Connect with us

വീണ്ടും ഇതേ ഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരുന്നതില്‍ സുപ്രിയയ്ക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു; പൃഥ്വിരാജ്

Malayalam

വീണ്ടും ഇതേ ഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരുന്നതില്‍ സുപ്രിയയ്ക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു; പൃഥ്വിരാജ്

വീണ്ടും ഇതേ ഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരുന്നതില്‍ സുപ്രിയയ്ക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു; പൃഥ്വിരാജ്

മലയാളത്തില്‍ ഇന്ന് സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള നടനാണ് പൃഥിരാജ്. ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ മലയാള സിനിമയിലെ മുന്‍നിര നായക നടനാവാന്‍ കഴിഞ്ഞ വ്യക്തിയുമാണ് പൃഥിരാജ്. നന്ദനത്തില്‍ നിന്നും ആടുജീവിതം വരെ എത്തി നില്‍ക്കുന്ന പൃഥിയുടെ കരിയറില്‍ നേട്ടങ്ങളേറെയാണ്. നടന്‍ എന്നതിലുപരി നിര്‍മാതാവ്, സംവിധായകന്‍, വിതരണക്കാരന്‍ തുടങ്ങി പല നിലകളില്‍ പൃഥിരാജ് പേരെടുത്തു.

അന്നും ഇന്നും നിരവധി ആരാധകരും പൃഥിയ്ക്ക് ഇന്നുണ്ട്. ക്ലാസ്‌മേറ്റ്‌സ്, വാസ്തവം തുടങ്ങിയ സിനിമകളിലൂടെ തുടക്ക കാലത്ത് തന്നെ സിനിമാ രംഗത്ത് ഇരുത്തം വന്ന നടനായി മാറാന്‍ പൃഥിരാജിന് കഴിഞ്ഞു. സിനിമയില്‍ എന്തൊക്കെ നേട്ടങ്ങള്‍ ആഗ്രഹിച്ചോ അതൊക്കെ പൃഥി ഇന്ന് നേടിയെടുത്തെന്നതും ശ്രദ്ധേയമാണ്. ഓഫ് സ്‌ക്രീനില്‍ കാര്യങ്ങള്‍ തുറന്നടിച്ച് സംസാരിക്കുന്ന വ്യക്തിയാണ് പൃഥിരാജ്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. പൃഥിരാജ്-ബ്ലെസി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ അടുത്ത വര്‍ഷം ഏപ്രിലില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ആടു ജീവിതത്തിന് വേണ്ടി ചെയ്ത കഠിനാധ്വാനത്തെക്കുറിച്ചും സിനിമ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് പൃഥിരാജ്. ബ്ലെസിയുടെ പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പാണ് ആടുജീവിതമെന്ന് പൃഥിരാജ് ചൂണ്ടിക്കാട്ടുന്നു.

ആടുജീവിതം വളരെ ടഫ് ആയിരുന്നു. എനിക്ക് മാത്രമല്ല, മുഴുവന്‍ ടീമിനും. 2008 ലാണ് ഈ സിനിമ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. ആ സമയത്ത് ബ്ലെസി മലയാളത്തിലെ ഏറ്റവും വലിയ ഫിലിം മേക്കേര്‍സിലൊരാളാണത്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ ഏത് താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധായകന്‍. അദ്ദേഹത്തിന്റെ സിനിമയ്ക്ക് അവരെല്ലാം പെട്ടെന്ന് യെസ് പറയും.

2008 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ചെയ്ത ഏക സിനിമ ആടുജീവിതമാണ്. കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന, മലയാളത്തിലെ ഏറ്റവും വിലപിടിപ്പള്ള ഫിലിം മേക്കറായിരിക്കുമ്പോഴാണ് പതിനഞ്ച് വര്‍ഷം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെക്കാന്‍ ബ്ലെസി തീരുമാനിച്ചതെന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി. ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ പത്ത് വര്‍ഷമെടുത്തു. ഒന്നിലേറെ കാരണങ്ങള്‍ അതിനുണ്ട്.

പ്രധാന കാരണം ബ്ലെസി മനസില്‍ കണ്ട വിഷന്‍ മലയാളത്തില്‍ ആലോചിക്കാന്‍ പോലും പറ്റാത്തതായിരുന്നു. ഒരുപാട് സമയമായെങ്കിലും ഒരു തരത്തില്‍ അത് നന്നായെന്ന് ഞാന്‍ ബ്ലെസിയോട് പറയും. കാരണം ആ സമയത്ത് ഇന്ന് ചെയ്തത് പോലെ ഈ സിനിമ ഒരുക്കാനുള്ള വഴിയില്ലായിരുന്നു. ഷൂട്ടിംഗ് തുടങ്ങി ആദ്യ ഷോട്ടിന് മുമ്പ് ബ്ലെസി എന്റെയുടുത്ത് വന്ന് കെട്ടിപ്പിടിച്ച് പത്ത് മിനുട്ട് പൊട്ടിക്കരഞ്ഞു. ഞാന്‍ പോലും കരയാന്‍ തുടങ്ങി. പത്ത് വര്‍ഷമാണ് എടുത്തത്. അതിനിടയില്‍ ഞാന്‍ മറ്റ് സിനിമകള്‍ ചെയ്യുന്നുണ്ട്.

പക്ഷെ അദ്ദേഹം ഈ സിനിമ തുടങ്ങാന്‍ കാത്തിരുന്നു. ഒടുവില്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. മരുഭൂമിയിലെ ഭാഗങ്ങള്‍ രാജസ്ഥാനില്‍ ഷൂട്ട് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷെ അവിടെ ഇത്തരം ആടുകളില്ല. ബ്ലെസിയും ടീമും 250 ആടുകളെയും മറ്റും സൗദിയില്‍ നിന്നും എത്തിക്കാന്‍ തീരുമാനിച്ചു. അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചു. കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രാജസ്ഥാനിലേക്ക് ഷിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അനിമല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നോ പറഞ്ഞു.

അതോടെ എവിടെ സെറ്റിടുമെന്ന് തിരഞ്ഞു. ദുബായ്, അബുദാബി, ഒമാന്‍, മൊറോക്കോ തുടങ്ങി എല്ലായിടത്തും നോക്കി. ഒടുവില്‍ ജോര്‍ദാനിലെത്തി. 2019 ലാണ് ജോര്‍ദാനില്‍ ഷൂട്ടിംഗിന് എത്തുന്നതെന്നും പൃഥിരാജ് വ്യക്തമാക്കി. അന്ന് ഞാന്‍ വണ്ണം കൂട്ടിയിട്ടുണ്ട്. വണ്ണമുള്ള കഥാപാത്രം പിന്നീട് മെലിയുന്നതാണ് ബ്ലെസിക്ക് വേണ്ടത്. ‘ഫാറ്റ് ഡെസേര്‍ട്ട് ഷെഡ്യൂള്‍’ എന്നാണ് ആ ഷെഡ്യൂളിനെ ഞങ്ങള്‍ വിളിച്ചത്. ഞങ്ങള്‍ വളരെ ഹാപ്പിയായി. ഇനി വണ്ണം കുറയ്ക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് ഞാന്‍ ചോദിച്ചു.

ആറ് മാസം വേണ്ടി വരുമെന്ന് ഞാന്‍ കരുതി. പക്ഷെ നാല് മാസത്തിനുള്ളില്‍ മുപ്പത് കിലോ ഭാരം കുറച്ചു. ബ്ലെസി വളരെ സന്തോഷിച്ചു. ഞാന്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങാന്‍ ആറ് ദിവസം ബാക്കി നില്‍ക്കെ ലോകം ഷട്ട് ഡൗണ്‍ ആയി. എപ്പോള്‍ ഷൂട്ട് തുടങ്ങുമെന്ന് അറിയില്ല. ഒന്നര വര്‍ഷം കഴിഞ്ഞേ ഷൂട്ട് ചെയ്യൂ എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കഴിക്കാന്‍ തുടങ്ങിയേനെ. കൊവിഡ് ലോക്ഡൗണ്‍ ഇത്രയും നീളുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 20 ദിവസം കഴിഞ്ഞ് അനുമതി ലഭിച്ചാല്‍ ഷൂട്ട് തുടങ്ങാമല്ലോ എന്നാണ് ഞാന്‍ കരുതിയത്.

ഒന്നര വര്‍ഷത്തിന് ശേഷം ഷൂട്ട് തുടങ്ങിയപ്പോള്‍ വീണ്ടും ശരീര ഭാരം കുറച്ചതിനെക്കുറിച്ചും പൃഥിരാജ് സംസാരിച്ചു. രണ്ടാംവട്ടവും എനിക്കതിന് കഴിയുമോ എന്നറിയില്ലെന്ന് ബ്ലെസിയോട് പറഞ്ഞു. ബോഡി അതിനോട് പ്രതികരിക്കുമോ എന്നറിയില്ല. വീണ്ടും ഇതേ ഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരുന്നതില്‍ ഭാര്യക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു. രണ്ടാം വട്ടവും ഇതേ ട്രാന്‍സ്ഫര്‍മേഷനിലൂടെ കടന്ന് പോയെന്നും പൃഥിരാജ് വ്യക്തമാക്കി.

More in Malayalam

Trending