Malayalam
ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ ബോറാണ്, ആ സിനിമ ഇപ്പോഴാണ് ചെയ്യുന്നതെങ്കില്‍ മറ്റൊരു ആംഗിളില്‍ കാണാമായിരുന്നു; ആദ്യ സിനിമയായ ഡിറ്റക്ടീവിനെക്കുറിച്ച് ജീത്തു ജോസഫ്
ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ ബോറാണ്, ആ സിനിമ ഇപ്പോഴാണ് ചെയ്യുന്നതെങ്കില്‍ മറ്റൊരു ആംഗിളില്‍ കാണാമായിരുന്നു; ആദ്യ സിനിമയായ ഡിറ്റക്ടീവിനെക്കുറിച്ച് ജീത്തു ജോസഫ്
ദൃശ്യം 2വിന്റെ വിജയത്തിന് പിന്നാലെ സംവിധായകൻ ജീത്തു ജോസഫിന്റെ അടുത്ത സിനിമ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ദൃശ്യം 2’ന്‍റെ വൻ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ’12th മാൻ’. ഒരു മിസ്റ്ററി സിനിമയാണ് 12th മാന്‍ എന്നാണ് സംവിധായകന്‍ പറഞ്ഞത്
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ സിനിമയായ ഡിറ്റക്ടീവിനെക്കുറിച്ചുള്ള ജീത്തുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഇന്നായിരുന്നുവെങ്കില്‍ ഡിറ്റക്ടീവെന്ന സിനിമയിലെ വില്ലന്‍ ജോര്‍ജുകുട്ടിയെ പോലൊരു ക്ലാസിക് ക്രിമിനലായി മാറുമായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍. ആ സിനിമയിലെ ഹീറോ മറ്റൊരാളായത് കൊണ്ട് അവസാനം പിടിക്കപ്പെട്ടേ പറ്റൂവെന്നാണ് അദ്ദേഹം പറയുന്നത്.
ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ നല്ല ബോറാണെന്നും അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. ഞാന്‍ തന്നെ എന്നാ ഈ കാണിച്ചുവച്ചതെന്ന് ആലോചിക്കാറുണ്ട്. ഇപ്പോഴാണ് ആളുകള്‍ മാറി ചിന്തിക്കുന്നത്. ഇപ്പോഴാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ മറ്റൊരു ആംഗിളില്‍ കാണാമായിരുന്നു. കില്ലറുടെ കാഴ്ചപ്പാടിലൂടെ. അതിലൊരു തെറ്റുമില്ല. നമ്മള്‍ ഏത് ആംഗിളില്‍ കാണുന്നുവെന്നതിലാണ് കാര്യമെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാലിനെ നായകനാക്കി റാം എന്നൊരു ചിത്രവും മുന്‍പ് ജീത്തു ജോസഫ് ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സിനിമ നിര്‍ത്തിവെക്കേണ്ടി വന്നു. വിദേശത്തും മറ്റും ചിത്രീകരിക്കേണ്ട രംഗമുളളതിനാലാണ് റാം മാറ്റിവെക്കേണ്ടി വന്നത്. അതേസമയം റാമിന് മുന്‍പ് 12ത് മാന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുളള ശ്രമങ്ങളിലാണ് സംവിധായകനെന്ന് അറിയുന്നു.
അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട, പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘ബ്രോ ഡാഡി’യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്‍റേതായിരിക്കും. പ്രിയദർശന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങള്‍