Malayalam
ദിലീപിന്റെ ലൈഫ് ഓഫ് ജോസുകുട്ടി എന്റെ സ്വപ്‌നമായിരുന്നു; അതിന്റെ തിരക്കഥ കൈമാറേണ്ടി വന്നതിന് പിന്നിലെ കഥ പറഞ്ഞ് കുമാര്‍ നന്ദ
ദിലീപിന്റെ ലൈഫ് ഓഫ് ജോസുകുട്ടി എന്റെ സ്വപ്‌നമായിരുന്നു; അതിന്റെ തിരക്കഥ കൈമാറേണ്ടി വന്നതിന് പിന്നിലെ കഥ പറഞ്ഞ് കുമാര്‍ നന്ദ
ദിലീപിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൈഫ് ഓഫ് ജോസുക്കുട്ടി. 2015 ല്‍ റിലീസ് ചെയ്ത ചിത്രം ദിലീപിന്റെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഇത് താനെഴുതിയ തിരക്കഥയില്‍ നിന്നും പിറന്ന സിനിമയാണെന്ന് ചൂണ്ടി കാണിച്ച് എത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ കുമാര്‍ നന്ദ. തന്റെ സ്വപ്ന സിനിമയായിരുന്നിട്ടും അത് നടക്കാതെ വന്നത് കൊണ്ട് തിരക്കഥ കൈമാറുകയായിരുന്നു. എന്നാല്‍ പിന്നീട് തന്റെ പേര് പോലുമില്ലാതെ ആ സിനിമ വന്നത് തന്റെ ഉള്ളിലെ ഏറ്റവും വലിയ സങ്കടങ്ങളില്‍ ഒന്നായി തീര്‍ന്നു. ഇപ്പോഴും ആ വേദനയിലാണെന്ന് കുമാര്‍ നന്ദ പറയുന്നു. ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.
ലൈഫ് ഓഫ് ജോസുക്കുട്ടിയെ കുറിച്ച് പറയുകയാണെങ്കില്‍ അത് ശരിക്കും അതിന്റെ തിരക്കഥ എന്റേതാണ്. ഇതിന് മുന്‍പ് പലയിടത്തും ഞാനിത് പറഞ്ഞിട്ടുണ്ട്. ജോസുക്കുട്ടി എഴുതിയ സുവിശേഷം എന്നായിരുന്നു അതിന്റെ പേര്. അതിലെ താരങ്ങളെന്ന് പറഞ്ഞാല്‍ ടിനി ടോം, കൈലേഷ്, നന്ദു, മേഘ്ന, മോണിക്ക തുടങ്ങിയ താരങ്ങളെയാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിന് പറ്റിയ ലൊക്കേഷന്‍ ശ്രീലങ്കയാണെന്ന് തോന്നി. അതിന്റെ നിര്‍മാതാവ് എനിക്ക് വേണ്ടപ്പെട്ട ആളാണ്. ചിത്രീകരണത്തിന് വേണ്ടി ശ്രീലങ്കയില്‍ പോയെങ്കിലും പ്രത്യേക സാഹചര്യം കൊണ്ട് ഷൂട്ട് ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ ഞങ്ങളവിടുന്ന് തിരിച്ച് പോന്നു. അതിന് ശേഷം നിര്‍മാതാവ് എന്നെ വന്ന് കണ്ടു. എന്താണ് ചെയ്യേണ്ടത്. നമുക്ക് കുറച്ച് പൈസ ഇറങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിച്ചു. ഇത്രയും ചെലവുകള്‍ വന്ന സ്ഥിതിയ്ക്ക് ഈ സ്‌ക്രീപ്റ്റ് ഞാന്‍ തരാമെന്ന് പറഞ്ഞു. വേറെ ആരെങ്കിലും ചെയ്യട്ടേ, ജിത്തു ജോസഫിനോട് പറഞ്ഞോളു. അദ്ദേഹം അതിന് കറക്ട് ആളാണെന്ന് ഞാന്‍ സൂചിപ്പിച്ചു. ജിത്തു അന്നേരം ദൃശ്യമൊക്കെ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. അങ്ങനെയാണ് ജിത്തുവിനെ അവര്‍ സമീപിച്ചത്.
എനിക്കിതില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് എഴുതി തരാന്‍ അവര്‍ പറഞ്ഞു. ഞാന്‍ എഴുതി കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ജോസുക്കുട്ടിയുടെ സുവിശേഷം എന്ന സിനിമ അദ്ദേഹം തന്നെ നിര്‍മ്മിക്കുകയും ജിത്തു ജോസഫ് അതിന്റെ സംവിധായകനായി മാറുകയും ചെയ്തത്. പടത്തിന്റെ പേര് മാറി ലൈഫ് ഓഫ് ജോസുക്കുട്ടി എന്നാക്കി. ഇതാണ് അതിലൊരു ചെയിഞ്ച് വന്നത്. ഒന്നര വര്‍ഷത്തോളം എടുത്താണ് ഞാനാ സ്‌ക്രിപ്റ്റ് എഴുതിയത്. പല സ്ഥലങ്ങളിലും പോയി താമസിച്ചാണ് സ്‌ക്രിപ്റ്റ് എഴുതിയത്. എന്റെ ഭാര്യയ്ക്കും കുട്ടിയ്ക്കുമൊക്കെ അതിലെ ഡയലോഗുകള്‍ കാണാപാഠമായിരുന്നു. ഇത് കൊടുക്കണ്ട, അത്രയും കഷ്ടപ്പെട്ട് എഴുതിയത് അല്ലേ എന്നൊക്കെ ചോദിച്ച് ഭാര്യ കരച്ചിലായിരുന്നു. എങ്കിലും കാര്യങ്ങള്‍ നടക്കട്ടെ എന്ന് കരുതി കൊടുക്കുകയാണ് ചെയ്തത്. ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല. ആ സിനിമ ഞാനുണ്ടാക്കി എടുത്ത കുഞ്ഞാണ്. അപ്പോള്‍ നമ്മളെയൊക്കെ അവോയിഡ് ചെയ്ത് പോകുമ്പോഴുള്ള മാനസിക വിഷമം വലുതാണ്. അതില്‍ എന്റെ പേര് പോലും വെച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം. താങ്ക്സ് കാര്‍ഡ് മാത്രം വെച്ചിട്ടുണ്ടെന്ന് ഞാനറിഞ്ഞു. ഇന്നും ആ വിഷമം എന്നിലുണ്ട് എന്നും കുമാര്‍ നന്ദ പറഞ്ഞു.