Connect with us

നിശാപാര്‍ട്ടി കൂടാതെ പുലരും വരെ ‘ആഫ്റ്റര്‍ പാര്‍ട്ടി’യും; സൈജു രാസലഹരിയുടെ റാക്കറ്റ് കണ്ണിയെന്ന് അന്വേഷണ സംഘം

Malayalam

നിശാപാര്‍ട്ടി കൂടാതെ പുലരും വരെ ‘ആഫ്റ്റര്‍ പാര്‍ട്ടി’യും; സൈജു രാസലഹരിയുടെ റാക്കറ്റ് കണ്ണിയെന്ന് അന്വേഷണ സംഘം

നിശാപാര്‍ട്ടി കൂടാതെ പുലരും വരെ ‘ആഫ്റ്റര്‍ പാര്‍ട്ടി’യും; സൈജു രാസലഹരിയുടെ റാക്കറ്റ് കണ്ണിയെന്ന് അന്വേഷണ സംഘം

മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു എം. തങ്കച്ചനെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. മോഡലുകളും സൈജുവും നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍, അവിടെ നിന്നു മടങ്ങിയ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ സൈജു പിന്തുടര്‍ന്നു തടഞ്ഞു നിര്‍ത്തിയ കുണ്ടന്നൂര്‍ ജംങ്ഷന്‍, അപകടം സംഭവിച്ച പാലാരിവട്ടം ചക്കരപറമ്പ് ദേശീയപാത ബൈപാസ് എന്നിവിടങ്ങളിലാണു തെളിവെടുത്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനായി 3 ദിവസത്തേയ്ക്ക് അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ നല്‍കി.
കേസില്‍ സൈജു ഒളിവില്‍പോയതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചു കേരളത്തിലേക്കു രാസലഹരി മരുന്നു കടത്തുന്ന കോഴിക്കോട് റാക്കറ്റിന്റെ കണ്ണിയാണെന്ന സൂചനയും ലഭിച്ചു.

നമ്പര്‍ 18 ഹോട്ടലായിരുന്നു സൈജുവിന്റെ സ്ഥിരം താവളം. നിശാപാര്‍ട്ടികളുടെ തുടര്‍ച്ചയായി ഇവിടെ നേരം പുലരും വരെ നടന്ന ‘ആഫ്റ്റര്‍ പാര്‍ട്ടി’കള്‍ക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളുമാണെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഹോട്ടലില്‍ നിന്ന് അമിത ലഹരിയില്‍ പുറത്തുവന്ന യുവാക്കളെ രാത്രി വൈകി വാഹനം ഓടിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാനാണു താന്‍ ശ്രമിച്ചതെന്നും ഈ ഉദ്ദേശ്യത്തോടെയാണു പിന്തുടര്‍ന്നതെന്നുമായിരുന്നു സൈജുവിന്റെ ആദ്യമൊഴി.

എന്നാല്‍, ഇവരുടെ വാഹനം സഞ്ചരിച്ച റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ നിരീക്ഷണ ക്യാമറകളില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളാണു സൈജുവിന്റെ വാദത്തെ പൊളിച്ചത്. സൈജുവിനെതിരെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിനു കാക്കനാട് സ്വദേശി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അപകടത്തില്‍ മരിച്ച മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജവെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവദിവസം ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരില്‍വച്ച് മോഡലുകളുമായി വാക്കുതര്‍ക്കം ഉണ്ടായിയെന്നും പൊലീസ് കണ്ടെത്തി. ഇതിനിടെ കൊച്ചിയിലെ ഹോട്ടലുകളില്‍ ലഹരിമരുന്നു വിതരണം ചെയ്യുന്നതിനു ചുക്കാന്‍ പിടിക്കുന്നത് സൈജുവാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇയാള്‍ പൊലീസിനു പിടികൊടുക്കാതെ മുങ്ങിയതും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതും.

ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാര്‍ട്ടി നടന്ന റൂഫ് ടോപ്പിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരന്നു.

അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെല്‍വിന്റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. 
നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടു. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ നിലപാട്. ഇതിനിടെ മരിച്ച പെണ്‍കുട്ടികളുടെ വാഹനത്തെ മുന്‍പും അരെങ്കിലും പിന്തുടര്‍ന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top