Connect with us

ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ? ഒന്ന് പരിശോധിക്കാം. കുറിപ്പ്…

Interesting Stories

ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ? ഒന്ന് പരിശോധിക്കാം. കുറിപ്പ്…

ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയുമോ? ഒന്ന് പരിശോധിക്കാം. കുറിപ്പ്…

ഒരു ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ വിവേക് എന്ന യുവാവ് എഴുതിയ കുറിപ്പ് വായിക്കാം. മോഹൻലാലും ഫഹദ് ഫാസിലും ഒരു താരതമ്യ പഠനം. പ്രമാണി എന്ന സിനിമയിൽ കണ്ട നടൻ. ചെറിയ റോളായിരുന്നിട്ടു കൂടി ആ റോളിന് ഒരു വ്യക്തിത്വം കൊണ്ടു വരാൻ കഴിഞ്ഞ, കണ്ണുകളിൽ തീക്ഷ്ണത നിറഞ്ഞ നടൻ. അത് കൈയെത്തും ദൂരത്തിലെ ഷാനു ആണെന്ന് പിന്നീട് മനസ്സിലായപ്പോഴുണ്ടായ അവിശ്വസനീയത, പിന്നീടുള്ള ഫഹദ് ഫാസിൽ എന്ന നടന്റെ അവിശ്വസനീയമായി വളർച്ച എന്നെപ്പോലെ നിങ്ങളെയും അമ്പരപ്പിച്ചുകാണണം. പലപ്പോഴും ഫഹദിന്റെ അഭിനയത്തെ മോഹൻലാലിൻറെതുമായി താരതമ്യം ചെയ്യുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്താണ് ഇതിനെക്കുറിച്ച് നിങ്ങൾക്ക് തോന്നുന്നത്? നമുക്ക് ഇവരുടെ അഭിനയത്തെ ഒന്ന് താരതമ്യം ചെയ്തു നോക്കാം.

ആദ്യം നമുക്ക് ഇവരുടെ സാമ്യതകൾ ഒന്നു നോക്കാം:
1. വ്യത്യസ്തമായ അഭിനയശൈലി അതുവരെ നില നിന്നിരുന്ന ശൈലിയിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലി ഇവർ കൊണ്ടു വന്നു എന്നതാണ് ഇവ തമ്മിലുള്ള ഏറ്റവും വലിയ സാമ്യമായി എനിക്ക് തോന്നിയിട്ടുള്ളത്. മോഹൻലാൽ സിനിമയിൽ വന്ന സമയത്ത് അതായത് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കുമ്പോൾ അന്ന് നില നിന്നിരുന്ന ഒരു വില്ലൻ ശൈലി അനുകരിക്കാനാണ് അദ്ദേഹത്തോട് സംവിധായകൻ ആവശ്യപ്പെട്ടത്. ഒരു ഇൻറർവ്യൂവിൽ അദ്ദേഹം പറയുന്നത് കേട്ടിട്ടുണ്ട് അന്നത്തെ വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന രജനീകാന്തിന്റെ ശൈലിയിൽ അഭിനയിക്കാനായിരുന്നു ഓഡിഷനിൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്ന്. കുറച്ചൊക്കെ സംവിധായകന്റെ ഇഷ്ടപ്രകാരം അഭിനയിക്കേണ്ടി വന്നെങ്കിലും ആദ്യ സിനിമ തൊട്ട് തന്നെ തന്റെ ഒരു ശൈലി പുറത്തെടുക്കാൻ ശ്രമിക്കുകയും അത് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതാണ് മോഹൻലാലിൻറെ വിജയമെങ്കിൽ, തന്റെ ആദ്യ സിനിമ തന്ടെതല്ലാത്ത ശൈലിയിൽ ചെയ്യേണ്ടി വന്നതാണ് ഫഹദ് ഫാസിലിന്റെ ആദ്യ പരാജയത്തിനിടയാക്കിയത്. തിരിച്ചു വന്നത് പക്ഷേ തന്റെ ശൈലി തിരിച്ചറിഞ്ഞിട്ടായത് അദ്ദേഹത്തിന് പിന്നീട് വിജയങ്ങൾ ഉണ്ടാക്കിയെടുക്കാൻ കാരണമായി. ഫാസിൽ എന്ന സംവിധായകൻ മറ്റൊരു കുഞ്ചാക്കോ ബോബനെയാണ് ഫഹദിൽ കണ്ടത്. പക്ഷേ യുണീക്കായ മറ്റൊരു നടൻ തന്നിലുന്നിട്ടുണ്ടെന്ന് തിരിച്ചറിയാൻ ഫഹദിനായി. മോഹൻലാലിൽ മറ്റൊരു രജനീകാന്തിനെ കണ്ടെത്താൻ ശ്രമിച്ച സംവിധായകർക്ക് ‘മോഹൻലാൽ’ എന്നൊരു മഹാനടനെ സംഭാവന ചെയ്ത സാക്ഷാൽ മോഹൻലാലിനെപ്പോലെ.

2. അനുകൂലമായ സാഹചര്യം: ഇവർക്ക് രണ്ടു പേർക്കും അവർക്കനുകൂലമായ ഒരു സിനിമാ സാഹചര്യം സൃഷ്ടിക്കാനോ അല്ലെങ്കിൽ അങ്ങനെയൊരു മാറ്റം സിനിമയിൽ ഉണ്ടായപ്പോൾ അഭിനയിക്കാനോ കഴിഞ്ഞു. അതായത് മലയാള സിനിമ മാറുന്ന സമയത്താണ് രണ്ടുപേരും വന്നത്. അവരുടെ കഴിവുകൾ എക്സ്പ്ലോര്‍ ചെയ്യാൻ കഴിയുന്ന ഒരു കൂട്ടം സംവിധായകർ, കഥാകൃത്തുക്കൾ ചേർന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. ചാപ്പാകുരിശിലെ ഫ്രഷ്‌നെസ്സും കഥപറച്ചിൽ രീതിയും ഫഹദിലെ നടന് എത്രമാത്രം അനുകൂലമാണെന്ന് നോക്കിയാൽ മനസ്സിലാകും. തന്റെ മികവുകളെ കൂടുതൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള, പോരായ്മകളെ മറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള റിയലിസ്റ്റിക് സിനിമകൾ ഫഹദിന് ലഭിച്ചു.

3. മോശം സിനിമകളിലെ നല്ല പ്രകടനം: നൂറ് ശതമാനം എന്ന് പറയാൻ കഴിയില്ലെങ്കിലും ഇവർ രണ്ടുപേരും അവർ അഭിനയിച്ച മോശം സിനിമകളിൽ പോലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ചില സിനിമകൾ ആ കാലഘട്ടത്തിൽ മാത്രം നന്നായി തോന്നുന്നവയാണു. പിന്നീട് കാണുമ്പോൾ കല്ലുകടി അല്ലെങ്കിൽ ക്ലിഷേ ആയി തോന്നുന്ന സിനിമകളിലും ഇനിയൊരു നൂറു വർഷം കഴിഞ്ഞാലും നമ്മെ വിസ്മയപ്പെടുത്തുന്ന അഭിനയം കാഴ്ച വയ്ക്കാൻ കഴിയുന്ന നടനാണ് മോഹൻലാൽ. ഉദാഹരണം, ജനുവരി ഒരു ഓർമ്മ. അന്ന് സൂപ്പർഹിറ്റായി ഓടിയെങ്കിലും ഇന്ന് ക്ലിഷേ ആയി തോന്നുന്നു കഥ. പക്ഷേ അതിൽ മോഹൻലാലിൻറെ ആദ്യത്തെ ഒന്നരമണിക്കൂർ അഭിനയം നമ്മളെ ഇന്ന് എന്നല്ല ഒരു കാലത്തും മടിപ്പിക്കില്ല. ജഗതിയുടെ അഭിനയം വരെ ക്ലിഷേ ആയി തോന്നുന്നുണ്ട് ആ സിനിമയിൽ. ഫഹദിന്റെ നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയിലെ ചില സീനുകളും അതുപോലെയാണ്. പടം പരാജയപ്പെട്ടെങ്കിലും നടൻ മികച്ചു നിന്നു.

4. കഥാപാത്രങ്ങളുടെ പ്രത്യേകത: മുഴുവൻ വില്ലനോ, മുഴുവൻ നല്ലവനോ അല്ലാത്ത രണ്ടിന്റെയും ഷേഡുകളുള്ള കഥാപാത്രങ്ങൾ രണ്ടുപേരും നല്ല രീതിയിൽ അഭിനയിച്ചു വിജയിച്ചിട്ടുണ്ട്. വില്ലത്തരത്തിൻറെ അളവ് കൂടിയും കുറഞ്ഞുമുള്ള മംഗലശ്ശേരി നീലകണ്ഠനും സിറിലും എല്ലാം ഉദാഹരണങ്ങളാണ്. കപടതയും നിഷ്കളങ്കതയും ഒരേപോലെ വഴങ്ങുന്ന നടനാണ് ഫഹദ്. വില്ലത്തരവും നിഷ്കളങ്കതയും ഒരേപോലെ കൊണ്ടുപോകുന്ന നടനാണ് മോഹൻലാൽ. ഇത് രണ്ടും ഒത്തുചേർന്ന കഥാപാത്രങ്ങൾ രണ്ടുപേരുടെയും കഴിവാണ്. ഒരു ഇന്ത്യൻ പ്രണയകഥയിലെ നായകൻ കപടതയും നിഷ്കളങ്കതയും ചേർത്ത് ഉണ്ടാക്കിയവനാണ്. നാടോടിക്കാറ്റിലെ മോഹൻലാൽ ഒരേസമയം നിഷ്കളങ്കനും സ്വാർത്ഥനുമാണ്. ഇങ്ങനെ രണ്ടു ഷേഡുകളെ മനോഹരമായി ബ്ലെൻഡ് ചെയ്യാനുള്ള കഴിവിൽ ഇവർ തമ്മിൽ ഒരു സാമ്യം ഉണ്ടെന്നു പറയാം.

വ്യത്യാസങ്ങൾ: ഇവർ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം വേര്‍സിറ്റാലിറ്റി ആണ്. വ്യത്യസ്ത കഥാപാത്രങ്ങളാവാൻ മുഖത്തോടൊപ്പം ശരീരഘടനയും മോഹൻലാലിനെ സഹായിക്കുമ്പോൾ, ശരീരഘടന പലപ്പോഴും, പല കഥാപാത്രങ്ങളും ഫഹദിന് ചെയ്യാൻ കഴിയുന്നതിപ്പുറമാണോ എന്ന് നമ്മളെ ചിന്തിപ്പിക്കുന്നുണ്ട്. ഇയോബിന്റെ പുസ്തകത്തിൽ ശരീര പരിമിതികളെ ആക്ഷൻ കൊണ്ടും എക്സ്പ്രഷൻസ് കൊണ്ടും കവച്ചുവെച്ചെങ്കിലും ഒരു മംഗലശ്ശേരി നീലകണ്ഠനോ ആടുതോമയെ പോലുള്ള മാസ് ഹീറോ റോളുകളോ അദ്ദേഹത്തിന് സാധിക്കുമോ എന്നത് സംശയമാണ്. അഭിനയം തെളിയിക്കാൻ ഒരു മാസ് ഹീറോ റോളിന്റെ ആവശ്യമില്ലെങ്കിൽ പോലും. ഫഹദ് ഒരു നാച്ചുറൽ ആക്ടർ എന്നാണ് എല്ലാവരും പറയുന്നത്. നാച്ചുറൽ ആക്റ്റിംഗിന്റെയും മെത്തേഡ് ആക്ടിങ്ങിന്റെയും ഒരു മിക്സ് ആണ് അദ്ദേഹത്തിന്റെ അഭിനയം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭാഷാശൈലി മാറ്റാനുള്ള അദ്ദേഹത്തിൻറെ കഴിവ് അപാരമായി തോന്നിയിട്ടുണ്ട് പലപ്പോഴും. മഹേഷിന്റെ പ്രതികാരത്തിലെ മഹേഷ് എന്ന ഫോട്ടോഗ്രാഫറുടെ നടത്തം, ബോഡി ലാംഗ്വേജ് എല്ലാം അത് മറ്റൊരാൾ എന്ന് തോന്നിക്കുന്ന വിധമാണ്. ഒരു ഫോട്ടോഗ്രാഫറെ ഒബ്‌സേർവ് ചെയ്ത് ചെയ്തതുപോലെ. തൊണ്ടിമുതലും ദൃക്സാക്ഷിയും അതുപോലെ തന്നെയാണ്, ഒരു കള്ളന്റെ മാനറിസം, ചിരി ഇതെല്ലാം വളരെ നന്നായി ഒബ്‌സേർവ് ചെയ്ത് അല്ലെങ്കിൽ ട്രെയിന്‍ ചെയ്തു ചെയ്തതു പോലെയുണ്ട്. ഫഹദിൻറെ അഭിനയത്തിന് ഒരു ഹോളിവുഡ് ശൈലി അല്ലെങ്കിൽ സൂക്ഷ്മത ഉള്ളതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരുപരിധിവരെ രണ്ടുതരം ആക്ടിങ്ങും വഴങ്ങുന്ന നടനാണ് ഫഹദ്. അന്നയും റസൂലും, ട്വന്റി ടു എഫ് കെ, ആർട്ടിസ്റ്റ്, ബാംഗ്ലൂർ ഡേയ്സ്, നോർത്ത് ഇരുപത്തി നാലു കാതം, ടേക്ക് ഓഫ്‌ ഇതിലൊക്കെ തന്നെയും രൂപത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഫഹദ് അഭിനയിക്കുന്നത്. ഫേഷ്യൽ എക്സപ്രഷന്റെ കാര്യത്തിൽ രണ്ടു പേരും ഒരേ പോലെ ചെയ്യുമ്പോഴും, ശരീരം കൊണ്ട് ഫഹദ് ഒരു മെത്തേഡ് ആക്ടർ ആണെന്ന് പറയേണ്ടിവരും. ഭാവങ്ങൾ പ്രകടിപ്പിക്കാതെ അല്ലെങ്കിൽ അണ്ടർപ്ലേ ചെയ്ത് ശരീരഭാഷ കൊണ്ട് എന്താണ് മനസ്സിൽ എന്ന് നമ്മളെ മനസ്സിലാക്കിക്കാൻ മോഹൻലാലിന് കഴിയുമ്പോൾ വളരെ സൂക്ഷ്മമായ ഭാവങ്ങൾ മുഖത്തിലൂടെയും കണ്ണിലൂടെയും കൺവെ ചെയ്താണ് ഫഹദ് അഭിനയിക്കുന്നത്.

ക്യാമറയുടെ സാന്നിധ്യം ഒരിക്കലും പ്രേക്ഷകനെ അനുഭവിപ്പിക്കാത്ത നടനാണ് മോഹൻലാൽ. അഭിനയം എന്നതിലുപരി ബിഹേവിംഗ് ആണ് അവിടെ നടക്കുന്നത്. വളരെ സൂക്ഷ്മമായ തലത്തിൽ വരെ അഭിനയിക്കാൻ കഴിയുമെങ്കിലും ഈ ഒരു മാജിക് ഫഹദിൻറെ എല്ലാ സിനിമകളിലും നമുക്ക് കാണാൻ കഴിയില്ല. കള്ളം കണ്ടുപിടിക്കപ്പെട്ടപ്പോൾ ചമ്മുന്ന അതേസമയം അതിൻറെ അനന്തര ഫലങ്ങള്‍ ഓർത്ത് ഭയക്കുന്ന ഒരു എക്സ്പ്രഷൻ, മോഹൻലാൽ ജനുവരി ഒരു ഓർമ്മ എന്ന സിനിമയിലും, ഫഹദ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലും ചെയ്തിട്ടുണ്ട്. അതിൽ ഫഹദിന്റേത് അഭിനയത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന, ഭാവങ്ങൾ സൂക്ഷ്മമായി പഠിച്ച് അഭിനയിച്ച മനോഹരമായ ഒരു എക്സ്പ്രഷൻ ആണ്. ലോകത്തെവിടെയായാലും പിടിക്കപ്പെടുന്ന ഒരാളുടെ ചമ്മിയ എക്സ്പ്രഷൻ ഇങ്ങനെ ആയിരിക്കണം എന്ന് തോന്നിക്കുന്ന വിധം. എന്നാൽ മോഹൻലാലിന്റേത് നാച്ചുറൽ ആണ്, അതോടൊപ്പം അത് യുണീക്കും ആണ്. മലയാള സിനിമയിൽ ഇത്തരം എക്സ്പ്രഷൻസ് അഭിനയിച്ച് ഫലിപ്പിക്കാൻ ഇവർ രണ്ടുപേരും കഴിഞ്ഞ വേറാരും ഉള്ളൂ.

മറ്റൊരു വ്യത്യാസം ഫഹദിന്റെ ക്യാരക്ടറുകളിൽ പൊതുവായി കാണുന്ന introversionന്റെ ഒരു അംശമാണ്. രണ്ടുപേരുടെയും യഥാർത്ഥ സ്വഭാവത്തിൽ, പ്രത്യേകിച്ച് അവരുടെ ഇന്റർവ്യൂസിൽ നിന്നും മനസ്സിലാക്കുമ്പോൾ, introversionന്റെ ചില അംശങ്ങൾ ഉള്ളതായി കാണാം. പക്ഷേ മോഹൻലാൽ തൻറെ കഥാപാത്രങ്ങളിൽ ആ ഒരു ഘടകത്തെ പൂർണമായി ഇല്ലാതാക്കുകയും ലൌഡ് ആയിട്ടുള്ള കഥാപാത്രങ്ങളെപ്പോലും അവിസ്മരണീയമാക്കുകയും ചെയ്യുമ്പോൾ ഫഹദിന് അത് അത്രത്തോളം സാധിക്കുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഒബവിയസ് അല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളിലും ഈ ഒരു ഘടകം കടന്നുവരുന്നുണ്ട്. ഞാൻ പ്രകാശൻ എന്ന സിനിമയിൽ കാർ ഡ്രൈവർക്ക് തെറ്റിച്ച് വഴി കാണിച്ചു കൊടുക്കുന്ന സീൻ ഇതിന് ഒരു ഉദാഹരണമാണ്. മറ്റു കഥാപാത്രങ്ങളിൽ introversion-ന്റെ ഘടകം പൊരുത്തപ്പെട്ട് പോകുമ്പോഴും ഈ സിനിമയിൽ അത് പലപ്പോഴും മുഴച്ചുനിൽക്കുന്നുണ്ട്. ഒരു കൂട്ടത്തിൽ തിളങ്ങുന്ന ഫഹദിന്റെ കഥാപാത്രങ്ങൾ വിരളമാണെന്നു തന്നെ പറയാം.

മോഹൻലാൽ തന്റെ തുടക്കത്തിൽ ചെയ്ത ചില സിറ്റുവേഷൻസ്, എക്സ്പ്രഷൻസ് ഒക്കെ തന്റേതായ രീതിയിൽ റെപ്ലിക്കേറ്റ് ചെയ്യാൻ ഫഹദിന് സാധിച്ചിട്ടുണ്ട്. വളരെ സ്പോണ്‍ടെനിയസ് ആയിട്ടുള്ള അത്തരം ഭാഗങ്ങൾ അല്ലെങ്കിൽ മോഹൻലാലിന്റെ ക്യൂട്ട്നെസിന്റെ ചെറിയൊരംശം കൊണ്ടുവരാൻ സാധിച്ചു കൊണ്ടാകാം ഇവർ തമ്മിൽ ഒരു താരതമ്യം ഉണ്ടാകുന്നത്. മോഹൻലാൽ എന്ന നടൻ വന്നതിനുശേഷം ഇതാദ്യമായിട്ടായിരിക്കാം മറ്റൊരു നടനെ മോഹൻലാലിനെ വച്ച് താരതമ്യം ചെയ്തു നോക്കാൻ ആളുകൾ മുതിരുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഫഹദിന്റെ ശൈലി വേറെയാണെന്നു മനസ്സിലാക്കാമെങ്കിൽ പോലും അടുത്ത തലമുറയിൽ മോഹൻലാലിനെപ്പോലെ വേറിട്ടൊരു നടനാകാൻ കഴിയുന്നത് ഇന്നത്തെ അവസ്ഥ വച്ചുനോക്കുമ്പോൾ ഫഹദിനാണ്.”

Comparison between Mohanlal and Fahad Fasil

More in Interesting Stories

Trending

Recent

To Top