Actor
‘ചിത്ത’ പുരുഷന്മാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി, എന്നാല്‍ ആ ചിത്രം അവര്‍ക്ക് കാണാന്‍ കഴിയും; ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണെന്ന് സിദ്ധാര്‍ത്ഥ്
‘ചിത്ത’ പുരുഷന്മാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കി, എന്നാല്‍ ആ ചിത്രം അവര്‍ക്ക് കാണാന്‍ കഴിയും; ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണെന്ന് സിദ്ധാര്‍ത്ഥ്
നടന്‍ സിദ്ധാര്‍ത്ഥിന്റേതായി 2023 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘ചിത്ത’. അടുത്തിടെ ഒരു പരിപാടിയില്‍ ‘ചിത്ത’യെ കുറിച്ച് സംസാരിക്കവെ രണ്‍ബീര്‍ കപൂറിന്റെ കഴിഞ്ഞവര്‍ഷത്തെ വന്‍ ഹിറ്റായ ‘അനിമല്‍’ എന്ന സിനിമയ്‌ക്കെതിരെ പരോക്ഷമായി നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
നേരിട്ട് അനിമല്‍ എന്ന് പറയാതെ ‘മിരുഗം'(മൃഗം) എന്ന അനിമലിന്റെ തമിഴ് പേരാണ് സിദ്ധാര്‍ത്ഥ് ഉപയോഗിച്ചത്. കൂടാതെ 2023ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രം അസ്വസ്ഥമാക്കി എന്ന് അഭിപ്രായപ്പെട്ടവരെയാണ് സിദ്ധാര്‍ത്ഥ് ഈ വിമര്‍ശനത്തിലൂടെ ഉദ്ദേശിച്ചത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള സന്ദേശവുമായാണ് ചിത്ത എന്ന സിനിമ എത്തിയത്.
‘ഒരു സ്ത്രീയും എന്നെയോ ‘ചിത്ത’ സംവിധായകനെയോ ഈ ചിത്രം അസ്വസ്ഥതയുണ്ടാക്കി എന്ന് പറഞ്ഞ് സമീപിച്ചിട്ടില്ല. എന്നാല്‍ പല പുരുഷന്മാരും ഈ ചിത്രം അസ്വസ്ഥതയുണ്ടാക്കി സമ്മതിച്ചിട്ടുണ്ട്. ഇത്തരം സിനിമകള്‍ കാണില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് ‘മിരുഗം’ (ഇംഗ്ലീഷില്‍ ‘അനിമല്‍’ എന്നര്‍ത്ഥം) എന്ന് ഒരു സിനിമ അവര്‍ക്ക് കാണാന്‍ കഴിയും, പക്ഷേ എന്റെ സിനിമ അവരെ അസ്വസ്ഥരാക്കി. ഇത് അസ്വസ്ഥതയല്ല, നാണക്കേടും കുറ്റബോധവുമാണ്. കുഴപ്പമില്ല, അത് ഉടന്‍ മാറും എന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
എസ് യു അരുണ്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ചിത്ത’ കുട്ടികള്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ഇമോഷണല്‍ ത്രില്ലറാണ്. സിദ്ധാര്‍ത്ഥ്, നിമിഷ സജയന്‍, ബേബി സഹസ്ര ശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതിജീവിതയായ കുട്ടികളോട് എങ്ങനെ പെരുമാറണം, കുടുംബത്തിലുണ്ടാകുന്ന ആഘാതം, അവര്‍ക്ക് എങ്ങനെ പിന്തുണ നല്‍കണം എന്നതിനെക്കുറിച്ചുള്ള വളരെ ആവശ്യമായ സാമൂഹിക സന്ദേശം ഈ ചിത്രം നല്‍കുന്നു. തന്റെ ഹോം ബാനറായ എടാകി എന്റര്‍ടെയ്ന്‍മെന്റില്‍ സിദ്ധാര്‍ത്ഥ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.