Connect with us

ഷൂട്ടിംഗ് മുടങ്ങരുതെന്ന ആഗ്രഹത്താല്‍ പനിയുള്ള കാര്യം പറഞ്ഞില്ല, ഒടുക്കം തലകറങ്ങി വീണു; പിന്നെ സെറ്റിലേയ്ക്ക് തിരിച്ചെത്തിയത് മൂന്ന് ദിവസത്തിന് ശേഷം; ഷൂട്ടിംഗ് സമയത്തുണ്ടായ അരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് രാധിക

News

ഷൂട്ടിംഗ് മുടങ്ങരുതെന്ന ആഗ്രഹത്താല്‍ പനിയുള്ള കാര്യം പറഞ്ഞില്ല, ഒടുക്കം തലകറങ്ങി വീണു; പിന്നെ സെറ്റിലേയ്ക്ക് തിരിച്ചെത്തിയത് മൂന്ന് ദിവസത്തിന് ശേഷം; ഷൂട്ടിംഗ് സമയത്തുണ്ടായ അരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് രാധിക

ഷൂട്ടിംഗ് മുടങ്ങരുതെന്ന ആഗ്രഹത്താല്‍ പനിയുള്ള കാര്യം പറഞ്ഞില്ല, ഒടുക്കം തലകറങ്ങി വീണു; പിന്നെ സെറ്റിലേയ്ക്ക് തിരിച്ചെത്തിയത് മൂന്ന് ദിവസത്തിന് ശേഷം; ഷൂട്ടിംഗ് സമയത്തുണ്ടായ അരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് രാധിക

ക്‌ലാസ്‌മേറ്റ്‌സിലെ റസിയയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രാധിക. രാധിക എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ എല്ലാവരുടേയും മനസിലേക്ക് ആ മുഖം എത്തണമെന്നില്ല. എന്നാല്‍ റസിയ എന്ന പേര് കേട്ടാല്‍ മിക്കവരുടേയും മനസിലേക്ക് കടന്നു വരുന്ന ആദ്യത്തെ മുഖം രാധികയുടേതായിരിക്കും. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ, മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായിരുന്നു ക്ലാസ്‌മേറ്റ്‌സ്.

നായികയായും സഹനടിയായും മോളിവുഡില്‍ സജീവമായിരുന്ന താരത്തിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം. ലാല്‍ജോസ് സംവിധാനം ചെയ്ത ക്യാമ്ബസ് ചിത്രത്തില്‍ പ്രാധാന്യമുളള റോളില്‍ തന്നെയായിരുന്നു രാധിക അഭിനയിച്ചത്. ക്ലാസ്‌മേറ്റ്‌സ് ഇറങ്ങി പതിനേഴ് വര്‍ഷം പിന്നിടുമ്പോഴും മലയാളികളുടെ മനസില്‍ രാധിക റസിയയായി തുടരുകയാണ്.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം രാധിക അഭിനയത്തിലേക്ക് തിരികെ വരികയാണ്. മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന ചിത്രത്തിലൂടെയാണ് രാധികയുടെ തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് രാധിക മനസ് തുറക്കുകയാണ്. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് രാധിക മനസ് തുറന്നത്.

65 ദിവസത്തോളം ക്ലാസ്‌മേറ്റ്‌സിന്റെ ഷൂട്ടിംഗുണ്ടായിരുന്നു. കോട്ടയം സിഎംഎസ് കോളേജായിരുന്നു പ്രധാന ലൊക്കേഷന്‍. പിന്നെ ഊട്ടിയിലും ഷെഡ്യൂളുണ്ടായിരുന്നു. എല്ലാവരും ഒരേ വൈബിലുള്ള ആള്‍ക്കാരയതിനാല്‍ ഓരോ ദിവസവും രസകരമായ ഓര്‍മ്മകളാണ് സമ്മാനിച്ചത്. ഒരു ദിവസം ഷൂട്ടിംഗ് തുടങ്ങുമ്പോഴേയ്ക്കും എനിക്ക് നല്ല പനി. ഷൂട്ടിംഗ് മുടങ്ങരുതെന്ന ആഗ്രഹത്താല്‍ ഞാനത് ആരോടും പറഞ്ഞില്ല. ലൈബ്രറി സീക്വന്‍സാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്.

ഞാനും നരേനുമായിരുന്നു സീനില്‍. പെട്ടെന്ന് ഞാന്‍ തലകറങ്ങി താഴെവീണു. എന്നെയും എടുത്ത് എല്ലാവരും കൂടി ആശുപത്രിയിലേയ്ക്ക് ഓടി. മൂന്ന് ദിവസം വിശ്രമിച്ച് പനി മാറിയ ശേഷമാണ് സെറ്റിലേക്ക് തിരിച്ചു വന്നതെന്നാണ് താരം പറയുന്നത്. രാധിക കയ്യടി നേടിയ മറ്റൊരു ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

ഗോസ്റ്റ് ഹൗസ് ചെയ്തു കൊണ്ടിരുന്ന സമയത്ത് ഇടിയും തൊഴിയുമൊക്കെ കൊള്ളാന്‍ എനിക്കൊരു ഡ്യൂപ്പിനെ കൊണ്ടു വന്നിരുന്നു. വേണുച്ചേട്ടനായിരുന്നു ഗോസ്റ്റ് ഹൗസിന്റെ ക്യാമറാമാന്‍. കുഞ്ഞ് എന്നാണ് വേണുച്ചേട്ടന്‍ എന്നെ വിളിക്കുന്നത്. കാരണം എന്റെ ആദ്യ സിനിമയായ വിയറ്റ്‌നാം കോളനിയിലും വേണുച്ചേട്ടനാണ് ക്യാമറ ചെയ്തത്. അന്നും കുഞ്ഞ് എന്നാണ് വിളിച്ചിരുന്നത്. അത് പിന്നെ മാറിയില്ല.

ഡ്യൂപ്പിനെ വച്ച് ചെയ്യേണ്ട, കുഞ്ഞ് തന്നെ ചെയ്‌തോളും എന്ന് വേണുച്ചേട്ടന്‍ പറഞ്ഞു. അതിന്റെ റിസ്‌ക് ഫാക്ടേഴ്‌സ് ഒന്നും അപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ആവേശത്തില്‍ ഞാന്‍ തന്നെ ചെയ്‌തോളാം എന്ന് പറഞ്ഞു. ചെറിയ ഇടിയും തൊഴിയും വീഴ്ചയുമൊക്കെയായിരുന്നു. എന്നാല്‍ കുറേദിവസം കഴിഞ്ഞപ്പോള്‍ ക്ഷീണം വന്നു തുടങ്ങി.

ആറ് ദിവസം ആയപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയായി. ശരീരം മുഴുവന്‍ നീരുവച്ചു. ഇത് കണ്ടതോടെ വീട്ടില്‍ പോയി നാലു ദിവസം വിശ്രമിച്ച് വരാന്‍ സംവിധായകന്‍ ലാല്‍ സാര്‍ പറഞ്ഞു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഞാന്‍ സെറ്റിലെത്തിയതെന്നാണ് താരം പറയുന്നത്. മഞ്ജു വാര്യര്‍ ചിത്രത്തിലേക്ക എത്തിയതിനെക്കുറിച്ചും രാധിക സംസാരിക്കുന്നുണ്ട്. അപ്രതീക്ഷിതമായാണ് ആയിഷയിലേക്ക് വിളി വന്നത്. നല്ലൊരു കഥാപാത്രമുണ്ട് അഭിനയിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ കഥ കേട്ടുനോക്കി. ഇഷ്ടപ്പെട്ടു.

അതോടെ ചെയ്യാം എന്ന് വാക്കു കൊടുത്തു. ദുബായില്‍ തന്നെയായിരുന്നു ഷൂട്ടിങ്. മഞ്ജുചേച്ചി ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിഷ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഏറെനാളുകള്‍ക്ക് ശേഷമുള്ള ഈ വരവ് പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. ആയിഷയുടെ റിലീസിന് പിന്നാലെ കൂടുതല്‍ സിനിമകളില്‍ അവസരം പ്രതീക്ഷിക്കുന്നു.

ദുബായിലേക്ക് ചേക്കേറിയതാണ്. ഭര്‍ത്താവിന് അവിടെയാണ് ജോലി. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല. ദുബായിലേക്ക് മാറിയതിനാല്‍ ഞാന്‍ ഇനി അഭിനയിക്കില്ലെന്ന് പലരും വിചാരിച്ചു. അതിനാലാകാം സിനിമകളിലേക്ക് ആരും വിളിച്ചില്ലെന്നാണ് തന്റെ ഇടവേളയെക്കുറിച്ച് രാധിക പറയുന്നത്.

കരിയറിലെ പ്രധാന വഴിത്തിരിവാണ് ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയും അതിലെ റസിയയും. അതിന് ശേഷവും മുമ്പും അത്ര നല്ല കഥാപാത്രമോ സിനിമയോ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. ക്ലാസ്‌മേറ്റ്‌സിലേക്ക് ഭാഗ്യം കൊണ്ടാണ് എത്തിപ്പെട്ടത്. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ കഥാപാത്രത്തില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നാറുണ്ട്. കാരണം അതിനേക്കാള്‍ മികച്ച കഥാപാത്രം പിന്നീട് കിട്ടിയിട്ടില്ല. ഇപ്പോള്‍ 17 വര്‍ഷം കഴിഞ്ഞു. എന്നും ആള്‍ക്കാര്‍ എന്നെ റസിയ എന്ന പേരിലാണ് തിരിച്ചറിയുന്നത്. രാധിക എന്ന യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല. ഇന്‍സ്റ്റ ഐഡി പോലും രാധിക റസിയ എന്നാക്കിയെന്നും താരം പറയുന്നു.

More in News

Trending

Recent

To Top