Malayalam
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ആരാധകരെ ആകാംക്ഷയിലാഴ്ത്തി വാര്‍ത്ത; നയന്‍താര – വിഘ്‌നേഷ് ശിവന്‍ വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്‌ലിക്‌സ്
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ആരാധകരെ ആകാംക്ഷയിലാഴ്ത്തി വാര്‍ത്ത; നയന്‍താര – വിഘ്‌നേഷ് ശിവന്‍ വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്‌ലിക്‌സ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍താര – വിഘ്‌നേഷ് ശിവന്‍ വിവാഹം. വിവാഹത്തിന്റെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് പുറത്തെത്തിയത്. മറ്റ് ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ ആരാധകര്‍ക്കായി പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ചില ചിത്രങ്ങള്‍ നേരത്തെ വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ചതിനാല്‍ വിവാഹം സ്ട്രീം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫഌക്‌സ് പിന്മാറിയെന്നും 25 കോടി രൂപ നഷ്ടപരിഹാരമായി നോട്ടീസ് അയച്ചതായുമുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ പലവിധ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നയന്‍താര വിഘ്‌നേഷ് വിവാഹം സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. വിവാഹ ദിവസം ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്റ് ചെയ്തത്. സംപ്രേഷണ കരാര്‍ ലംഘിച്ചുവെന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഇരുവര്‍ക്കും നോട്ടീസ് അയച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തതിന് ഒടുവിലാണ് സ്ട്രീം ചെയ്യുന്നതായുള്ള സ്ഥിരീകരണം ഒടിടി പ്ലാറ്റ്‌ഫോം നടത്തിയത്.
ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ആയിരുന്നു ചടങ്ങുകള്‍. ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞ് നയന്‍സ് എത്തുന്ന ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. കസവ് മുണ്ടും കുര്‍ത്തയും ധരിച്ചാണ് വിഘ്‌നേഷ് ശിവന്‍ എത്തിയത്. അതിഥികള്‍ക്ക് ഡിജിറ്റല്‍ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷമായിരുന്നു വിവാഹവേദിയിലേക്ക് പ്രവേശനം.
വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു. ചടങ്ങില്‍ കേരള-തമിഴ്‌നാട് രുചികള്‍ ചേര്‍ത്തുകൊണ്ട് ഗംഭീര വിരുന്ന് തന്നെയാണ് ഒരുക്കിയിരുന്നത്. ചക്ക ബിരിയാണി, അവിയല്‍, പരിപ്പ് കറി, ബീന്‍സ് തോരന്‍, സാമ്പാര്‍ സാദം, തൈര് സാദം എന്നിങ്ങനെ പോകുന്നു വിഭവങ്ങള്‍.