News
പഠാന്‍ ഒടിടി റിലീസ്: ദില്ലി ഹൈക്കോടതി നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നിർദേശം കണ്ടോ?
പഠാന്‍ ഒടിടി റിലീസ്: ദില്ലി ഹൈക്കോടതി നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നിർദേശം കണ്ടോ?
ഏറെ കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഷാരൂഖാൻ ദീപിക ചിത്രം പഠാന്‍ ജനുവരി 25ന് റിലീസ് ചെയ്യും. . സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാന്‍. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.
ദില്ലി ഹൈക്കോടതി പഠാന്‍റെ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ ഒരു നിര്‍ദേശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ദില്ലി ഹൈക്കോടതി തിങ്കളാഴ്ച ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ യാഷ്‌രാജ് ഫിലിംസിനോട് പഠാന്‍ ഒടിടി റിലീസ് ചെയ്യുമ്പോള്‍ കാഴ്ച കേള്‍വി വൈകല്യമുള്ളവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന രീതിയില്‍ അതിന്‍റെ ഹിന്ദി പതിപ്പില്‍ ഓഡിയോ വിവരണവും, സബ്‌ടൈറ്റിലുകളും, ക്ലോസ് ക്യാപ്ഷനുകളും തയ്യാറാക്കാൻ നിർദ്ദേശിച്ചു.
വികലാംഗരുടെ അവകാശ നിയമം 2016 പ്രകാരം ഉറപ്പുനൽകുന്ന അവകാശങ്ങൾ പ്രകാരം കാഴ്ചയില്ലാത്തവർക്കും ശ്രവണ വൈകല്യമുള്ളവർക്കും പഠാന്‍ സിനിമ കാണാന്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസ് പ്രതിഭ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചത്. ഈ റിട്ട് ഹരജി കേൾവിക്കും കാഴ്ച വൈകല്യമുള്ളവരുടെ വിനോദ ഉപാധികള്‍ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. വികലാംഗരുടെ അവകാശ നിയമം 2016 ലെ സെക്ഷൻ 42 പ്രകാരം, വികലാംഗർക്ക് ആക്സസ് ചെയ്യാവുന്ന ഫോർമാറ്റുകളിൽ എല്ലാ ഉള്ളടക്കവും ലഭ്യമാണെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് ബാധ്യതയുണ്ട്.
സിനിമകള്‍ ആസ്വദിക്കാന്‍ ശ്രവണ വൈകല്യമുള്ളവർക്കും കാഴ്ച വൈകല്യമുള്ളവർക്കും പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കാരണം ഒരു സിനിമാ തിയേറ്ററിൽ ഒരു സിനിമ കാണുന്ന അനുഭവം അത്തരം ആളുകൾക്ക് നിഷേധിക്കാനാവില്ലെന്നും കോടതി ഹര്‍ജി പരിഗണിച്ച് അഭിപ്രായപ്പെട്ടു.
എന്നാല്‍ പഠാന്‍ സിനിമയുടെ തീയറ്റര്‍ റിലീസ് സമയത്ത് പ്രത്യേക നിര്‍ദേശം ഒന്നും കോടതി നല്‍കിയിട്ടില്ല. രണ്ടാഴ്ചയ്ക്കകം ഹിന്ദി ഭാഷയിൽ ഓഡിയോ വിവരണവും സബ്‌ടൈറ്റിലുകളും ക്ലോസ്ഡ് ക്യാപ്ഷനും തയ്യാറാക്കി അംഗീകാരത്തിനായി സിബിഎഫ്‌സിക്ക് സമർപ്പിക്കാൻ യഷ്‌രാജ് ഫിലിംസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഫെബ്രുവരി 20-നകം ഇത് സമർപ്പിച്ചാൽ സിനിമയുടെ സെന്‍സര്‍ബോര്‍ഡ് ഇത് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. മാർച്ച് 10 നകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സെന്‍സര്‍ ബോർഡിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
ഒരു നിയമ വിദ്യാർത്ഥി, രണ്ട് അഭിഭാഷകർ, ഒരു വികലാംഗ അവകാശ പ്രവർത്തകൻ എന്നിവരാണ് സിനിമ കാണാനുള്ള അവകാശം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. യഷ്‌രാജ് ഫിലിംസിനെയും ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈംവീഡിയോയെയും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തെയും. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള വികലാംഗരുടെ ശാക്തീകരണ വകുപ്പിനെയും കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി.
