Movies
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന്‍ ഷാഹിറിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന്‍ ഷാഹിറിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
സൂപ്പര്‍താരങ്ങളില്ലാതെയെത്തി മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച ചിത്രമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. 22ന് കേസ് വീണ്ടും പരിഗണിക്കും.
മുന്‍പ് നിര്‍മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് എറണാകുളം മരട് പൊലീസ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
ഈ കേസില്‍ സൗബിനും ഷോണും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിര്‍ദേശം.നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്റേയും, പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചിരിക്കുന്നത്. അരൂര്‍ സ്വദേശി സിറാജാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഹര്‍ജിസമര്‍പ്പിച്ചത്.
സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാല്‍ ലാഭവിഹിതമോ മുടക്ക് മുതലോ നല്‍കാതെ കബളിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഹര്‍ജിയില്‍ നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ഇത് കൂടാതെ ഓ ടി ടി പ്ലാറ്റഫോംമകുളുടെ റൈറ്റ്‌സ് നല്‍കിയതിലൂടെ 20 കൊടിയോളം രൂപ വേറെയും ചിത്രം നിര്‍മ്മാതാക്കള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആഗോള തലത്തില്‍ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.