അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ; അനൂപ് സത്യന്‍
മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ട് സത്യൻ അന്തിക്കാടും ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു എന്ന സൂചന നല്‍കി സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍.
അച്ഛനും ശ്രീനി അങ്കിളും ഇപ്പോഴും അവരുടെ ഹോംവര്‍ക്ക് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന കുറിപ്പോടെ അനൂപ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സുഹൃത്തുക്കൾ, സംവിധായകനും തിരക്കഥാകൃത്തും, സംവിധായകനും നടനും എന്നിങ്ങനെ പല തരത്തിൽ വായിക്കാൻ കഴിയുന്ന ബന്ധമാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും തമ്മിൽ. മലയാളത്തിന് ഇന്നും കണ്ടാൽ മടുപ്പുണ്ടാവാത്ത ഒരുപിടി എവർഗ്രീൻ ഹിറ്റുകളാണ് ഇവർ ചേർന്നൊരു സിനിമയുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ ഒക്കെ സംഭവിച്ചിട്ടുള്ളത്.
ശ്രീനിവാസന്റെ കൊച്ചിയിലെ വീട്ടിലെത്തിയായിരുന്നു സത്യനും മകന്‍ അനൂപും കൂടിക്കാഴ്ച നടത്തിയത്. ശ്രീനിവാസനൊപ്പമുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളും അനൂപ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. ”ശ്രീനി അങ്കിള്‍: ഞാന്‍ ഇപ്പോള്‍ ടാഗോറിന്റെ ചെറുകഥകള്‍ വായിക്കുകയാണ്. ഞാന്‍: കൊള്ളാം. അങ്കിള്‍ എന്തെങ്കിലും പ്രചോദനം തേടുകയാണോ?”
”ശ്രീനി അങ്കിള്‍: അങ്ങനെയല്ല. ഇത് ഒരു ഗൃഹപാഠം പോലെയാണ്. ‘സത്യജിത് റേ’ എങ്ങനെയാണ് ഈ കഥകളില്‍ ചിലത് മനോഹരമായ സിനിമകളിലേക്ക് സ്വീകരിച്ചത് എന്നറിയുന്നതിനാണ് ഈ വായന” എന്നാണ് അനൂപ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
തന്റെ ആരോഗ്യം വീണ്ടെടുത്ത് സിനിമകളില്‍ സജീവമാകുകയാണ് ശ്രീനിവാസന്‍ ഇപ്പോള്‍. വൈകാതെ തന്നെ തിരക്കഥ, സംവിധാന മേഖലയില്‍ ശ്രീനിവാസന്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും. ‘കുറുക്കന്‍’ ആണ് ശ്രീനിവസന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
അതേസമയം, 1986ല്‍ പുറത്തിറങ്ങിയ ‘ടി.പി. ബാലഗോപാലന്‍ എംഎ’ എന്ന സിനിമയിലൂടെയാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നത്. 2018ല്‍ എത്തിയ ‘ഞാന്‍ പ്രകാശന്‍’ ആണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ച അവസാന ചിത്രം. സത്യന്‍ അന്തിക്കാടിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ‘മകള്‍’ സിനിമയില്‍ കാമിയോ റോളില്‍ ശ്രീനിവാസന്‍ എത്തിയിരുന്നു.