Connect with us

ബാലചന്ദ്രകുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവെച്ചേ മതിയാകൂ; സഹായഭ്യര്‍ത്ഥനയുമായി ഭാര്യ

Malayalam

ബാലചന്ദ്രകുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവെച്ചേ മതിയാകൂ; സഹായഭ്യര്‍ത്ഥനയുമായി ഭാര്യ

ബാലചന്ദ്രകുമാറിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവെച്ചേ മതിയാകൂ; സഹായഭ്യര്‍ത്ഥനയുമായി ഭാര്യ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷിയായ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ബാലചന്ദ്ര കുമാര്‍ ജീവന് വേണ്ടി പൊരുതുകയാണെന്ന് നടന്‍ പ്രകാശ് ബാരെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ബാലചന്ദ്ര കുമാറിന്റെ ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ സഹായം തേടുന്ന വിവരവും പ്രകാശ് ബാരെ പങ്കുവെച്ചിട്ടുണ്ട്. ബാലചന്ദ്ര കുമാറിനെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും പ്രകാശ് ബാരെ കുറിച്ചു.

വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ബാലചന്ദ്രകുമാര്‍ ചികിത്സയിലാണ്. രോഗാവസ്ഥ കാരണം അദ്ദേഹത്തിന്റെ കേസിന്റെ വിസ്താരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ സാഹചര്യത്തില്‍ ബാലചന്ദ്ര കുമാറിനെ ഡയാലിലിന് നിരവധി തവണ വിധേയമാക്കിയിരുന്നു. തിരുവനന്തപുരത്ത് ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലാണ് ബാലചന്ദ്ര കുമാര്‍ ചികിത്സയില്‍ കഴിയുന്നത്.

ബാലചന്ദ്ര കുമാറിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിന് വേണ്ടി വരുന്ന തുക കുടുംബത്തിന് തനിച്ച് വഹിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഭാര്യ പൊതുസമൂഹത്തോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ചികിത്സയ്ക്ക് വേണ്ടി വരുന്ന 20 ലക്ഷം രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിക്കാനാണ് ശ്രമം. മികച്ച ചികിത്സ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെങ്കിലും ചിലവ് തങ്ങള്‍ക്ക് താങ്ങാനാകുന്നതല്ലെന്ന് ബാലചന്ദ്ര കുമാറിന്റെ ഭാര്യ ഷീബ പറയുന്നു.

വൃക്ക മാറ്റി വെയ്ക്കാന്‍ 20 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ചിലപ്പോള്‍ അതിലും കൂടിയേക്കാം. ഇന്‍ഷുറന്‍സ് സഹായം ഒന്നും ഇല്ലാതെ തന്നെ 10 ലക്ഷം രൂപ ഇതിനകം ചികിത്സക്കായി ചിലവാക്കിയെന്ന് ഷീബ പറയുന്നു. രണ്ട് കുട്ടികളെ നോക്കേണ്ടതുണ്ട്. കുടുംബത്തില്‍ ആകെ വരുമാനം ഉണ്ടായിരുന്നത് ബാലചന്ദ്ര കുമാറിന് മാത്രമായിരുന്നു. ദിവസേനയുളള ചിലവുകളും ചികിത്സാ ചിലവും താങ്ങാന്‍ കുടുംബത്തിന് സാധിക്കുന്നില്ലെന്നും അതിനാല്‍ കഴിയുന്നത് പോലെ സാമ്പത്തികമായി സഹായിക്കണം എന്നും ക്രൗഡ് ഫണ്ടിംഗിന് വേണ്ടിയുളള അഭ്യര്‍ത്ഥനയില്‍ ഷീബ പറയുന്നു

നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുളള നടന്‍ ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ആയിരുന്നുവെന്ന് അവകാശപ്പെട്ട് ബാലചന്ദ്ര കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് കേസില്‍ തുടരന്വേഷണത്തിന് വഴി തുറന്നത്. വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കേയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. കേസിലെ നിര്‍ണായകമായ ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നും താന്‍ അതിന് സാക്ഷിയായിരുന്നുവെന്നുമാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ദിലീപിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വിട്ട ബാലചന്ദ്ര കുമാര്‍ കേസില്‍ കാവ്യാ മാധവന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദിലീപ് ജയിലിലാകുമോ ഇല്ലയോ എന്നുള്ളത് അറിയില്ല. ദിലീപിനെ അകത്താക്കുക എന്നുള്ളത് എന്റെ ലക്ഷ്യവുമല്ല, അത് നിയമമാണ് ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ദിലീപ് അകത്താകുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ല. രണ്ടാമത്തെ കാര്യം ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി കിട്ടുമോ എന്നുള്ളതാണ്. ഒരുപാട് പേര്‍ നിരന്തരം വിളിച്ചും മെസേജ് അയച്ചും ചോദിക്കുന്നുണ്ട്. കണ്ടു വരുന്നത് വെച്ച് നീതി കിട്ടില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. എനിക്ക് നിയമത്തിലെല്ലാം വലിയ വിശ്വാസമാണ്. സത്യത്തിലും താന്‍ വിശ്വസിക്കുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

നടിയ്ക്ക് സംഭവിച്ചത് ഒരു ക്വട്ടേഷന്‍ തന്നെയാണ്. ഒരു പെണ്‍ക്കുട്ടിയെ രാത്രി തട്ടിക്കൊണ്ടു പോകുന്നു. ശാരീരികമായി ഉപദ്രവിക്കുന്നു, ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ഇത് ഒരിക്കലും പള്‍സര്‍ സുനിയ്ക്ക് വേണ്ടിയല്ല, അങ്ങനെ പറയുന്നവര്‍ക്ക് ബോധമില്ലന്നേ ഞാന്‍ പറയൂ. കാരണം, ഇതൊരു ക്വേട്ടഷന്‍ തന്നെയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ മഞ്ജു വാര്യര്‍ ഇതേ കുറിച്ച് പറയുകയും ചെയ്തിരുന്നു.

ഇതിന്റെ പിന്നില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. അവര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ കൃത്യമായി അറിയാം. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സപ്പോര്‍ട്ട് ചെയ്യാനെത്തിയതില്‍ ഒരു മനുഷ്യര്‍ പോലും ഇതൊരു ഗൂഢാലോചനയാണെന്ന് പറഞ്ഞില്ല. ഒരു പാട് നടന്മാരും നടിമാരും ഉണ്ടായിരുന്നിട്ടും വേറെ ആരും ഇതേ കുറിച്ച് പറഞ്ഞില്ല. മഞ്ജു വാര്യരുമായി അടുത്ത് നിന്ന ആളിലേയ്ക്കാണ് ഈ കാര്യങ്ങള്‍ ചെന്ന് ചേര്‍ന്നിരിക്കുന്നതും. സ്വാഭാവികമായും ഇതില്‍ സത്യമുണ്ട്.

കേസില്‍ താന്‍ ഇത്രയും തുറന്ന് പറച്ചിലുകള്‍ നടത്താന്‍ വൈകിയത് സാങ്കേതികമായി തനിക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകളും സങ്കീര്‍ണതകളും കാരണമാണ്. ഞാന്‍ കൊടുത്ത തെളിവുകള്‍ ഒരു തുടക്കം മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ കേസിന് വേണ്ടിയുള്ള തെളിവുകള്‍ ദിലീപും അദ്ദേഹത്തിന്റെ അളിയനും അദ്ദേഹത്തിന്റെ അനുജനും അദ്ദേഹവുമായി അടുത്തു നില്‍ക്കുന്നവരും ഈ അഞ്ചു വര്‍ഷത്തിനിടയിലോ ആറ് വര്‍ഷത്തിനിടിയിലോ സമാഹരിച്ചു വെച്ചിരുന്നുവെന്നതാണ് വളരെയധികം അതിശയിപ്പിക്കുന്ന വസ്തുത. വളരെ വൈകിയിട്ടാണെങ്കിലും ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത് എന്നുമാണ് ബാലചന്ദ്രകുമാര്‍ മുമ്പ് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top