ഞങ്ങൾ കണ്ട് കഥ പറഞ്ഞപ്പോൾ ഉഷ ചേച്ചിയുടെ കണ്ണ് നിറഞ്ഞു ഇതുവരെ കണ്ടവരിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയാണ് ഉഷ ഉതുപ്പ് ; ബെന്നി പി നായരമ്പലം
കേരളത്തിന്റെ മരുമകളായി വന്ന് പ്യാര പ്യാര കൊച്ചിൻ ടൗൺ പാടി മലയാളികളുടെ മനം കവർന്ന ഗായികയാണ് ഉഷ ഉതുപ്പ് വ്യത്യസ്തമായ ശബ്ദവും വേഷവിധാനവുമായി പോപ്പ് ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണവർ. ഏറെ നാളുകൾക്കു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ‘ലൂസിഫറിലെ’ എമ്പുരാനേ… എന്ന ഗാനമാലപിച്ച് ഉഷ ഉതുപ്പ് മടങ്ങിവന്നിരുന്നു
ദേശീയ തലത്തിൽ അറിയപ്പെട്ട ഗായികയോട് ഇന്നും പ്രത്യേക മമത മലയാളികൾക്കുണ്ട്.
പോത്തൻ വാവ എന്ന മലയാള സിനിമയിലും ഉഷ ഉതുപ്പ് അഭിനയിച്ചു. 2006 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടി, നെടുമുടി വേണു തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിൽ ഉഷ ഉതുപ്പ് ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പോത്തൻ വാവയിൽ ഉഷ ഉതുപ്പിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം. താൻ ഇതുവരെ കണ്ടവരിൽ വെച്ച് ഏറ്റവും നല്ല വ്യക്തിയാണ് ഉഷ ഉതുപ്പെന്ന് ബെന്നി പി നായരമ്പലം പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം.
സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രമാണ്. അത് ആര് ചെയ്യും എന്ന ആലോചന നടത്തി. എൻഎൻ പിള്ള സാറിനെ ഗോഡ് ഫാദറിൽ കൊണ്ട് വന്ന പോലെ പുതുമുഖമായ ആരെയെങ്കിലും കൊണ്ടുവരണമെന്ന് ലാൽ നിർദ്ദേശിച്ചു. അങ്ങനെ പല പേരുകൾ ആലോചിച്ച കൂട്ടത്തിലാണ് ഗായിക ഉഷ ഉതുപ്പ് എന്ന ആശയം വരുന്നത്. ഞങ്ങളുദ്ദേശിച്ച പ്രൗഡ ഗംഭീരമായ രൂപത്തിന് ഉഷ ഉതുപ്പ് അനുയോജ്യയാണെന്ന് തോന്നി. അവർക്ക് അഭിനയിക്കാൻ താൽപര്യം ഉണ്ടോ, ചോദിച്ചാൽ അവർക്ക് അപമാനമായി തോന്നുമോ എന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു.
കൊൽക്കത്തയിലാണ് ഉഷ ഉതുപ്പ് താമസിക്കുന്നത്. കഥ പറയാൻ കൊൽക്കത്തയിലേക്ക് പോകാൻ നോക്കവെ ഉഷ ഉതുപ്പ് കൊച്ചിയിലേക്ക് വരുന്നുണ്ട് എന്ന വിവരം അറിഞ്ഞു. ഫോർട്ട് കൊച്ചിയിൽ വെച്ച് കാണാനുള്ള അപ്പോയ്ന്റ്മെന്റ് തന്നു. ഞങ്ങൾ കണ്ട് കഥ പറഞ്ഞപ്പോൾ ഉഷ ചേച്ചിയുടെ കണ്ണ് നിറഞ്ഞു
എന്താണെന്ന് ചോദിച്ചപ്പോൾ എന്റെ ജീവിതവുമായി ഇതിന് വളരെ ബന്ധമുണ്ട്, ഞാനും ഇന്റർകാസ്റ്റ് വിവാഹമാണ് ചെയ്തതെന്ന് അവർ പറഞ്ഞു. ഇങ്ങനെയുള്ള സിനിമകൾ വേണമെന്ന് പറഞ്ഞ് വളരെ ആവേശത്തോടെ ആ കഥാപാത്രം ഉഷ ഉതുപ്പ് സ്വീകരിച്ചെന്നും ബെന്നി പി നായരമ്പലം ഓർത്തു. ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളും ഇദ്ദേഹം പങ്കുവെച്ചു.
ലൊക്കേഷനിൽ ഉഷ ചേച്ചി പ്രൊഡക്ഷൻ ബോയ് തൊട്ട് ഡയറക്ടർ വരെയുള്ള എല്ലാവരോടും ഒരേ രീതിയിൽ പെരുമാറി. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഓരോ ദിവസം ഷൂട്ടിന് വരുമ്പോഴും എന്തെങ്കിലും പലഹാരവുമായി വന്ന് അത് വിതരണം ചെയ്യും. പലർക്കും ഡ്രസുകൾ വാങ്ങിക്കൊടുത്തു. ഒരു ദിവസം യൂണിറ്റിലെ മുഴുവൻ ആളുകൾക്കും പോത്തൻ വാവ എന്നെഴുതിയ ഷർട്ടുകൾ തയ്പ്പിച്ച് നൽകി. മധുര പലഹാരങ്ങൾ ഇല്ലാതെ ഒരു ദിവസം പോലും ഉഷ ചേച്ചി ലൊക്കേഷനിൽ വന്നിട്ടില്ല.
മലയാളം വായിക്കാനാറിയാത്തതിൽ അതെല്ലാം കുത്തിയിരുന്ന് പഠിക്കും. സീൻ കഴിഞ്ഞാൽ ശരിയായോ എന്ന് മോണിറ്ററിൽ വന്ന് നോക്കും. വളരെ ആവേശത്തോടെയാണ് ചേച്ചി ആ കഥാപാത്രം ചെയ്തത്. ഞാൻ എന്റെ ജീവിതത്തിൽ പരിചയപ്പെട്ടതിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയും ഏറ്റവും നല്ല സ്ത്രീയും ഉഷ ഉതുപ്പാണെന്നും ബെന്നി പി നായരമ്പലം പറഞ്ഞു.