Connect with us

ഞാന്‍ തീ തിന്ന ഒരു പാട്ടാണത്. ഇന്നൊക്കെയാണെങ്കില്‍ എനിക്ക് അത് പാടാനാകുമെന്ന് തോന്നുന്നില്ല; എംജി ശ്രീകുമാര്‍

Malayalam

ഞാന്‍ തീ തിന്ന ഒരു പാട്ടാണത്. ഇന്നൊക്കെയാണെങ്കില്‍ എനിക്ക് അത് പാടാനാകുമെന്ന് തോന്നുന്നില്ല; എംജി ശ്രീകുമാര്‍

ഞാന്‍ തീ തിന്ന ഒരു പാട്ടാണത്. ഇന്നൊക്കെയാണെങ്കില്‍ എനിക്ക് അത് പാടാനാകുമെന്ന് തോന്നുന്നില്ല; എംജി ശ്രീകുമാര്‍

മലയാളികള്‍ക്ക് എം.ജി ശ്രീകുമാര്‍ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. അടിച്ചുപൊളി ഗാനങ്ങള്‍, മെലഡികള്‍, ക്ലാസിക്കല്‍ ഗാനങ്ങള്‍, ഭക്തി ഗാനങ്ങള്‍ തുടങ്ങി ഏത് തരത്തിലുള്ള ഗാനങ്ങളും അനായാസം പാടാനുള്ള അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. കെജെ യേശുദാസ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ കേട്ടിട്ടുള്ള ശബ്ദം എം.ജി ശ്രീകുമാര്‍ എന്ന ഗായകന്റേതാണ്.

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ എം.ജി ശ്രീകുമാര്‍ എന്ന ഗായകന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആദ്യമായി കിട്ടിയ നാഷണല്‍ അവാര്‍ഡ് ഗാനത്തിന് സംഗീതം ചെയ്തത് രവീന്ദ്രന്‍ മാസ്റ്ററായിരുന്നു. രണ്ടാമത് പുരസ്‌കാരം കിട്ടിയ ഗാനം ചെയ്തത് മോഹന്‍ സിതാരയായിരുന്നു. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.

ഇപ്പോഴിതാ ഒരു വീഡിയോയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഏയ് ഓട്ടോ. ഇതിലെ എല്ലാ ഗാനങ്ങളും ഹിറ്റാണെങ്കിലും അവയില്‍ ഇന്നും മലയാളികള്‍ ഇടയ്ക്കിടെ മൂളാറുള്ള ഒരു പാട്ടാണ് സുന്ദരി ഒന്ന് ഒരുങ്ങി വാ. ഈ ഗാനം ആലപിച്ചതിനെ കുറിച്ച് പറയുകയാണ് എംജി ശ്രീകുമാര്‍.

മലയാള സിനിമയില്‍ പച്ച പിടിച്ച് വരുന്ന കാലത്ത് ആലപിച്ച പാട്ട് പാടുന്നതിന് മുമ്പ് താന്‍ വളരെ അധികം ടെന്‍ഷനടിച്ചിരുന്നുവെന്നും ആ പാട്ട് എങ്ങനെ പാടി എന്നത് അത്ഭുതമാണെന്നും അദ്ദേഹം പറയുന്നു. സ്വന്തം യുട്യൂബ് ചാനലില്‍തന്റെ കലാ ജീവിതത്തിലെ അനുഭവങ്ങള്‍ വീഡിയോയാക്കി പങ്കിടാറുണ്ട് എം.ജി ശ്രീകുമാര്‍. പുതിയ എപ്പിസോഡിലാണ് ഏയ് ഓട്ടോയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ എം.ജി ശ്രീകുമാര്‍ പങ്കിട്ടത്.

ഞാന്‍ തീ തിന്ന ഒരു പാട്ടാണത്. ഇന്നൊക്കെയാണെങ്കില്‍ എനിക്ക് അത് പാടാനാകുമെന്ന് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല വേണു നാഗവള്ളിയാണ് അതിന്റെ സംവിധായകന്‍. ചെന്നൈയിലാണ് റെക്കോര്‍ഡിങ്. എസ്ബിഐയില്‍ വര്‍ക്ക് ചെയ്യുന്ന സമയവും. ഒരു ദിവസം നാലരയ്ക്കാണെങ്കില്‍ പിറ്റേ ദിവസം അഞ്ചരക്കാണ് ഫ്‌ളൈറ്റ്. പക്ഷെ എനിക്ക് പോകേണ്ട ദിവസം തെറ്റിപ്പോയി. ഞാന്‍ റെക്കോര്‍ഡിങ്ങിന് പോകേണ്ട ദിവസം നാലരയോടെ ഫ്‌ളൈറ്റിന് ചെല്ലണം എയര്‍പോര്‍ട്ടില്‍ എത്തുന്നത് അഞ്ചരക്കാണ്.

ചെന്ന് കയറിയപ്പോള്‍ തന്നെ എയര്‍പോര്‍ട്ടില്‍ ഒരു ശൂന്യത. പിന്നെയാണ് മനസിലാകുന്നത് ഫ്‌ളൈറ്റ് മിസ്സായെന്ന്. വേണു ചേട്ടനാണെങ്കില്‍ നല്ല ദേഷ്യമുള്ള ആളും. ഒന്നും ചെയ്യാനാകില്ല. എന്റെ കയ്യിലാണെങ്കില്‍ ഒറ്റ പൈസയില്ല. ഞാന്‍ അവിടെ നിന്നും മറ്റും നൂറും ഇരുനൂറുമൊക്കെയായി കടം വാങ്ങി. അന്ന് ചെറിയ ഒരു കാറുണ്ട്. അതില്‍ ഞാന്‍ കൂട്ടുകാരെയും കൂട്ടി യാത്ര തിരിച്ചു. എസി ഒന്നും ഇല്ല. ഗ്ലാസ് ഒക്കെ താഴ്ത്തിയാണ് പോകുന്നത്. നാഗര്‍കോവില്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങി പോയി.

ഉണര്‍ന്ന് നോക്കിയപ്പോള്‍ എന്റെ വെള്ള ജുബ്ബ മഞ്ഞയായി ഇരിപ്പുണ്ട്. മഴ പെയ്ത് ചെളി അടിച്ചതാണ്. അതുപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. പിന്നെയും മൂന്നര മണിക്കൂറുണ്ട്. അംബാസിഡര്‍ കാറാണ് വേഗത ഫ്‌ളൈറ്റിന്റെ അത്രയുണ്ടോ?. അവസാനം എട്ടുമണിയായപ്പോള്‍ അവിടെ എത്തി. ഔസേപ്പച്ചന്‍ സാറിന്റെ വീട്ടിലേയ്ക്ക് പോയി റെഡിയായി സെറ്റിലേക്ക് പോയി എന്നും എംജി ശ്രീകുമാര്‍ പറയുന്നു.

ഏറ്റവും പുറകില്‍ പോയി നിന്നു. അവസാനം പൂജ കഴിഞ്ഞു. അവസാനം ഒരുവിധം പാട്ട് പഠിച്ചെടുത്ത് പാടി. എല്ലാം കഴിഞ്ഞിട്ട് ഞാന്‍ ആലോചിച്ചു, ഞാന്‍ എങ്ങനെ പാടിയെന്ന്. അന്നത്തെ വിഷയങ്ങള്‍ എല്ലാം കൂടി ആലോചിക്കുമ്പോള്‍ എനിക്ക് എല്ലാം അത്ഭുതമായിട്ടാണ് തോന്നുന്നത്. പക്ഷെ ആ പാട്ട് സൂപ്പര്‍ ഹിറ്റായി’, എന്നാണ് അനുഭവം പങ്കിട്ട് എംജി ശ്രീകുമാര്‍ വീഡിയോയില്‍ പറഞ്ഞത്.

മോഹന്‍ലാല്‍ എന്ന നടനെ കൂടുതല്‍ ജനകീയനാക്കാന്‍ ഏയ് ഓട്ടോ എന്ന സിനിമയും സഹായിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഏറ്റവും സുന്ദരനായി കാണപ്പെട്ട സിനിമ കൂടിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക ആയി എത്തിയത് രേഖയായിരുന്നു. ശ്രീനിവാസന്‍, മുരളി, എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. വേണു നാഗവള്ളി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. സരസ്വതി ചൈതന്യയുടെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top