Connect with us

ഹോളിവുഡ് സ്റ്റുഡിയോയില്‍ ബറോസിന്റെ അവസാന മിനുക്ക് പണികള്‍; ആകാംക്ഷയുണര്‍ത്തി മോഹന്‍ലാല്‍

Malayalam

ഹോളിവുഡ് സ്റ്റുഡിയോയില്‍ ബറോസിന്റെ അവസാന മിനുക്ക് പണികള്‍; ആകാംക്ഷയുണര്‍ത്തി മോഹന്‍ലാല്‍

ഹോളിവുഡ് സ്റ്റുഡിയോയില്‍ ബറോസിന്റെ അവസാന മിനുക്ക് പണികള്‍; ആകാംക്ഷയുണര്‍ത്തി മോഹന്‍ലാല്‍

മലയാളുകള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബാറോസ്. ഇപ്പോള്‍ ഹോളിവുഡിലെ സോണി സ്റ്റുഡിയോസില്‍ ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് മോഹന്‍ലാല്‍. ഹോളിവുഡ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് ആകാംക്ഷജനിപ്പിക്കുന്ന ഈ വാര്‍ത്ത മോഹന്‍ലാല്‍ പ്രേക്ഷകരുമായി പങ്കുവച്ചത്. ”ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ മാര്‍ക്ക് കിലിയന്‍, ജോനാഥന്‍ മില്ലര്‍ എന്നിവര്‍ക്കൊപ്പം ബറോസിന്റെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു.”എന്ന് മോഹന്‍ലാല്‍ കുറിച്ചു.

പുറകിലെ സ്‌ക്രീനില്‍ ബറോസില്‍ മൊട്ടയടിച്ച ഗെറ്റപ്പിലുളള മോഹന്‍ലാലിനെയും കാണാം. ബറോസിന്റെ ഓരോ വാര്‍ത്തകളും ചിത്രത്തെ ആവേശ കൊടുമുടിയിലെത്തിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നത്. സൂപ്പര്‍താരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വന്‍ പ്രതീക്ഷയിലാണ് സിനിമാ ലോകം.

സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്‌പെഷല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലാന്‍ഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്‌നോളജികള്‍ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാന്‍’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തില്‍ ആദ്യം പരീക്ഷിച്ചത്.

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ തന്നെയാണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.

സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം. സംഗീതം ലിഡിയന്‍ നാദസ്വരം. ചിത്രത്തില്‍ മോഹന്‍ലാലിന് രണ്ടു ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്.

വാസ്‌കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാണ്. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ത്തന്നെ രംഗത്തെത്തും.

More in Malayalam

Trending

Recent

To Top