News
തന്റെ സിനിമയ്ക്കായി ന്യൂക്ലിയര്‍ സ്‌ഫോടനം പുനഃര്‍നിര്‍മിച്ച് ക്രിസ്റ്റഫര്‍ നോളന്‍
തന്റെ സിനിമയ്ക്കായി ന്യൂക്ലിയര്‍ സ്‌ഫോടനം പുനഃര്‍നിര്‍മിച്ച് ക്രിസ്റ്റഫര്‍ നോളന്‍
ഭാഷാഭേദമന്യേ ക്രിസ്റ്റഫര്‍ നോളന്റെ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. തന്റെ സിനിമയില്‍ വിഎഫ്എക്‌സ് ഉപയോഗം കുറച്ച് പരമാവധി യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇപ്പോള്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ലോകം തന്നെ ഏറെ ഞെട്ടലോടെ കാണുന്ന ന്യൂക്ലിയര്‍ സ്‌ഫോടനം തന്റെ സിനിമയ്ക്കായി പുനഃര്‍നിര്‍മിച്ചിരിക്കുകയാണ് നോളന്‍. പുതിയ ചിത്രമായ ഓപ്പണ്‍ഹൈമറിനു വേണ്ടിയായിരുന്നു നോളന്റെ സാഹസം. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ഓപ്പണ്‍ഹൈമറിന്റെ നേതൃത്വത്തില്‍ നടന്ന ട്രിനിറ്റി ടെസ്റ്റ് ആണ് നോളന്‍ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. ലോകത്തിലെ തന്നെ ആദ്യത്തെ നൂക്ലിയര്‍ സ്‌ഫോടന പരീക്ഷണമായിരുന്നു ഇത്. ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
വിഷ്വല്‍ ഇഫക്റ്റ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ജാക്‌സണുമായി ചേര്‍ന്നാണ് നോളന്‍ സാഹസികമായ ചിത്രീകരണം നടത്തിയത്. തന്റെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രൊജക്ടാണ് ഓപ്പണ്‍ഹൈമര്‍ എന്നാണ് അദ്ദേഹം പറയുന്നത്. ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്.
ആറ്റംബോംബിന്റെ നിര്‍മാണവും രണ്ടാംലോക മഹായുദ്ധവും ഇതില്‍ പശ്ചാത്തലമാകും. കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്‌ലോറെന്‍സ് പഗ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും.