ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ
ഏറ്റവും പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.കിംഗ് ഓഫ് കൊത്ത’ നെഗറ്റീവ് പ്രചാരണങ്ങള്‍ നേടുന്നതിനിടയിലും തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ ഇവിടെ എത്താന്‍ കാരണം പ്രേക്ഷകര്‍ ഓരോരുത്തരുമാണെന്നും വീണു പോകുമ്പേഴെല്ലാം അവര്‍ താങ്ങായി നിന്നിരുന്നുവെന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സ്‌നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ ഓരോരുത്തരും ആണ്. ആ സ്‌നേഹം കാരണം ഞാന്‍ എല്ലാ സമയത്തും എല്ലാം നല്‍കുന്നു. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി.”
”അത് എന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്.”
”നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു” എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
ഓഗസ്റ്റ് 24ന് ആണ് അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രത്തിന് റിലീസിന് പിന്നാലെ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിനെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.