News
‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്’; അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം റിലീസിന്, ആശംസകളുമായി നരേന്ദ്രമോഡി
‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്’; അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം റിലീസിന്, ആശംസകളുമായി നരേന്ദ്രമോഡി
ആരാധകരെ ഏറെ ഞെട്ടിച്ച മരണമായിരുന്നു പുനീത് രാജ് കുമാറിന്റേത്. ഇപ്പോഴിതാ അന്തരിച്ച കന്നട താരം പുനീത് രാജ്കുമാറിന്റെ ഓര്‍മ്മദിനത്തില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനീതിന്റെ അവസാന ചിത്രം ‘ഗന്ധഡഗുഡി’ ആണ് ഒക്ടോബര്‍ 28ന് റിലീസിന് എത്തുന്നത്.
പുനീതിന്റെ ഒന്നാം ഓര്‍മ്മദിനം കൂടിയാണ് ഒക്ടോബര്‍ 28. ‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്. അദ്ദേഹം പ്രതിഭയുള്ള വ്യക്തിത്വവും ഊര്‍ജ്ജസ്വലനും, സമാനതകളില്ലാത്ത കഴിവുകളാല്‍ അനുഗ്രഹീതനുമായിരുന്നു. കര്‍ണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി മാതാവിനുള്ള ആദരാഞ്ജലിയാണ് ഗന്ധഡഗുഡി. ആശംസകള്‍’ എന്നാണ് മോദിയുടെ ട്വീറ്റ്.
അമോഘവര്‍ഷ സംവിധാനം ചെയ്ത ചിത്രം ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. 2021 ഡിസംബറിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. പുനീതിനൊപ്പം സംവിധായകന്‍ അമോഘവര്‍ഷയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിരുന്നു. ഏറെ വൈകാതെ മരണവാര്‍ത്തയും എത്തി. രാജ്കുമാര്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.
അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം, ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്‌സ് ടു ബി എ മില്ല്യണര്‍ എന്ന ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷന്‍ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്കുമാര്‍. ഇപ്പോഴും താരത്തിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ ഏറെയാണ്.
