News
പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍; കാന്‍ ചലചിത്രമേള പുരസ്‌കാരം സന്തോഷ് ശിവന്
പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍; കാന്‍ ചലചിത്രമേള പുരസ്‌കാരം സന്തോഷ് ശിവന്
2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. അന്താരാഷ്ട്ര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍. അതിശയകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് പുരസ്‌കാര സമിതി അറിയിച്ചു.
മെയ് 24ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. സന്തോഷ് ശിവന് യുവതലമുറയുമായി പ്രവര്‍ത്തനാനുഭവം പങ്കുവെക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. ഫിലിപ്പ് റൂസ്ലോ, വില്‍മോസ് സിഗ്മോണ്ട്, റോജര്‍ ഡീക്കിന്‍സ്, പീറ്റര്‍ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫര്‍ ഡോയല്‍, എഡ്വേര്‍ഡ് ലാച്ച്മാന്‍, ബ്രൂണോ ഡെല്‍ബോണല്‍, ആഗ്‌നസ് ഗൊദാര്‍ദ്, ഡാരിയസ് ഖോന്‍ജി, ബാരി അക്രോയിഡ് എന്നീ പ്രമുഖ ഛായാഗ്രാഹകര്‍ക്കാണ് നേരത്തെ അംഗീകാരം ലഭിച്ചത്.
റോജ, യോദ്ധ, ദില്‍സേ, ഇരുവര്‍, കാലാപാനി, വാനപ്രസ്ഥം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ അത്ഭുതപ്പെടുത്തുന്ന ഫ്രെയിമുകളിലൂടെ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ് ശിവന്‍ അനന്ദഭദ്രം, അശോക, ഉറുമി മുതലായ ചിത്രങ്ങളിലൂടെ സംവിധായകന്‍ എന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു.
12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള സന്തോഷ് ശിവന്റെ കരിയറിലെ മറ്റൊരു സുവര്‍ണനേട്ടമാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് സിനിമാ ഫോട്ടോഗ്രാഫേഴ്‌സില്‍ ഏഷ്യപെസഫികില്‍ നിന്ന് അംഗമായ ഏക വ്യക്തി കൂടിയാണ് അദ്ദേഹം.