എന്റെ മികച്ച പെർഫോമൻസ് വരാനിരിക്കുന്നതേയുള്ളൂയെന്ന് ഞാൻ കരുതുന്നു ; എനിക്കീ യാത്ര അവസാനിപ്പിക്കണമെന്നില്ല; സിമ്രാൻ
തെന്നിന്ത്യയുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് സിമ്രാൻ . സിമ്രാൻ നായികയായ ചിത്രങ്ങള്‍ വൻ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഇന്നും സജീവമായി അഭിനയം തുടരുകയാണ് സിമ്രാൻ.. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം സാന്നിധ്യമറിയിച്ച സിമ്രാൻ അന്നത്തെ തിരക്ക് പിടിച്ച നായിക നടിയായിരുന്നു. അജിത്ത്, വിജയ് തുടങ്ങിയ താരങ്ങളുടെ ഒരുകാലത്തെ ഹിറ്റ് നായികയായിരുന്ന സിമ്രാൻ.
വിജയുടെ കരിയറിലെ വഴിത്തിരിവായ തുള്ളാത മനവും തുള്ളും എന്ന സിനിമയിൽ സിമ്രാനായിരുന്നു നായിക. ‘സൂപ്പർഹിറ്റ് മുഖബല’ എന്ന ടെലിവിഷൻ ഷോയിൽ അവതാരകയായാണ് സിമ്രാൻ വിനോദ ലോകത്തേക്ക് കടന്ന് വരുന്നത്. പിന്നീട് സിനിമാ രംഗത്തെ മുൻനിര നായിക നടിയായി. 2000ത്തിന്റെ തുടക്കത്തോടെ സിമ്രാൻ കരിയറിൽ താഴ്ച സംഭവിച്ചു.തൃഷ, നയൻതാര തുടങ്ങിയ നടിമാരുടെ വരവോടെ സിമ്രാന് അവസരങ്ങൾ കുറഞ്ഞു. അപ്പോഴേക്കും തമിഴ് സിനിമകളിൽ നായികമാർക്ക് പ്രധാന്യവും കുറഞ്ഞിരുന്നു. 2003 ൽ ബാല്യകാല സുഹൃത്തായിരുന്ന ദീപക് ബഗയെ സിമ്രാൻ വിവാഹം കഴിച്ചു.
ഇരുവർക്കും ഇന്ന് രണ്ട് മക്കളുമുണ്ട്. സിനിമകളിൽ വീണ്ടും സജീവമാവുകയാണ് സിമ്രാൻ. മാധവനോടൊപ്പം റോക്കട്രി എന്ന സിനിമയിലാണ് അടുത്തിടെ സിമ്രാൻ ശ്രദ്ധേയ വേഷം ചെയ്തത്.
ഗുൽമോഹർ ആണ് സിമ്രാന്റെ പുതിയ സിനിമ. മനോജ് ബാജ്പേയ്ക്കൊപ്പമാണ് സിമ്രാൻ ഈ സിനിമയിൽ അഭിനയിക്കുന്നത്. ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ സിമ്രാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സിനിമാ കരിയറിനെക്കുറിച്ചും വർഷങ്ങൾ നീണ്ട കരിയറിലെ അനുഭവങ്ങളെക്കുറിച്ചും സിമ്രാൻ സംസാരിച്ചു.
ഞാൻ സിനിമയെ സ്നേഹിക്കുന്നു. 25 വർഷത്തിലേറെയായി ഞാൻ ഈ ഫീൽഡിലുണ്ട്. ആദ്യ സിനിമയായാലും ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന സിനിമയായാലും എന്റെ ബെസ്റ്റ് നൽകുന്നു. എനിക്ക് വ്യത്യസ്തമായ റോളുകൾ ലഭിച്ചു. ഞാൻ ടെലിവിഷനിലാണ് തുടങ്ങിയത്’
‘പിന്നെ സിനിമയിലേക്ക്, പിന്നെ വീണ്ടും ടെലിവിഷനിലേക്ക്. ഇപ്പോൾ ഒടിടിയിലേക്കും. എന്റെ മികച്ച പെർഫോമൻസ് വരാനിരിക്കുന്നതേയുള്ളൂയെന്ന് ഞാൻ കരുതുന്നു. എനിക്കീ യാത്ര അവസാനിപ്പിക്കണമെന്നില്ല. ഈ യാത്ര മനോഹരമാണ്’
ഇന്ന് പാട്ടും ഡാൻസും ഞാൻ മിസ് ചെയ്യുന്നു. കരിയറിൽ എടുത്ത തീരുമാനങ്ങൾ ബോൾഡാണെന്ന് ഞാൻ പറയില്ല. പ്രാക്ടിക്കലാണ്. കഥ ഇഷ്ടമായാൽ ചെയ്യും. എനിക്ക് എന്റെ വർക്ക് കാണുമ്പോൾ സന്തോഷം തോന്നുന്നു. എന്റെ കുട്ടികളെ കാണുമ്പോൾ എനിക്ക് ഊർജം വരും. അവരാണ് തന്റെ ഊർജമെന്നും സിമ്രാൻ പറഞ്ഞു.
മുമ്പ് ഒപ്പമഭിനയിച്ച വിജയ്, അജിത്ത് തുടങ്ങിയവരോടൊപ്പം ഇനി അഭിനയിക്കുമോയെന്ന ചോദ്യത്തിനും നടി മറുപടി നൽകി. ‘തീർച്ചയായും അത് നടക്കും. നല്ല കഥയും സംവിധായകനും ടീമും ഒത്തുവന്നാൽ,’ നടി വ്യക്തമാക്കി.
സിനിമകളിൽ നിന്ന് അവസരം കുറഞ്ഞ സമയത്ത് സിമ്രാൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. ജയ ടിവിയിലെ സിമ്രാൻ തിരെെ, തെലുങ്കിൽ സുന്ദരകാണ്ഡ എന്നീ സീരിയലുകളായിരുന്നു ഇത്. ചില റിയാലിറ്റി ഷോകളിൽ ജഡ്‍ജായും സിമ്രാനെത്തി.
ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ് നടി. ജ്യോതിക, മീന, രമ്യ കൃഷ്ണൻ തുടങ്ങിയ നടിമാർ കരിയറിൽ തിളങ്ങുന്ന സമയത്തായിരുന്നു സിമ്രാനും പ്രശസ്തായത്.