Actress
അമ്പെയ്യാന്‍ പരാജയപ്പെട്ടു, എന്നാല്‍ പിന്നെ രണ്ട് ജയ് ശ്രീരാം വിളിക്കാം; കങ്കണയ്‌ക്കെതിരെ ട്രോളുകള്‍
അമ്പെയ്യാന്‍ പരാജയപ്പെട്ടു, എന്നാല്‍ പിന്നെ രണ്ട് ജയ് ശ്രീരാം വിളിക്കാം; കങ്കണയ്‌ക്കെതിരെ ട്രോളുകള്‍
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലവ കുശ രാംലീലയില്‍ രാവണദഹനം നടത്താന്‍ വന്ന ബോളിവുഡ് താരം കങ്കണ റണാവത്ത് പരിപാടിയുടെ ഭാഗമായി അമ്പെയ്യുന്നതില്‍ പരാജയപ്പെട്ടു. രാവണദഹനം നടത്തിയ ആദ്യ വനിത കൂടിയാണ് കങ്കണ റണാവത്ത്.
എന്നാല്‍ അമ്പെയ്യാന്‍ പരാജയപ്പെട്ട താരത്തെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍, കങ്കണ കയ്യില്‍ വില്ലുമായി നില്‍ക്കുന്നത് കാണാം.
അമ്പെയ്യാന്‍ കങ്കണ മൂന്ന് തവണ ശ്രമിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്ന് ലവ് കുശ് രാംലീല കമ്മറ്റിയിലെ ഒരു അംഗം അമ്പ് എയ്യുകയായിരുന്നു. അമ്പെയ്ത്തില്‍ പരാജയപ്പെട്ടതിന് ശേഷം കങ്കണ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും വീഡിയോയില്‍ കാണാം.
‘എല്ലാ വര്‍ഷവും ചെങ്കോട്ടയില്‍ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാന്‍ പോകുന്നു, ജയ് ശ്രീറാം’ എന്നാണ് രാവണ ദഹനത്തിന് മുന്‍പെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കങ്കണ കുറിച്ചത്.
സിനിമയില്‍ വീരശൂര പരാക്രമം കാണിക്കുന്ന കങ്കണയ്ക്ക് ഇത്രയും ചെറിയ കാര്യം പോലും അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. ചൊവാഴ്ചയായിരുന്നു ഡല്‍ഹിയില്‍ ദസറ ആഘോഷങ്ങള്‍ നടന്നത്. കഴിഞ്ഞ വര്‍ഷം നടന്‍ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.
