Connect with us

ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും; മകളുടെ ഓര്‍മ്മയില്‍ കെഎസ് ചിത്ര

Malayalam

ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും; മകളുടെ ഓര്‍മ്മയില്‍ കെഎസ് ചിത്ര

ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും; മകളുടെ ഓര്‍മ്മയില്‍ കെഎസ് ചിത്ര

കെ എസ് ചിത്ര എന്ന് കേട്ടാല്‍ എപ്പോഴും ചിരിക്കുന്ന മുഖമാണ് നമുക്ക് ഓര്‍മ്മ വരുന്നത്. ചിത്രയുടെ ചിരി കണ്ടാല്‍ തന്നെ മനസും നിറയും. മുഖത്ത് ഒരു ചെറുചിരി പോലും ഇല്ലാത്ത മലയാളത്തിന്റെ പ്രിയ ഗായികയുടെ ചിത്രങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ ഇത്തിരി കഷ്ടപ്പെടണം. മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. ആരാധകരുടെ സ്വന്തം ചിത്രാമ്മയായും ചിത്ര ചേച്ചിയായും ഇപ്പോഴും ആരാധകരെ അമ്പരപ്പിച്ചികൊണ്ടിരിക്കുകയാണ് ചിത്ര. 1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായി മാറുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002 ഡിസംബറല്‍ കെ എസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ ശങ്കറിനും മകള്‍ പിറന്നത്. സത്യസായി ബാബയുടെ ഭക്ത കൂടിയാണ് ചിത്ര. ചിത്രയുടെ മകള്‍ക്ക് നന്ദന എന്ന് പേരിട്ടത് സായിബാബയാണെന്ന് ചിത്ര മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകള്‍ 2011 ഏപ്രില്‍ 14ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് മരണപ്പെടുകയായിരുന്നു.

സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നല്‍കിയത്. എ ആര്‍ റഹ്മാന്റെ സംഗീത നിശയില്‍ പങ്കെടുക്കാന്‍ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നന്ദനയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നീന്തല്‍കുളത്തില്‍ വീണ് മരിക്കുമ്പോള്‍ നന്ദനയ്ക്ക് ഒന്‍പത് വയസുമാത്രമായിരുന്നു പ്രായം. ഇപ്പോഴിതാ മകള്‍ നന്ദനയുടെ ഓര്‍മ ദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പാണ് കെ എസ് ചിത്ര സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ അവസാന ശ്വാസമമെടുക്കുന്നത് വരെ തന്റെ മകള്‍ തന്നോടൊപ്പമുണ്ടാകുമെന്നാണ് അകാലത്തില്‍ വേര്‍പെട്ട മകളുടെ ഓര്‍മകളില്‍ ചിത്ര കുറിച്ചിരിക്കുന്നത്.

‘നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള്‍ വിട്ടു പിരിഞ്ഞിട്ടില്ല, ഞാന്‍ അവസാന ശ്വാസമെടുക്കും വരെ നീ എന്റെ ഹൃദയത്തില്‍ ജീവിക്കും,’ എന്നും ചിത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രയുടെ പോസ്റ്റിന് കീഴെ നന്ദനയുടെ ഓര്‍മകളില്‍ സ്‌നേഹാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ കമന്റു ചെയ്യുന്നുണ്ട്. മകളുടെ എല്ലാ പിറന്നാള്‍ ദിനത്തിലും ഓര്‍മദിനത്തിലും കെ എസ് ചിത്ര കുറിപ്പ് പങ്കുവെക്കാറുണ്ട്. അത് ചിത്രയെ സ്‌നേഹിക്കുന്ന മലയാളികളെയും നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായിരിക്കും.

മകളില്ലാത്ത ജീവിതം നല്‍കുന്ന വേദനയെക്കുറിച്ച് ചിത്ര മുന്‍പും പങ്കുവെച്ചിട്ടുണ്ട്. നന്ദനയുടെ മരണത്തിന് ശേഷം ആ ഓര്‍മകളിലാണ് ചിത്രയുടെ ജീവിതം. നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നതാണെന്ന് ചിത്ര ഒരു അഭിമുഖത്തില്‍ പണ്ട് പറഞ്ഞിരുന്നു. കുഞ്ഞിനെ ദത്തെടുക്കാന്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം നടത്തണം. അതുവരെ തങ്ങള്‍ ജീവിച്ചിരിക്കുമോ എന്ന കാര്യം അറിയില്ലെന്നും അതിനാലാണ് ദത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതെന്നും ചിത്ര പറഞ്ഞിരുന്നു.

ഇപ്പോള്‍ നന്ദനയെ മാത്രം മനസില്‍ വെച്ച് ജീവിക്കുകയാണെന്നും ചിത്ര പറഞ്ഞു. മകളെ ഓര്‍ത്തുകൊണ്ടാണ് ഓരോ ദിവസവും താനും ഭര്‍ത്താവും എഴുന്നേല്‍ക്കുന്നതെന്നും നന്ദനയുടെ മരണം ജീവിതത്തിന്് തന്ന ആഘാതം വലുതാണെന്നും ചിത്ര അന്ന് ഓര്‍ത്തെടുത്തിരുന്നു. ഇനി ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതെല്ലാം തനിക്ക് താങ്ങാന്‍ കഴിയുമെന്നും മകളുടെ മരണത്തേക്കാള്‍ വലിയ ആഘാതമൊന്നും തനിക്ക് ഇനി വരാനില്ലെന്നും ചിത്ര അന്ന് പറഞ്ഞിരുന്നു. മലയാളികള്‍ക്ക് കൂടി പ്രിയങ്കരിയായ പാട്ടുകാരിയുടെ ഏറ്റവും വലിയ ദുഃഖത്തില്‍ ആസ്വാദകരും പങ്കുചേരാറുണ്ട്.

എന്നും നിറചിരിയോടെ മാത്രമെ സംഗീതാസ്വാദകര്‍ ചിത്രയെ കണ്ടിട്ടുള്ളൂ. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ ആരാധകരുടെ സ്വന്തം ചിത്രാമ്മ പാടിയിട്ടുണ്ട്. ഇതിന് പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ച ചിത്രക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2005ല്‍ ആണ് ചിത്രയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഈ വര്‍ഷം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയും രാജ്യം ചിത്രയെ ആദരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top