News
രവി കിഷന്‍ തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ്
രവി കിഷന്‍ തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ്
ഗോരഖ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്കും ബോജ്പുരി നടനുമായ രവി കിഷന്‍ തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിയ്‌ക്കെതിരെ ലഖ്‌നൗവില്‍ കേസ്. രവി കിഷന്റെ ഭാര്യ പ്രീതി ശുക്ല നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. തിങ്കളാഴ്ച ലഖ്‌നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍, മുംബൈ നിവാസിയായ യുവതി തന്റെ മകളുടെ പിതാവാണ് രവി കിഷനെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിരുന്നു.
രവി കിഷന്‍ തന്റെ മകളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് രവി കിഷന്റെ ഭാര്യ പ്രീതി ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ച യുവതി, അവരുടെ ഭര്‍ത്താവ്, മകള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് കുമാര്‍ പാണ്ഡേ,യൂട്യൂബ് ചാനല്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ഷിദ് ഖാന്‍ എന്നിവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഐപിസി 120ബി, 195, 386, 388, 504, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അധോലോകവുമായുള്ള ബന്ധം ഉണ്ടെന്ന് പറഞ്ഞ് ആരോപണം ഉന്നയിച്ച യുവതി തന്നെ ഭീഷണിപ്പെടുത്തിയെന്ന് പ്രീതി ശുക്ല പരാതിയില്‍ പറയുന്നു. നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിനെ ബലാത്സംഗ കേസില്‍ കുടുക്കും എന്ന് ആരോപണം ഉന്നയിച്ച യുവതി തന്നോട് പറഞ്ഞതായി പ്രീതി ശുക്ല അവകാശപ്പെട്ടു.
അപര്‍ണ താക്കൂര്‍ 20 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.മുംബൈയിലും സമാനമായ പരാതി ഈ യുവതിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇത് വകവയ്ക്കാതെ ഏപ്രില്‍ 15ന് ലഖ്‌നൗവിലെത്തി അപര്‍ണ ഠാക്കൂര്‍ വാര്‍ത്താസമ്മേളനം നടത്തി രവി കിഷനെതിരെ ആരോപണം ഉന്നയിച്ചു.
തന്നെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്തി തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനുള്ള ഗൂഢാലോചനയാണ് ഇതെന്നാണ് പ്രീതി ശുക്ല പരാതിയില്‍ ആശങ്ക പ്രകടിപ്പിച്ചത്. അതേ സമയം എഫ്‌ഐആറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകനുമായി കൂടിയാലോചിച്ച് വരികയാണെന്നും ആരോപണം ഉന്നയിച്ച യുവതി പറഞ്ഞു. മകളുടെ വിദ്യാഭ്യാസം, വിവാഹം, ഭാവി എന്നിവയ്ക്കായി 20 കോടി രൂപ ആവശ്യപ്പെട്ട് 10 മാസം മുമ്പ് മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകന്‍ മുഖേന രവി കിഷന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അവര്‍ വ്യക്തമാക്കി.
