അന്നത്തെ സിനിമയിലെ സ്ത്രീകളുടെ മോശം അവസ്ഥ അച്ഛന്‍ അടുത്ത് കണ്ടിട്ടുണ്ട്,അതുകൊണ്ട് സ്വന്തം മകള്‍ പോകുന്നതിനോട് അച്ഛന് പേടിയായിരുന്നു ;മാലാ പാര്‍വ്വതി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വ്വതി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് താരം. അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് മാലാ പാര്‍വ്വതി. എങ്കിലും മലയാളികള്‍ മാലാ പാര്‍വ്വതിയെ അടുത്തറിയുന്നത് അഭിനേത്രിയെന്ന നിലയിലാണ്. മലയാളത്തില്‍ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മാലാ പാര്‍വ്വതി. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്ത് അഭിനയിക്കാന്‍ പോയതിന്റെ ഓര്‍മ്മ പങ്കുവെക്കുകയാണ് മാലാ പാര്‍വ്വതി.
മെയ് മാസ പുലരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിന്റെ ഓര്‍മ്മയാണ് മാലാ പാര്‍വ്വതി പങ്കുവെക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന വെക്ഷേഷന്‍ സമയത്തായിരുന്നു അഭിനയിക്കാനായി പോയത്. അന്ന് വീട്ടുകാര്‍ സിനിമയില്‍ അഭിനയിക്കുന്നതിന് എതിരായിരുന്നുവെന്നും പാര്‍വ്വതി പറയുന്നു. ഒരു മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മാലാ പാര്‍വ്വതി മനസ് തുറന്നത്.
”എന്റെ സുഹൃത്ത് ഷൈനി ഒരു ദിവസം വിളിച്ചു. കോളേജിലെ ഒരു രംഗത്തില്‍ ഇരിക്കാന്‍ കുറേ പിള്ളേര് വേണം. അമ്മയെ വിളിച്ച് ചോദിച്ചപ്പോള്‍ നീ പൊക്കോ എന്ന് ചോദിച്ചു. രണ്ട് ഡ്രസ് ഒക്കെയെടുത്ത് ഞാന്‍ പോയി. പര്‍വ്വതിയും ശാരിയുമൊക്കെയുണ്ട്. സിനിമ മെയ് മാസ പുലരി. പാര്‍വ്വതയുടേയും ശാരിയുടേയും അടുത്തിരുന്ന് പഠിക്കുന്ന കുട്ടിയായിട്ടായിരുന്നു അഭിനയിക്കേണ്ടത്. അതില്‍ നിന്നും തിരഞ്ഞെടുത്ത് വേറൊരു സീനില്‍ അഭിനയിക്കുന്നു. അത് കഴിഞ്ഞ് വേറൊരു സീനില്‍ അഭിനയിക്കുന്നു. അത് കഴിഞ്ഞ് ഷിഫ്റ്റ് എന്ന് പറയുന്നു. നേരെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പോകുന്നു. അവിടെയും രണ്ട് മൂന്ന് സിനിമകള്‍ അഭിനയിക്കുന്നു” മാലാ പാര്‍വ്വതി പറയുന്നു.
അങ്ങനെ വീട്ടിലെത്തുമ്പോള്‍ രാത്രി ഒമ്പത് മണിയാണ്. സന്തോഷത്തോടെയാണ് വരുന്നത്. സിനിമയില്‍ അഭിനയിച്ചല്ലോ. വീട്ടില്‍ ചെല്ലുമ്പോള്‍ കാണുന്നത് എല്ലാ ലൈറ്റുമിട്ട് അച്ഛന്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. സിനിമ എന്ന് പറഞ്ഞതേ എനിക്ക് ഓര്‍മ്മയുള്ളു, ഒരൊറ്റ അടിയായിരുന്നു. സിനിമ എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു. അന്ന് ഭക്ഷണവും കിട്ടിയില്ല. ഞാന്‍ ആകെ വിഷമത്തിലായി. അമ്മയുടെ ചോദിച്ചിട്ടാണ് പോയതെന്നൊന്നും പറയാനായില്ലെന്നും താരം പറയുന്നു.
”രണ്ട് ദിവസം കഴിഞ്ഞ് ഷൈനി വീണ്ടും വിളിച്ചു. ബാക്കിയെടുക്കണം. എന്നെ വിടില്ലെന്ന് പറഞ്ഞു. നീ വന്നേ പറ്റൂവെന്ന് പറഞ്ഞു. എന്നാല്‍ പതിനൊന്ന് മണിയ്ക്ക് അച്ഛന്‍ പോകും അപ്പോള്‍ വന്നാല്‍ വരാമെന്ന് ഞാന്‍ പറഞ്ഞു. പത്ത് മണിയായി, പത്തരയായി അച്ഛന്‍ പത്രവും വായിച്ച് ഇരിക്കുകയാണ്. ഡ്രൈവറോട് ചോദിച്ചപ്പോള്‍ അച്ഛന്‍ ഇന്ന് പോകുന്നില്ല എന്ന് പറഞ്ഞു. എന്ത് ചെയ്യും, അച്ഛന്‍ കാണ്‍കെ പോകാന്‍ പറ്റില്ല. ഒടുവില്‍ ഞാന്‍ ഇപ്പുറത്തെ മതില്‍ ചാടി, അടുത്ത വീട്ടിലെ മതില്‍ ചാടി, അതിലും അപ്പുറത്തെ വീട്ടിലെ മതിലും ചാടി”.
പിന്നെ സംവിധായകന്‍ രഞ്ജിത്തിന്റെ കാഴ്ചയില്‍ ഒരു ബാഗ് വന്നു വീഴുന്നു, ചെരുപ്പ് വന്നു വീഴുന്നു. പിന്നാലെ ആളും വന്ന് ചാടുന്നു. എല്ലാം വാരിയെടുത്ത് പോകാം പോകാം എന്ന് പറഞ്ഞ് വണ്ടിയില്‍ കയറുന്നു. അങ്ങനെ പോയി ചെയ്ത് തിരിച്ചു വന്നുവെന്നും മാലാ പാര്‍വ്വതി പറയുന്നു. എന്തുകൊണ്ടാണ് അച്ഛന്‍ അഭിനയിക്കാന്‍ പോകുന്നതിനെ എതിര്‍ത്തതെന്നും താരം പറയുന്നുണ്ട്.
അച്ഛന് സിനിമയില്‍ കുറേ കൂട്ടുകാരുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്‍ കുറേ കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. അന്നത്തെ സിനിമയിലെ സ്ത്രീകളുടെ മോശം അവസ്ഥ അച്ഛന്‍ അടുത്ത് കണ്ടിട്ടുണ്ട്. അതുകൊണ്ട് സ്വന്തം മകള്‍ പോകുന്നതിനോട് അച്ഛന് പേടിയായിരുന്നുവെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്.