Bollywood
പുഷ്പ ഞാന്‍ മൂന്ന് തവണ കണ്ടു, അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി; ഷാരൂഖ് ഖാന്‍
പുഷ്പ ഞാന്‍ മൂന്ന് തവണ കണ്ടു, അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി; ഷാരൂഖ് ഖാന്‍
ഒരാഴ്ച കൊണ്ട് 650 കോടിയിലേറെ കളക്ഷന്‍ നേടിയ അറ്റ്‌ലീയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ‘ജവാന്‍’. ഷാരൂഖ് ഖാനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇതിനിടയില്‍ നടന്‍ അല്ലു അര്‍ജുന്‍ ഷാരൂഖിനെ അഭിനന്ദിച്ചതിന് പിന്നാലെ കിംഗ് ഖാന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.
തന്റെ എക്‌സ് അക്കൗണ്ട് വഴിയാണ് അല്ലു ഷാരൂഖിന് അഭിനന്ദന സന്ദേശം അയച്ചത്. അല്ലുവിന് കിങ് ഖാന്‍ നന്ദിയും അറിയിച്ചു. ‘പ്രിയപ്പെട്ട അല്ലു അര്‍ജുന്‍, നിങ്ങളുടെ വാക്കുകള്‍ക്കും പ്രാര്‍ത്ഥനക്കും ഒരുപാട് നന്ദി. തിയേറ്ററുകളില്‍ തീ പടര്‍ത്തുന്ന സൂപ്പര്‍ താരമായ താങ്കള്‍ എന്നെ അഭിനന്ദിച്ചത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ്. പുഷ്പ ഞാന്‍ മൂന്ന് തവണ കണ്ടു. അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി,’ ഷാരൂഖ് ഖാന്‍ മറുപടിയായി പോസ്റ്റ് ചെയ്തു. അല്ലുവിനെ വൈകാതെ നേരില്‍ കാണാന്‍ എത്തുമെന്നും ഷാരൂഖ് അറിയിച്ചിട്ടുണ്ട്.
ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് നടനാണ് നിലവില്‍ ഷാരൂഖ് ഖാന്‍. അക്ഷയ് കുമാറിന്റെ വര്‍ഷങ്ങളായുള്ള റെക്കോര്‍ഡാണ് ഷരൂഖ് ജവാനിലൂടെ തകര്‍ത്തത്. അതേസമയം, അല്ലുവിന്റെ പുഷ്പയുടെ രണ്ടാംഭാഗമാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. 2024 ആഗസ്റ്റ് 15നാണ് ‘പുഷ്പ 2’ തിയേറ്ററുകളില്‍ എത്തുക.