News
സമ്മാനം വലിച്ചറിഞ്ഞു, ആരാധകനെ പരസ്യമായി അപമാനിച്ച് ശിവകുമാര്‍, അച്ഛനെ നിലയ്ക്ക് നിര്‍ത്തണം, സൂര്യയോടും കാര്‍ത്തിയോടും ആവശ്യവുമായി സോഷ്യല്‍ മീഡിയ
സമ്മാനം വലിച്ചറിഞ്ഞു, ആരാധകനെ പരസ്യമായി അപമാനിച്ച് ശിവകുമാര്‍, അച്ഛനെ നിലയ്ക്ക് നിര്‍ത്തണം, സൂര്യയോടും കാര്‍ത്തിയോടും ആവശ്യവുമായി സോഷ്യല്‍ മീഡിയ
പലപ്പോഴും ആരാധകര്‍ക്കെതിരെ പ്രകോപിതനാകാറുള്ള നടന്‍ ശിവകുമാറിന്റെ പെരുമാറ്റം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു വയോധികന്‍ നല്‍കിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിയുകയും അദ്ദേഹത്തെ ചീത്തവിളിക്കുകയും ചെയ്ത ശിവകുമാറിനെയാണ് വൈറല്‍ വിഡിയോയില്‍ കാണാന്‍ സാധിക്കുക.
പാഷാ കറുപ്പയ്യ രചിച്ച ‘ഇപ്പിത്താന്‍ ഉരുവാനേന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിക്കായി കാരക്കുടി ശിവഗംഗ ജില്ലയിലെ കണ്ണദാസന്‍ മണി മണ്ഡപത്തില്‍ എത്തിയ ശിവകുമാറിന് വയോധികന്‍ ഷാള്‍ സമ്മാനമായി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് താരം പെട്ടെന്നു പ്രകോപിതനായത്. ശിവകുമാര്‍ പൊടുന്നനെ ഷാള്‍ നിലത്തേക്ക് വലിച്ചെറിഞ്ഞശേഷം നടന്നുപോകുകയായിരുന്നു.
വിഡിയോ വൈറലായതോടെ നടനെതിരെ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ശിവകുമാറിന്റെ മക്കളും സൂപ്പര്‍ താരങ്ങളുമായ സൂര്യയെയും കാര്‍ത്തിയേയും ടാഗ് ചെയ്തും ആളുകള്‍ ഈ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. അച്ഛനെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഇരുവരോടും ആവശ്യപ്പെട്ട വിമര്‍ശകര്‍, ഇത്തരം ആളുകളെ എന്തിനാണ് പൊതുചടങ്ങില്‍ വിളിക്കുന്നതെന്നും ചോദിക്കുന്നു.
എന്നാല്‍ വയോധികനും ശിവകുമാറും അടുത്ത സുഹൃത്തുക്കളാണെന്നും തമാശയ്ക്കാണ് അദ്ദേഹം ഷാള്‍ വലിച്ചെറിഞ്ഞതെന്നും വയോധികന്റെ അടുത്ത ബന്ധു സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. കഴിഞ്ഞ അന്‍പതു വര്‍ഷമായി ഇവര്‍ക്കു പരസ്പരം അറിയാമെന്നും വയോധികന്റെ കുടുംബ പരിപാടികളില്‍ ശിവകുമാര്‍ പങ്കെടുത്തിട്ടുണ്ടെന്നും ബന്ധു പറഞ്ഞു.
ഈ വിഷയം താന്‍ വയോധികനുമായി സംസാരിച്ചെന്നും ശിവകുമാര്‍ ഒരു സുഹൃത്തെന്ന രീതിയിലാണ് ഷാള്‍ വലിച്ചെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞതായും ബന്ധു അറിയിച്ചു. കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും ഇക്കാര്യത്തില്‍ ശിവകുമാര്‍ തെറ്റുചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ ബന്ധു, വയോധികനും ശിവകുമാറുമൊത്തുള്ള പഴയകാല ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
നേരത്തേ ഒരു ചടങ്ങില്‍ സെല്‍ഫി എടുക്കാനെത്തിയ ആരാധകന്റെ ഫോണ്‍ ശിവകുമാര്‍ എറിഞ്ഞുടച്ചത് ഏറെ വാര്‍ത്തയായിരുന്നു. അന്ന് വിമര്‍ശനങ്ങള്‍ കടുത്തതോടെ പരസ്യമായി ക്ഷമാപണം നടത്തുകയും ആരാധകന് ാെരു പുതിയ ഫോണ്‍ തന്നെ വാങ്ങി നല്‍കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ ഇത്തരത്തിലൊരു സംഭവവും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.