News
റഹ്മാന്‍ ഷോയ്ക്ക് പിന്നാലെ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ വിജയ് ആന്റണിയെന്ന് പ്രചാരണം; മാനനഷ്ട കേസ് കൊടുക്കാനൊരുങ്ങി നടന്‍
റഹ്മാന്‍ ഷോയ്ക്ക് പിന്നാലെ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ വിജയ് ആന്റണിയെന്ന് പ്രചാരണം; മാനനഷ്ട കേസ് കൊടുക്കാനൊരുങ്ങി നടന്‍
കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് സംഗീതലോകത്ത് ഒന്നാകെ ചര്‍ച്ചയായ വിഷയമാണ് എ.ആര്‍. റഹ്മാന്‍ നയിച്ച മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍. നിയമാനുസൃതം ടിക്കറ്റെടുത്തവര്‍ക്ക് പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാനായില്ലെന്നും തിരക്കിനിടയില്‍ ചിലര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ പണം തിരികെ കൊടുക്കുമെന്ന് റഹ്മാന്റെയും സംഘാടകരുടേയും ഭാഗത്ത് നിന്ന് അറിയിപ്പ് വന്നതോടെയാണ് സ്ഥിതിഗതികള്‍ തത്ക്കാലത്തേക്ക് അടങ്ങിയത്.
പക്ഷേ ഇതേ പരിപാടിയുമായി ബന്ധപ്പെട്ട് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണി ഒരു ധര്‍മസങ്കടത്തില്‍ അകപ്പെട്ടിരിക്കുകയാണ്. എ.ആര്‍. റഹ്മാന്‍ ഷോ വിവാദത്തിലായതിനുപിന്നാലെ നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. റഹ്മാന്‍ ഷോയ്ക്ക് പിന്നാലെ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പങ്കുണ്ടെന്നാണ് ഒരു യൂട്യൂബ് ചാനലില്‍ പറഞ്ഞത്.
സീനിയര്‍ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണമെന്ന് ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നാണ് വീഡിയോയില്‍ അവതാരക പറയുന്നത്. എന്നാല്‍ ഈ ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് വിജയ് ആന്റണി രംഗത്തെത്തി. ഔദ്യോഗിക എക്‌സ് പേജില്‍ വിശദീകരണക്കുറിപ്പും അദ്ദേഹം പുറത്തിറക്കി. യൂട്യൂബ് ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണെന്നും അതില്‍ നിന്ന് കിട്ടുന്ന തുക സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പണം ആവശ്യമുള്ള ആര്‍ക്കെങ്കിലും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഒരുപാട് വിഷമത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിവാദത്തിന് പൂര്‍ണവിരാമമിടുക എന്നതാണ് കത്തുകൊണ്ടുദ്ദേശിക്കുന്നത്. ഒരു സഹോദരി തന്റെ യൂട്യൂബ് ചാനല്‍ വഴി എന്നേയും എന്റെ സഹോദരന്‍ എ.ആര്‍. റഹ്മാനേയുംകുറിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണ്. അതെല്ലാം പരിപൂര്‍ണമായും അസത്യമാണ്. അവര്‍ക്കെതിരെ ഞാന്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ പോവുകയാണ്. നഷ്ടപരിഹാരമായി കിട്ടുന്ന തുക സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, പണം അത്യാവശ്യമുള്ള ഏതെങ്കിലും സുഹൃത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.’ വിജയ് ആന്റണി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ചെന്നൈ ഇ.സി.ആറില്‍ പനയൂരിലെ ആദിത്യറാം പാലസിലാണ് ‘മറക്കുമാ നെഞ്ചം’ എന്നപേരിലുള്ള സംഗീതപരിപാടി നടന്നത്. ടിക്കറ്റെടുത്ത് വന്നിട്ടും ഒട്ടേറെപ്പേര്‍ക്ക് പ്രവേശനം ലഭിച്ചില്ല. ഹാളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനെക്കാളുംപേര്‍ക്ക് ടിക്കറ്റുകള്‍ വിറ്റതാണ് ഇതിനു കാരണമെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെപ്പര്‍ പരാതിയുമായി രംഗത്തെത്തി. പരാതികള്‍ കുന്നുകൂടിയതോടെ മാപ്പപേക്ഷിച്ച് സംഘാടകര്‍ രംഗത്തെത്തി.
സംഗീതനിശ വന്‍വിജയമാണെന്ന് അവകാശപ്പെട്ട അവര്‍ പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് ഇത്രയധികം പ്രയാസമുണ്ടാകാന്‍ കാരണമെന്നു വ്യക്തമാക്കി സാമൂഹികമാധ്യമമായ എക്‌സിലൂടെ പരസ്യമായി മാപ്പുപറഞ്ഞു. ടിക്കറ്റെടുത്തിട്ടും പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് തുക തിരികെ നല്‍കുമെന്നറിയിച്ച റഹ്മാന്‍ ഇതിനായി തന്റെ ടീമിനെ ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ താമ്പരം പോലീസ് അന്വേഷണം നടത്തുകയാണ്. വിവാദവുമായി ബന്ധപ്പെട്ട് ചില പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
