Connect with us

12 ലക്ഷം രൂപ കടം; കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയില്‍ രവീന്ദ്രന്‍ മാഷിന്റെ ഭാര്യ

Malayalam

12 ലക്ഷം രൂപ കടം; കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയില്‍ രവീന്ദ്രന്‍ മാഷിന്റെ ഭാര്യ

12 ലക്ഷം രൂപ കടം; കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയില്‍ രവീന്ദ്രന്‍ മാഷിന്റെ ഭാര്യ

ഒരുപിടി മനോഹര ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് രവീന്ദ്രന്‍. ഇപ്പോഴിതാ ഭാര്യ ശോഭയുടെ അവസ്ഥയാണ് പുറത്ത് വരുന്നത്. കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയാലാണ് ശോഭ. ”മാഷിന്റെ സംഗീതത്തിന്റെ വിലയായി കിട്ടിയ ഫ്‌ലാറ്റായിരുന്നു എനിക്കത്. ഇപ്പോള്‍ വില്‍ക്കാതെ നിവൃത്തിയില്ല”എന്നാണ് അവര്‍ പറയുന്നത്.

12 ലക്ഷത്തിന്റെ കടമുണ്ട് ശോഭയ്ക്ക്. താമസം വെണ്ണല പാലച്ചുവടുള്ള ഒരുവീടിന്റെ മുകള്‍നിലയില്‍. അതിനിടവന്നതിന്റെ പിറകില്‍ വാക്കുതെറ്റിച്ച പലരുമുണ്ട്. ബെംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായിരുന്നു ഒന്പതുവര്‍ഷംമുന്പ് ‘രവീന്ദ്രസംഗീതസന്ധ്യ’യെന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു ഫ്‌ലാറ്റും 25 ലക്ഷം രൂപയും ശോഭയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. കൊതിച്ചയിടത്ത് ഒരു വീട് കിട്ടുമല്ലോയെന്ന സന്തോഷത്തില്‍ ഗായകരെയും അഭിനേതാക്കളെയുമെല്ലാം ക്ഷണിച്ചത് ശോഭ നേരിട്ടുതന്നെ.

പരിപാടിയില്‍ യേശുദാസും ചിത്രയുമുള്‍പ്പെടെ മലയാളഗാനശാഖ ഏതാണ്ട് മുഴുവനുമെത്തി. എല്ലാവരും പാടിയത് പ്രതിഫലം വാങ്ങാതെ. ഗ്രൗണ്ട്‌പോലും സൗജന്യമായി കിട്ടി. ഒടുവില്‍ വേദിയില്‍വെച്ചുതന്നെ ഫ്‌ളാറ്റിന്റെ താക്കോല്‍ ശോഭയ്ക്ക് കൈമാറി. നിര്‍മാതാക്കളായ ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍മാരെന്നനിലയില്‍ നല്‍കിയതായിരുന്നു ഫ്‌ളാറ്റ്. പരിപാടിയുടെ സംപ്രേഷണാവകാശം സ്വകാര്യചാനല്‍ വാങ്ങിയത് 56 ലക്ഷം രൂപയ്ക്കാണ്.

സ്‌പോണ്‍സര്‍ഷിപ്പുള്‍പ്പെടെ ആകെ ഒന്നരക്കോടിയിലധികം രൂപ സംഘാടകര്‍ക്ക് ലഭിച്ചു. ഇതില്‍നിന്ന് ശോഭയ്ക്ക് നല്‍കിയത് വെറും മൂന്നുലക്ഷം. ഏപ്രിലില്‍ത്തന്നെ ഫ്‌ലാറ്റിലേക്ക് താമസം മാറി. അവിടെ വൈദ്യുതികണക്ഷന്‍പോലുമില്ലായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഫ്‌ളാറ്റ് രജിസ്റ്റര്‍ചെയ്ത് നല്‍കാന്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് തയ്യാറായതുമില്ല. തരാമെന്നുപറഞ്ഞ തുകയ്ക്കായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ പലവട്ടം സമീപിച്ചെങ്കിലും അവര്‍ പലതും പറഞ്ഞൊഴിഞ്ഞു.

പിന്നീടാണറിഞ്ഞത് ആ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ഓരോ ഫ്‌ലാറ്റും ആറരലക്ഷം രൂപയ്ക്ക് ഈടുവെച്ചുകൊണ്ട് ക്രിസ്റ്റല്‍ ഗ്രൂപ്പ് വായ്പയെടുത്തിരുന്നുവെന്ന്. ഒടുവില്‍ താമസക്കാരുടെ അസോസിയേഷന് ഫ്‌ലാറ്റുകളെല്ലാം കൈമാറി അവര്‍ കൈകഴുകി. വായ്പയുടെ ബാധ്യത താമസക്കാരുടേതുമായി. ഫ്‌ലാറ്റ് കൈമാറുന്ന വിവരമറിഞ്ഞ് മൂന്നുലക്ഷം രൂപ കടംവാങ്ങി ശോഭതന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയുംചെയ്തു.

അടിസ്ഥാനസൗകര്യങ്ങള്‍പോലുമില്ലാതിരുന്ന ഫ്‌ലാറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മറ്റിടത്തേക്ക് മാറുകയുംചെയ്തതോടെ ശോഭയും അടുത്തുതന്നെയുള്ള ഒരു വീടിന്റെ മുകള്‍നിലയിലേക്ക് താമസംമാറ്റി. മൂന്നരമാസം എന്നുപറഞ്ഞ് തുടങ്ങിയ അറ്റകുറ്റപ്പണി ഇപ്പോള്‍ ഒന്നരവര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല. ഇടയ്ക്ക് ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ വായ്പക്കുടിശ്ശികയിലേക്കായി രണ്ടുലക്ഷം അസോസിയേഷനു കൊടുത്തെങ്കിലും ഫ്‌ലാറ്റിന്റെ അറ്റകുറ്റപ്പണിക്കാണ് ഉപയോഗിച്ചത്.

മറ്റുതാമസക്കാരെല്ലാം വായ്പക്കുടിശ്ശിക അടച്ചു. രവീന്ദ്രനോടുള്ള ആദരവെന്നോണം ശോഭയുടെ പണം തത്കാലത്തേക്ക് അസോസിയേഷന്‍ നല്‍കി. അത് പലിശസഹിതം ഇപ്പോള്‍ 12 ലക്ഷം രൂപയായി. ഈ തുക നല്‍കിയെങ്കില്‍മാത്രമേ ഫ്‌ലാറ്റിന്റെ രേഖകള്‍ ശോഭയ്ക്ക് കിട്ടൂ.

”ഞാന്‍ പട്ടിണിയിലും ദാരിദ്ര്യത്തിലുമൊന്നുമല്ല. വിവാദമുണ്ടാക്കാനും ആഗ്രഹമില്ല. പക്ഷേ, ഇപ്പോള്‍ 12 ലക്ഷം എനിക്ക് വലുതാണ്. അത് അടയ്ക്കാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ടാണ് ഫ്‌ലാറ്റ് വില്‍ക്കാനുള്ള ആലോചന” ശോഭയുടെ വാക്കുകള്‍. ഇതിനിടെ പല നുണകളും പ്രചരിക്കുന്നതായും അവര്‍ സങ്കടപ്പെടുന്നു. ”പരിപാടിക്കുശേഷം എനിക്ക് 50 ലക്ഷം രൂപ ലഭിച്ചു എന്നാണ് പറയുന്നത്. ദാസേട്ടന്‍ പുതിയ ഫ്‌ലാറ്റ് വാങ്ങിത്തന്നുവെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതൊക്കെ കിട്ടിയെങ്കില്‍ പിന്നെ ഞാന്‍ പന്ത്രണ്ടുലക്ഷം അടയ്ക്കാന്‍ പെടാപ്പാടുപെടുന്നത് എന്തിനാണ്?” ശോഭ ചോദിക്കുന്നു.

More in Malayalam

Trending

Recent

To Top