Malayalam
നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ പറന്ന് ഉയര്‍ന്നത്; അനശ്വര രാജനെ കുറിച്ച് സഹോദരിയുടെ കുറിപ്പ്
നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ പറന്ന് ഉയര്‍ന്നത്; അനശ്വര രാജനെ കുറിച്ച് സഹോദരിയുടെ കുറിപ്പ്
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ നേര് എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് അനശ്വര രാജന്‍. സാറ എന്ന അന്ധയായ കഥാപാത്രത്തെയാണ് അനശ്വര ചിത്രത്തില്‍ അവതരിപ്പിച്ചത്. സഹോദരി ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ചേച്ചി ഐശ്വര്യ രാജന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഭിനയത്തിന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിട്ട താരമാണ് അനശ്വര. വ്യക്തിഹത്യ ചെയ്യപ്പെട്ടപ്പോഴും മനക്കരുത്തോടെ അനശ്വര പിടിച്ചു നിന്നത് അടക്കം പറഞ്ഞു കൊണ്ടാണ് ഐശ്വര്യയുടെ കുറിപ്പ്.
”വന്ന വഴികളില്‍ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു ഒരു കൗമാരത്തില്‍ അനുഭവിക്കുന്നതിനേക്കാള്‍..നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയര്‍ന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദര്‍ഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.
ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്റ്റംബര്‍ 28 ഓര്‍മിപ്പിക്കുന്നു. ആതിര കൃഷ്ണന്‍ എന്ന 15 വയസുകാരിയെ ഓര്‍മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അര്‍ഹിക്കുന്നു. എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാള്‍ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും. എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നില്‍ ആണ്. അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാര്‍ഥതയും തന്നെ ആണ്.” എന്നും ഐശ്വര്യ രാജന്‍ കുറിച്ചു.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്‍. മലയാളത്തിനു പുറമെ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്‍നിര നായികാ പദവിയിലേക്കെത്തിയ താരം ഇടയ്ക്കിടെ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടാറുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും അനശ്വരയെ ബാധിക്കാറില്ല.
യാരിയാന്‍ 2 എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ഈ വര്‍ഷം അനശ്വര അരങ്ങേറ്റം കുറിച്ചു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി റീമേക്കായ സിനിമയില്‍ പാര്‍വതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രമായാണ് അനശ്വര എത്തിയത്. ജയറാം നായകനാകുന്ന എബ്രഹാം ഓസ്‌ലര്‍ ആണ് നടിയുടെ പുതിയ റിലീസ്. കണ്ണൂര്‍ കരിവേലൂര്‍ സ്വദേശിയാണ് അനശ്വര. അച്ഛന്‍ രാജന്‍ പയ്യടക്കത്ത്, അമ്മ ഉഷാ രാജന്‍. ഏക സഹോദരി ഐശ്വര്യ രാജന്‍.
