Malayalam
സന്ദേശം കണ്ടാല്‍ ഇനിയും ഞാന്‍ ചിരിച്ച് മറിയും; ശ്രീനിവാസന്റെ ഇന്റര്‍വ്യൂ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കുറിപ്പ്
സന്ദേശം കണ്ടാല്‍ ഇനിയും ഞാന്‍ ചിരിച്ച് മറിയും; ശ്രീനിവാസന്റെ ഇന്റര്‍വ്യൂ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കുറിപ്പ്
കഴിഞ്ഞ കുറച്ച ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ശ്രീനിവാസന്റെ വാക്കുകള്‍ വലിയ ചര്‍ച്ചകളിലേയ്ക്ക് വഴിതെളിച്ചത്. കോളജ് കാലത്ത് താന്‍ കെഎസ്‌യുവും പിന്നീട് എബിവിപിയും ആയിരുന്നെന്ന് വ്യക്തമാക്കുന്ന അഭിമുഖമാണിത്. സന്ദേശം എന്ന സിനിമയുടെ അരാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചുള്ള ചര്‍ച്ച ഒരിക്കല്‍ക്കൂടി അതു സജീവമാക്കി.
ഉള്ളിലെ വലതുരാഷ്ട്രീയം പരോക്ഷമായി കടത്തിവിട്ടാണ്, ശ്രീനിവാസന്‍ സന്ദേശം എഴുതിയത് എന്നാണ് ഇടതു പ്രൊഫൈലുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സന്ദേശത്തെ മറ്റൊരു രീതിയില്‍ നോക്കിക്കാണുകയാണ് എഴുത്തുകാരന്‍ മനോജ് കുറൂര്‍ കുറിപ്പില്‍. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം
പൂര്‍ണ രൂപം ഇങ്ങനെ;
സന്ദേശം സിനിമ കണ്ടാല്‍ ആളുകള്‍ ഇപ്പോഴും ചിരിക്കും. കാരണമെന്താണെന്നോ? തങ്ങള്‍ക്കു ചിരപരിചിതമായ സാമൂഹിക കുടുംബസന്ദര്‍ഭങ്ങളെയും നേതാക്കന്മാരുടെ പ്രസംഗങ്ങളെയും രാഷ്ട്രീയവിശകലനങ്ങളെയും ഒക്കെ അത് മുമ്പില്‍ത്തന്നെ കൊണ്ടുവന്നു നിര്‍ത്തും. ഇക്കാലത്തും പ്രായോഗികരാഷ്ട്രീയരംഗത്തു വലിയ വ്യത്യാസമൊന്നുമില്ലല്ലൊ എന്ന് അവരോര്‍ക്കും.
ആ ചിരി കാണുമ്പോള്‍ ചിലര്‍ക്കു പൊള്ളും. ആര്‍ക്കാണെന്നോ? ഇപ്പോഴും തങ്ങളുടെ സ്വന്തം നേതാക്കന്മാര്‍ എന്തു ചെയ്താലും അതിനെയൊക്കെ ന്യായീകരിക്കുകയും അതേ കാര്യം മറ്റുള്ളവര്‍ ചെയ്താല്‍ പരിഹസിക്കുകയും ചെയ്യാന്‍ ഒരുളുപ്പുമില്ലാത്ത തനി പ്രായോഗികരാഷ്ട്രീയപ്രചാരകര്‍ക്ക്. സ്വയം വെളിപ്പെട്ടുപോകുന്നതിന്റെ ഒരു ചമ്മലാണ്. കാര്യമാക്കാനില്ല.
സന്ദേശത്തിലെ അച്ഛന്‍ കഥാപാത്രത്തിന് രാഷ്ട്രീയവിരോധമൊന്നുമില്ല. അയാള്‍ ആദ്യം മക്കളെച്ചൊല്ലി അഭിമാനിച്ചതാണ്. പക്ഷേ മക്കള്‍ സമ്മതിക്കണ്ടേ? അവരുടെ ഉപരിപ്ലവരാഷ്ട്രീയമാണ് അയാളെ നട്ടംതിരിച്ചുകളഞ്ഞത്. ‘രാഷ്ട്രീയ സാക്ഷരത’ കുറവുള്ള ആ പാവം മനുഷ്യനു മക്കളില്‍നിന്നു കിട്ടിയ രാഷ്ട്രീയബോധം ഇങ്ങനെയാവുമ്പോള്‍ അയാള്‍ രാഷ്ട്രീയവിരോധി ആയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ?
അവരുടെ കപടവും പരിഹാസ്യവുമായ രാഷ്ട്രീയമല്ല സമൂഹത്തിനാവശ്യമെന്നതാണ് സന്ദേശം സിനിമയുടെ സന്ദേശം. കുറേക്കൂടി സെന്‍സിബിള്‍ ആയ രാഷ്ട്രീയബോധത്തിന്റെ ആവശ്യകതയിലാണ് അത് ഊന്നുന്നത്. അല്ലാതെ സന്ദേശം ഒരു അരാഷ്ട്രീയസിനിമയൊന്നുമല്ല.
ശ്രീനിവാസന്‍ ‘ഏബിവിപി’ ആയിരുന്നു എന്നു ‘സ്വയം പ്രഖ്യാപിക്കുന്ന ‘ ആ വീഡിയോ ഞാനും കണ്ടു.
‘അച്ഛന്‍ കമ്യൂണിസ്റ്റ് ആയിരുന്നു. അമ്മയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ എല്ലാവരും കോണ്‍ഗ്രസ്. ഞാന്‍ കോളേജില്‍ ആദ്യം കെ എസ് യു. പിന്നെ ഒരു സുഹൃത്ത് ബ്രെയിന്‍ വാഷ് ചെയ്തപ്പോള്‍ എബിവിപി ആയി. കൈയില്‍ രാഖിയും കെട്ടി നാട്ടിലെത്തി…
അന്നൊന്നും എനിക്ക് ഒരു ബോധവുമില്ലായിരുന്നു’ എന്നൊക്കെ കേട്ടാല്‍ മനസ്സിലാവില്ലേ അന്നത്തെ ആ രാഷ്ട്രീയബോധത്തെയാണു സ്വയം കളിയാക്കുന്നതെന്ന്? അതേ ഉപരിപ്ലവമായ രാഷ്ട്രീയബോധത്തെയാണ് സന്ദേശം സിനിമയും പരിഹസിക്കുന്നത്. സന്ദേശം സിനിമ കണ്ടാല്‍ ഇനിയും ഞാന്‍ ചിരിച്ചുമറിയും. ശ്രീനിവാസന്റെ വ്യക്തിപരമായ രാഷ്ട്രീയം എന്തായാലും അത് ആ ചിരിക്ക് ഒരു തടസ്സമാവില്ല.
