയ്ത ക്യാരക്ടറാണ്. ഇനി പ്രേക്ഷകരാണ് സിനിമയെക്കുറിച്ച് അഭിപ്രായം പറയേണ്ടതെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
അഭിനയം ഞാന്‍ ആസ്വദിച്ച് ചെയ്യുന്നതാണ്. മൂന്നാല് മണിക്കൂറെടുത്താണ് മേക്കപ്പ് പൂര്‍ത്തിയാക്കുന്നത്. ജ്യൂസ് മാത്രമേ കുടിക്കാറുള്ളൂ ഈ സമയത്ത്. അഭിനയം എനിക്കൊരു ജോലിയോ ഭാരമോ അല്ല. ഇതില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. പൈസ മാത്രമല്ല പ്രധാനം. കുട്ടിക്കാലം മുതലേ ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്.
ഡിഗ്രി പൂര്‍ത്തിയാക്കാതെ അഭിനയിക്കാന്‍ വിടില്ലെന്നായിരുന്നു അച്ഛന്‍ ആദ്യം പറഞ്ഞത്. പിന്നെ അച്ഛന് മനസിലായി അതിലൊന്നും ഇവന്‍ നില്‍ക്കില്ലെന്ന്. പഠിച്ചിട്ട് എന്താ ഉദ്ദേശമെന്ന് എന്നോട് ചോദിച്ചിരുന്നു. അതിനിടയിലാണ് ഒരു നാടകം എഴുതുന്നുണ്ടെന്നും അതില്‍ നിനക്കൊരു ക്യാരക്ടറുണ്ടെന്നും പറഞ്ഞത്.
സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ സിനിമ മാസികകളുടെ ആളുകള്‍ വരും. അവര് വന്ന് എല്ലാവരെയും നിര്‍ത്തി ഫോട്ടോ ഒക്കെ എടുക്കുന്നു. പത്രങ്ങളില്‍ ഫോട്ടോ വരിക എന്നുള്ളത് വലിയ കാര്യമാണ്. ഫ്രണ്ട് പേജില്‍ ഫോട്ടോ വന്നു എന്നൊക്കെ പറയുന്നത് വലിയ കാര്യമാണ്. ഇപ്പോഴത്തെ ടീസര്‍ ഇറക്കുന്നത് പോലെ അന്ന് സിനിമയെക്കുറിച്ച് ആദ്യം വാര്‍ത്ത വരും. പിന്നെ മറ്റ് വിശേഷങ്ങളും കൊടുക്കും.
ഞാന്‍ മരിച്ചു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ ന്യൂസ് പ്രചരിച്ചിരുന്നു. എന്റെ മോനാണ് എന്നെ വിളിച്ച് ഇതേക്കുറിച്ച് പറഞ്ഞത്. രാമലീല എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു ഞാന്‍. ആംബുലന്‍സില്‍ എന്റെ പടവും വെച്ച് പോവുന്നൊരു രംഗമുണ്ട്. അത് കട്ട് ചെയ്താണ് പോസ്റ്റാക്കിയത്. അത് ചെയ്തവന് സന്തോഷമായിരിക്കും.
അങ്ങനെയുള്ള മനോരോഗമുള്ളവര്‍ റിലീസ് ചെയ്ത അന്ന് സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും. സിനിമ വലിയൊരു ഇന്‍ഡസ്ട്രിയാണ്. ഒരാളുടെ നെഗറ്റീവ് കമന്റില്‍ തളരേണ്ടതല്ല അത്. സിനിമയെക്കുറിച്ച് അറിയാവുന്നവര്‍ വേണം പറയാന്‍. സോഷ്യല്‍മീഡിയയെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതില്‍ ഞാന്‍ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലല്ലോ.