Malayalam
തൊട്ടടുത്ത കടയിൽ നിന്നും കിട്ടുമെന്ന് തോന്നും, പക്ഷെ 100 കടയിൽ കയറിയാലും കിട്ടരുത് ! – ശോഭനയ്ക്ക് ഫാസിൽ നൽകിയ ചലഞ്ച് !
തൊട്ടടുത്ത കടയിൽ നിന്നും കിട്ടുമെന്ന് തോന്നും, പക്ഷെ 100 കടയിൽ കയറിയാലും കിട്ടരുത് ! – ശോഭനയ്ക്ക് ഫാസിൽ നൽകിയ ചലഞ്ച് !
By
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ് . ആ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളോടും പ്രേക്ഷകർക്ക് ഇഷ്ടം കൂടുതലാണ് . ഇപ്പോൾ സിനിമയിൽ ശോഭന ധരിച്ച മനോഹരമായ സാരികൾ കുറിച്ച് പറയുകയാണ് ഫാസിൽ.
‘മണിചിത്രത്താഴി’ലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ ശോഭനയുടെ ചിത്രത്തിലെ കോസ്റ്റ്യൂം (വസ്ത്രാലങ്കാരം) ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാസിലിന്റെ എല്ലാ ചിത്രങ്ങളിലും എന്ന പോലെ ‘മണിച്ചിത്രത്താഴി’ലും കോസ്റ്റ്യൂമിന് പ്രത്യേകതകള്‍ ഉണ്ടായിരുന്നു.വേലായുധന്‍ കീഴില്ലമാണ് ‘മണിചിത്രത്താഴി’ന്‍റെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത്. ശോഭനയുടെ ഗംഗ എന്ന കഥാപാത്രം ധരിച്ചിരുന്ന സാരികള്‍ തെരഞ്ഞെടുക്കുന്നതില്‍ ശോഭനയ്ക്കും പങ്കുണ്ടായിരുന്നു.
സംവിധായകന്‍ ഫാസിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാംഗ്ലൂരില്‍ നിന്നും സിനിമയ്ക്കാവശ്യമുള്ള വേഷങ്ങള്‍ വാങ്ങിയത്. ആര്‍ട്ടിസ്റ്റുമായി ചര്‍ച്ച ചെയ്തു മാത്രം തന്‍റെ സിനിമകളിലെ കോസ്റ്റ്യൂം തീരുമാനിക്കാറുള്ള സംവിധായകനാണ് ഫാസില്‍. ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ചിത്രങ്ങളിലെ ഫാഷന്‍ എലെമെന്റിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
“ആര്‍ട്ടിസ്റ്റില്ലാതെ എനിക്ക് കോസ്റ്റ്യൂമിനെ കുറിച്ചൊരു ചിന്തയുമില്ല. ഫസ്റ്റ് പ്രിഫറന്‍സ് അവരാണല്ലോ, അവരാണല്ലോ അത് ധരിക്കേണ്ടത്. ആര്‍ട്ടിസ്റ്റുകളുമായിട്ടാണ് എന്റെ കമ്മ്യൂണിക്കേഷന്‍, നോക്കെത്താദൂരത്തിലെ ഓരോ ഡ്രസ്സും ഞാന്‍ നദിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്താണ് തീരുമാനിച്ചത്. അതു പോലെ തന്നെ സൂര്യപുത്രിയിലേതും, അമലയുമായി സംസാരിച്ചാണ് ഓരോ ഡ്രസ്സിലേക്കും എത്തിയത്.”
വസ്ത്രാലങ്കാരത്തിന്റെ കാര്യത്തില്‍ താന്‍ ഏറ്റവും വലിയ ചലഞ്ച് കൊടുത്തിട്ടുള്ളത് നടി ശോഭനയ്ക്കാണ് എന്നും ഫാസില്‍ പറഞ്ഞു. ‘മണിചിത്രത്താഴി’ലെ ഗംഗ എന്ന കഥാപാത്രത്തിന്റെ വേഷങ്ങളെ സംബന്ധിച്ചായിരുന്നു അത്. ഗംഗ കൂടുതല്‍ സമയവും സാരിയും ബ്ലൗസും ധരിക്കുന്ന ആളാണ്, പാട്ടിനിടെ ഒന്നു രണ്ടിടത്ത് ചുരിദാര്‍ ധരിക്കുന്നുണ്ട്. പിന്നെ നാഗവല്ലിയായി മാറുന്ന കോസ്റ്റ്യൂം. ഇതില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു വെല്ലുവിളി.
“ചിത്രത്തിന്റെ ഡിസ്കഷനുമായി ഞാന്‍ ചെന്നൈയിലുള്ളപ്പോള്‍ ശോഭന വിളിച്ചിട്ട് ഞാന്‍ ബാംഗ്ലൂര്‍ പോവുകയാണ് എന്നു പറഞ്ഞു. ബാംഗ്ലൂരില്‍ സാരിയുടെ നല്ല സെലക്ഷന്‍ കാണും, അവിടുന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീര്‍ച്ചയായും എടുക്കണം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ സാറിന്റെ മനസ്സില്‍ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്നു ചോദിച്ചു. ‘വളരെ സിമ്ബിള്‍ ആയിരിക്കണം, തൊട്ടടുത്ത കടയില്‍ പോയാല്‍ കിട്ടുമെന്നു തോന്നുന്ന സാരിയായിരിക്കണം, എന്നാല്‍ നൂറു കടകളില്‍ പോയാലും കിട്ടുകയുമരുത്. അങ്ങനത്തെ സാരികളാണ് നമുക്ക് വേണ്ടത്’ എന്നായിരുന്നു എന്റെ മറുപടി. ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു,” ഫാസില്‍ ഓര്‍ക്കുന്നു.
സിനിമകള്‍ പ്രേക്ഷകരില്‍ അവശേഷിപ്പിക്കുന്ന ആസ്വാദനത്തിന്റെയും വൈകാരികതയുടെയും തലത്തിന് അപ്പുറത്തേക്ക് അതു സംഗീതത്തിന്റെ ലോകത്തും ഫാഷന്റെ ലോകത്തുമൊക്കെ ഉണ്ടാക്കുന്ന ചില പ്രതിഫലനങ്ങള്‍ ഉണ്ട്. തന്‍റെ സിനിമകളിലൂടെ കേരളത്തിന്‍റെ ഫാഷന്റെ ലോകത്ത് ട്രെന്‍ഡുകള്‍ തീര്‍ത്തു കൊണ്ടിരുന്ന ഫാസില്‍. തന്റെ ഓരോ ചിത്രങ്ങളിലും ഏറ്റവും ട്രെന്‍ഡിയായ കോസ്റ്റ്യൂമുകള്‍ പരിചയപ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു. ‘നോക്കെത്താദൂരത്തിലെ’ നദിയയുടെയും ‘സൂര്യപുത്രിയിലെ’ അമലയുടെയും ‘മണിച്ചിത്രത്താഴിലെ’ ശോഭനയുടെയും ‘അനിയത്തിപ്രാവിലെ’ ശാലിനിയുടെയുമെല്ലാം കോസ്റ്റ്യൂമുകള്‍ ഒരുകാലത്ത് ക്യാമ്ബസുകളിലും ചെറുപ്പക്കാര്‍ക്കുമിടയിലുമൊക്കെ സൃഷ്ടിച്ച തരംഗം ചെറുതല്ല.
fazil about shobana’s costume in manichithrathazhu
