Connect with us

മലയാളികളെ മുഴുവൻ ബാബു മലകയറ്റിയപ്പോൾ കണ്ടെടുത്തത് മറ്റൊരു അത്ഭുത കാഴ്ച; എല്ലാം ഒരു നിമിത്തം; യോദ്ധ സിനിമയുടെ സംവിധായകൻ പറയുന്നു!

Malayalam

മലയാളികളെ മുഴുവൻ ബാബു മലകയറ്റിയപ്പോൾ കണ്ടെടുത്തത് മറ്റൊരു അത്ഭുത കാഴ്ച; എല്ലാം ഒരു നിമിത്തം; യോദ്ധ സിനിമയുടെ സംവിധായകൻ പറയുന്നു!

മലയാളികളെ മുഴുവൻ ബാബു മലകയറ്റിയപ്പോൾ കണ്ടെടുത്തത് മറ്റൊരു അത്ഭുത കാഴ്ച; എല്ലാം ഒരു നിമിത്തം; യോദ്ധ സിനിമയുടെ സംവിധായകൻ പറയുന്നു!

മലയാളികളെ ഒന്നടങ്കം മലകയറ്റിയ യുവാവ് ബാബു ഇന്ന് വാർത്താ കോളങ്ങളിലും സോഷ്യൽ മീഡിയയിലും താരമായിരിക്കുകയാണ്. 43 മണിക്കൂറിലേറെ മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ ബാബു കുടുങ്ങിക്കിടക്കുകയുണ്ടായി. കരസേനയുടെ പ്രത്യേക സംഘം ബാബുവിനെ സുരക്ഷിതമായി മലമുകളിലെത്തിച്ചതോടെ മലയാളികൾക്ക് അഭിമാന മുഹൂർത്തമായി മാറുകയായിരുന്നു.

എന്നാൽ ഈ സമയം സാഹസികത ഇഷ്ടപ്പെടുന്നവർ മലമുകളിലെ കൂടുതൽ വിശേഷം അറിയാൻ ശ്രമിക്കുകയാണ്. അതോടൊപ്പം കുമ്പാച്ചി മലയെ മുമ്പെവിടെയോ കണ്ടിട്ടുണ്ടല്ലോ, എന്ന സംശയവും ബലപ്പെട്ടു.

സംശയം തെറ്റിയില്ല, മലയാളികളുടെ പ്രിയപ്പെട്ട സിനിമ യോദ്ധയിലേക്കാണ് ഈ സംശയം വിരൽ ചൂണ്ടിയത് . റിംബോചെയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാഴ്ച നഷ്ടപ്പെട്ട തൈപ്പറമ്പിൽ അശോകൻ നേപ്പാളി ഗുരുവിൽ നിന്ന് ആയോധനവിദ്യ അഭ്യസിക്കുന്ന രംഗങ്ങളിൽ പശ്ചാത്തലത്തിൽ നേപ്പാളിന്റെ ഗരിമയെ അടയാളപ്പെടുത്തി ഉയർന്നു നിന്നത് പാലക്കാട്ടെ കുമ്പാച്ചി മലയായിരുന്നോ? അക്കോസേട്ടൻ യോദ്ധാവായ ആ മല തന്നെയാണോ ഈ മല.

ചർച്ചകൾ ഏറിയപ്പോൾ യോദ്ധയുടെ സംവിധായകൻ സംഗീത് ശിവനിലേക്കുതന്നെ ചോദ്യമെത്തി. ആ രംഗങ്ങൾക്കു പിന്നിലെ കഥകൾ സംഗീത് ശിവൻ തന്നെ പറഞ്ഞിരിക്കുകയാണ് . ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്ത സംഗീത് ശിവന്റെ വാക്കുകൾ വായിക്കാം.

“‘സത്യം പറഞ്ഞാൽ ഈ പേരുകളൊക്കെ ചാനലുകളിൽ കേട്ടപ്പോൾ ഇതു ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലമാണെന്ന് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ചാനലുകളിൽ കാണിച്ചതൊക്കെ ഡ്രോൺ ദൃശ്യങ്ങൾ ആയിരുന്നല്ലോ. ഞങ്ങൾ അന്ന് കണ്ടത് ‘ഐ ലെവലി’ലുള്ള കാഴ്ചകളും. യുവാവ് മലയിടുക്കിൽപ്പെട്ടതും അതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനവുമെല്ലാം എല്ലാവരെയും പോലെ ഞാനും ശ്രദ്ധിച്ചിരുന്നു. എനിക്കപ്പോൾ കൂടുതൽ കണക്ട് ആയത് ഡാനി ബോയിലിന്റെ 127 അവേഴ്സ് എന്ന ചിത്രമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മൊബൈലിലേക്ക് യോദ്ധയിലെ സ്ക്രീൻഷോട്ടുകൾ വരാൻ തുടങ്ങി. അപ്പോഴാണ് ഞാനും ഇക്കാര്യം ശ്രദ്ധിച്ചത്. രസകരമായ കാര്യമെന്താണെന്നു വച്ചാൽ, എപ്പോഴും എന്തെങ്കിലുമൊക്കെ കേരളത്തിൽ നടക്കുമ്പോൾ എവിടെയെങ്കിലും അതു യോദ്ധയുമായി ആളുകൾ കണക്ട് ചെയ്യും. രാഷ്ട്രീയമായാലും സിനിമയായാലും മറ്റു സംഭവങ്ങൾ ആയാലും. ഇതിപ്പോൾ ലൊക്കേഷൻ ആയെന്നു മാത്രം.’– സംഗീത് ശിവൻ പറയുന്നു.

മോഹൻലാലിനെ ആയോധനവിദ്യ പരിശീലിപ്പിക്കുന്ന രംഗങ്ങളെല്ലാം പാലക്കാടാണ് ചിത്രീകരിച്ചത്. ചില ഭാഗങ്ങൾ അന്ന് നേപ്പാളിൽ ചിത്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തിരിച്ചു നേപ്പാളിൽ പോകുന്നതിനേക്കാൾ ആ പരിശീലകനെ മാത്രം കേരളത്തിലേക്കു കൊണ്ടു വന്ന് ഇവിടെ ചിത്രീകരിക്കുന്നതല്ലേ എന്നു തോന്നി. അങ്ങനെയാണ് പാലക്കാട് ചിത്രീകരിച്ചത്. പ്രണവം മേനോൻ ചേട്ടനായിരുന്നു ആ സമയത്ത് പ്രൊഡക്ഷന്റെ മേൽനോട്ടം. അദ്ദേഹമാണ് കുമ്പാച്ചി മലയും പരസരപ്രദേശങ്ങളും നിർദേശിച്ചത്. അങ്ങനെ ഞങ്ങൾ അവിടെ കാണാൻ പോയി. ഞാൻ ആദ്യം ആ സ്ഥലം കണ്ടപ്പോൾ ഇതു കേരളത്തിൽ തന്നെയാണോ എന്നു പോലും സംശയിച്ചു.’

‘അത്രയും മനോഹരമായ കാഴ്ചയായിരുന്നു അത്. അവിടെ എത്തിപ്പെടാൻ കുറച്ചു പാടു പെട്ടു. അന്നത്തെ കാലത്ത് ലൊക്കേഷൻ കാണാൻ പോകുന്നതൊക്കെ നല്ല കഷ്ടപ്പാടുള്ള കാര്യമാണ്. ഇപ്പോഴത്തെ പോലെ ആരെയെങ്കിലും വിട്ട് കുറച്ചു പടങ്ങൾ എടുത്തിട്ടു വാ എന്നു പറയാൻ കഴിയില്ല. നമ്മൾ തന്നെ പോകണം. കുമ്പാച്ചി മല പശ്ചാത്തലമായി ലഭിക്കുന്ന തരത്തിലാണ് അന്ന് ദൃശ്യങ്ങളെടുത്തത്. ആ മല പശ്ചാത്തലത്തിൽ വന്നാലല്ലേ നേപ്പാളായി തോന്നുകയുള്ളൂ. കൂടാതെ ഗുഹയ്ക്കകത്തെ ഫൈറ്റും ചിത്രീകരിച്ചത് പാലക്കാട് സെറ്റിട്ടായിരുന്നു.’–സംഗീത് ശിവൻ പറഞ്ഞു.

യോദ്ധയുടെ ലൊക്കേഷൻ തപ്പി നടന്ന യാത്രകളുടെ ബുദ്ധിമുട്ട് നോക്കിയാൽ കുമ്പാച്ചി മലയുടെ ഭാഗത്തെ ട്രക്കിങ് താരതമ്യേന ലളിതമായിരുന്നെന്ന് സംഗീത് ശിവൻ പറയും. ‘ലൊക്കേഷൻ നോക്കിപ്പോകുന്ന കാര്യം സന്തോഷിന് (സന്തോഷ് ശിവൻ) നല്ല താൽപര്യമായിരുന്നു. അദ്ദേഹം ആദ്യം ചാടിയിറങ്ങും. അങ്ങനെ ഒരുപാടു മലകളും കുന്നുകളും നൂറുകണക്കിന് പടികളും കയറിയിറങ്ങിയ സമയമായിരുന്നു അത്. നേപ്പാളിൽ അന്ന് ലൊക്കേഷൻ നോക്കി പോയപ്പോൾ അവിടെ രസമുള്ള ഒരു ക്ഷേത്രമുണ്ടെന്നറിഞ്ഞു. പത്തിരുന്നൂറ് പടികൾ കയറി വേണം അവിടെയെത്താൻ. താഴെ ഇരുന്ന് നമ്മൾ ആലോചിക്കും, മുകളിൽ കയറിയാൽ എന്തു കാഴ്ചയാകും കിട്ടാൻ പോകുന്നത്! പ്രയോജനമുണ്ടാകുമോ, എന്നൊക്കെ! അത്രയും എഫർട്ട് ഇട്ടാണ് ഓരോ ലൊക്കേഷനും കണ്ടെത്തിയത്. അന്നു വേറെ നിവൃത്തിയില്ല. ഇന്നത്തെപ്പോലെ ഡ്രോണില്ല. മറ്റു സംവിധാനങ്ങളില്ല. അതെല്ലാം സിനിമയുടെ ഭാഗമായിരുന്നു. ലൊക്കേഷൻ നോക്കി കുറെ നടന്നു ക്ഷീണിച്ചിട്ടുണ്ട്,’ സംഗീത് ശിവൻ പറഞ്ഞു.

നേപ്പാൾ പോലെ തോന്നിപ്പിക്കുന്ന സ്ഥലങ്ങൾ കേരളത്തിലെവിടെയെങ്കിലുമുണ്ടോ എന്ന സംഗീത് ശിവന്റെ അന്വേഷണങ്ങൾക്ക് ആശ്വാസകരമായ ഉത്തരം നൽകിയത് അന്നത്തെ പ്രൊഡക്ഷന്റെ മേൽനോട്ടം നിർവഹിച്ചിരുന്ന പ്രണവം ആർട്സ് ജനറൽ മാനേജർ പ്രണവം മേനോൻ ആയിരുന്നു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലായിരുന്നു നിശ്ചയിച്ച സമയത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാൻ സംഗീത് ശിവനെ സഹായിച്ചതും. പാലക്കാട് വിശ്രമജീവിതം നയിക്കുന്ന പ്രണവം മേനോന് യോദ്ധയെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും അന്നത്തെ ഊർജ്ജവും ആവേശവുമാണ്.

ആ കാലം പ്രണവം മേനോൻ ഓർത്തെടുക്കുന്നത് ഇങ്ങനെ: യോദ്ധയുടെ പ്രൊഡക്ഷനിൽ സജീവമായി ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. എയർ ഫോഴ്സിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് സിനിമയുടെ പ്രൊഡക്ഷനിലേക്ക് ഇറങ്ങുന്നത്. ഹിന്ദിയൊക്കെ എനിക്ക് നല്ല വശമായിരുന്നതിനാൽ നേപ്പാളിൽ എല്ലാ കാര്യങ്ങൾക്കും എന്നെയായിരുന്നു നിയോഗിച്ചിരുന്നത്. അന്ന് ഞങ്ങളുടെ സംഘത്തിൽ ഹിന്ദി അറിയുന്നവർ അങ്ങനെ ഇല്ല. അവിടത്ത് ഷൂട്ടെല്ലാം തീർത്ത് കേരളത്തിൽ എത്തിയ സമയം. എഡിറ്റിന്റെ സമയത്താണ് ചില രംഗങ്ങൾ മിസിങ് ആണെന്നറിഞ്ഞത്. ഇന്നത്തെപ്പോലെ ഗ്രാഫിക്സ് ഒന്നും അന്ന് ഇല്ലല്ലോ! വീണ്ടും അവിടെ പോകുന്നത് പ്രായോഗികമായിരുന്നില്ല. നേപ്പാളിന്റെ ഫീൽ കിട്ടുന്ന സ്ഥലം നാട്ടിലുണ്ടോ എന്ന് സംഗീത് ശിവൻ സർ ചോദിച്ചു.

ഞാൻ പാലക്കാടുകാരനാണ്. ഈ കുമ്പാച്ചി മലയുടെ അടുത്താണ് ഞാനും താമസിക്കുന്നത്. അങ്ങനെയാണ് ഞാൻ ഈ സ്ഥലം നിർദേശിച്ചത്. മഴക്കാലത്തായിരുന്നു ഷൂട്ട്. അതുകൊണ്ട് നല്ല പച്ചപ്പായിരുന്നു അവിടം മുഴുവൻ. സിനിമ റിലീസ് ആയപ്പോൾ അധികമാരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, പാലക്കാട്ടെ എന്റെ ചില സുഹൃത്തുക്കൾ ഇതു ചൂണ്ടിക്കാട്ടി. കുമ്പാച്ചി മല വച്ച് നിങ്ങൾ സെറ്റ് ചെയ്തല്ലേ എന്ന് എന്നോടു ചോദിച്ചു.

കുമ്പാച്ചി മലയ്ക്കു പോകുന്ന വഴിയിലെ മൈതാനത്തിലാണ് യോദ്ധയുടെ തുടക്കത്തിൽ കാണിക്കുന്ന കബഡി കളി ചിത്രീകരിച്ചത്. ഈ മലയുടെ പരിസരങ്ങളിൽ നാലഞ്ചു ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. വാർത്തകളിൽ വീണ്ടും കുമ്പാച്ചി മല നിറഞ്ഞപ്പോൾ ഞാൻ യോദ്ധയെക്കുറിച്ചോർത്തു. എനിക്ക് വീട്ടിലിരുന്നാൽ കാണാവുന്ന മലയാണ് ഇത്. കുമ്പാച്ചി മല എന്നാൽ ഇവിടത്തുകാർക്ക് ഒരു ഹരമാണ്. ഇവിടെ അടുത്തുള്ള വേറൊരു മലയും ഇത്രയും ആളുകളെ സ്വാധീനിച്ചിട്ടുണ്ടോയെന്ന് അറിയില്ല. പശ്ചമിഘട്ടത്തിന്റെ ഒരു ഭാഗമാണിത്. ഭയങ്കര പാറയാണിത്. അതിൽ വെയിൽ തട്ടി പ്രതിഫലിക്കുന്നതുകൊണ്ടാണ് ഞങ്ങളുടെ ഈ ഭാഗത്ത് ഇത്രയും ചൂട്.

രാത്രി ആയാൽ അതുപോലെ തണുപ്പും കാറ്റും ആകും. ആ പയ്യൻ ഈ ചൂടിൽ എങ്ങനെ പിടിച്ചിരുന്നു എന്നോർക്കുമ്പോൾ അതിനെ വിവരിക്കാൻ ‘മിറാക്കിൾ’ എന്ന വാക്കല്ലാതെ മറ്റൊന്നില്ല. ആർമിയെത്തിയാൽ പയ്യൻ രക്ഷപ്പെടും എന്നുറപ്പായിരുന്നു. പക്ഷേ, അതുവരെ അയാൾക്ക് പിടിച്ചു നിൽക്കാൻ പറ്റുമോ എന്നതായിരുന്നു സംശയം. എന്തായാലും ആ പയ്യൻ രക്ഷപ്പെട്ടു. അതിലൂടെ യോദ്ധയെക്കുറിച്ചുള്ള രസകരമായ ആ രഹസ്യവും പുറത്തായി. എന്തായാലും ഏറെ സന്തോഷമുണ്ട്. ഇങ്ങനെ ചില ഓർമകൾ പൊടിതട്ടി എടുക്കാൻ കഴിഞ്ഞല്ലോ, പ്രണവം മേനോന്റെ വാക്കുകളിൽ ഇന്നും അന്നത്തെ ആവേശം.

about yodha

More in Malayalam

Trending