Malayalam
ജയിക്കാന്‍ കഴിയും… വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ പാഠമായി എടുത്ത് മുന്നോട്ട് പോകണം! ഇത് തീരുമാനിക്കേണ്ടത് മനസ്സാണ്; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്
ജയിക്കാന്‍ കഴിയും… വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ പാഠമായി എടുത്ത് മുന്നോട്ട് പോകണം! ഇത് തീരുമാനിക്കേണ്ടത് മനസ്സാണ്; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്
ചന്ദനമഴയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയനായികയായി മാറുകയായിരുന്നു മേഘ്‌ന വിന്‍സെന്റ്. വിവാഹം കഴിഞ്ഞതോടെ സീരിയല്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് മേഘ്‌ന പോവുകയായിരുന്നു. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെ തുടർന്ന് താരം വിവാഹമോചിതയാവുകയായിരുന്നു.
ഇതിന് പിന്നാലെ തമിഴിലായിരുന്നു താരം അഭിനയിച്ചത്. ഇപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് നടി.
പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അമൃതയായാണ് താരത്തെ വിശേഷിപ്പിക്കുന്നത്. അമൃതയെന്ന കഥാപാത്രം നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്ന് മേഘ്‌ന പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
മേഘ്‌നയുടെ വാക്കുകളിലേക്ക്…
ഞാന്‍ ആദ്യം ഭയങ്കര പൊട്ടത്തി ആയിരുന്നു. നിങ്ങളെന്റെ അരുവിക്കര പ്രസംഗം കേട്ടിട്ടില്ലേ. ആരെയും പെട്ടെന്ന് വിശ്വസിക്കും. നമ്മുടെ ജീവിതത്തിലെ ഏത് നിമിഷവും എന്തും സംഭവിക്കും. ആ സമയത്ത് വൈകാരികമായി വീണ് പോകും. അപ്പോള്‍ രണ്ട് തിരഞ്ഞെടുപ്പുകളേ നമ്മുടെ മുന്നിലുള്ളു. ഒന്നുകില്‍ എഴുന്നേല്‍ക്കാം, അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് പോകും.
എഴുന്നേറ്റ് നില്‍ക്കണം, നിന്ന് കാണിക്കണമെന്ന് വിചാരിച്ചാല്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. മുന്നേറി കാണിക്കാം. ജീവിക്കണം എന്ന മനസുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും നില്‍ക്കാം. ജയിക്കാന്‍ കഴിയും. വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ പാഠമായി എടുത്ത് മുന്നോട്ട് പോകണം. ഇത് തീരുമാനിക്കേണ്ടത് മനസാണ്. മഴവില്ല് പോലെ ജീവിതത്തില്‍ നിറങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കുന്നതും എല്ലാം നമ്മളാണ്.
മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലിലേക്ക് അവസരം വന്നപ്പോള്‍ വലിയ ചലഞ്ചിംഗ് ആയിരുന്നു. കാരണം ഇതുവരെ ഇങ്ങനൊരു വേഷം എന്നെ തേടി എത്തിയിട്ടില്ല. സാധാരണ നമ്മള്‍ കാണുന്ന നായികയല്ല ജ്യോതി. അതാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് പറയാം. ജീവിതത്തിലെ വിവിധ വശങ്ങള്‍ കലര്‍ന്നൊരു പെണ്‍കുട്ടിയാണ് അവള്‍. അതായത് ഒരു പെണ്‍കുട്ടിയുടെ അകത്ത് എന്തൊക്കെ കാര്യങ്ങളുണ്ടോ അതെല്ലാം അവളുടെ മനസിലുണ്ട്. തമാശ ഉണ്ട്, കുസൃതിയുണ്ട്, സ്‌നേഹമുണ്ട്, സങ്കടങ്ങളുണ്ട്. നേടണമെന്ന ആഗ്രഹവുമുണ്ട്. പ്രണയമുണ്ട്, എനിക്ക് കഴിയുന്നതിന്റെ പരമാവധി ആ വേഷം ഭംഗിയാക്കാന്‍ സാധിക്കുന്നുണ്ട്.
ചന്ദനമഴയിലെ അമൃതയായിട്ടാണ് പ്രേക്ഷകര്‍ എന്നെ ഇപ്പോഴും കാണുന്നത്. ആളുകള്‍ മാത്രമല്ല ഞാനും അമൃതയുമായി മാനസികമായി അത്ര അടുപ്പത്തിലായിരുന്നു. എന്ന് തന്നെ പറയാം. നാല് നാലര വര്‍ഷം മലയാളത്തിലും തമിഴിലും ഞാന്‍ ഒരുപോലെ ചെയ്ത കഥാപാത്രമായിരുന്നു അത്. പതിനഞ്ച് ദിവസം മലയാളത്തിലും പതിനഞ്ച് ദിവസം തമിഴിലുമായിരുന്നു ഷൂട്ട്. അപ്പോള്‍ തന്നെ അറിയാമല്ലോ അമൃത എന്റെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്ന്. ഇപ്പോഴും അമൃതേ എന്ന് ആരെങ്കിലും വിളിച്ചാല്‍ അന്നേരം ഞാന്‍ തിരിഞ്ഞ് നോക്കും. പിന്നെയാണ് എന്നെ തന്നെയാണോ വിളിച്ചതെന്ന് ഓര്‍ക്കുക.
അത്രയധികം അടുപ്പമുള്ള കഥാപത്രമാണത്. ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇത്രയും വര്‍ഷമായിട്ടും ആളുകള്‍ അമൃതയെ ഓര്‍ക്കുന്നു എന്ന് തന്നെ പറയുമ്പോള്‍ എത്ര സന്തോഷവും അഭിമാനവുമാണത്. അവളുടെ നിഷ്‌കളങ്കതയാവാം ആളുകളുടെ മനസിലുണ്ടാവുക. അമൃതയ്ക്ക് പ്രാര്‍ഥിക്കാനും സങ്കടപ്പെടാനും മറ്റുള്ളവരെ കരുതാനും മാത്രമേ അറിയു.
അമൃത എനിക്ക് ബ്രേക്കായ കഥാപാത്രത്തിന് അപ്പുറത്ത് എന്റെ തൊട്ടടുത്തുള്ള ആളാണ്. കഥാപാത്രം എന്ന് പോലും പറയാന്‍ തോന്നുന്നില്ല. അതാണ് സത്യം. സീരിയലില്‍ എത്തിയിട്ട് പത്ത് വര്‍ഷമായി. അഞ്ചാമത്തെ വയസില്‍ തുടങ്ങിയതാണ് ആദ്യത്തെ അഭിനയം. പോപ്പി കുടയുടെ പരസ്യം. സിനിമകളും ചെയ്തിട്ടുണ്ട്. ബ്രേക്ക് കിട്ടിയത് അമൃത എന്ന കഥാപാത്രമായിരുന്നു. സിനിമ എല്ലാവരുടെയും സ്വപ്‌നമാണ്. നല്ല വേഷം കിട്ടിയാല്‍ ഇനിയും സിനിമ ചെയ്യും.
