Malayalam
നിങ്ങളില്ലാതെ ഈ ചിത്രം അപൂര്‍ണമാണ്; പാപ്പുവിന്റെ പിറന്നാളിന് ചിത്രം പങ്കുവെച്ച് അമൃത
നിങ്ങളില്ലാതെ ഈ ചിത്രം അപൂര്‍ണമാണ്; പാപ്പുവിന്റെ പിറന്നാളിന് ചിത്രം പങ്കുവെച്ച് അമൃത
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തി തിളങ്ങി നില്‍ക്കുകയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികള്‍ക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരില്‍ അമൃത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. എന്നാല്‍ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതല്‍ രണ്ടു പേരും വേര്‍പിരിഞ്ഞായിരുന്നു താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. നിലവില്‍ അമൃതയ്ക്ക് ഒപ്പമാണ് മകള്‍ താമസിക്കുന്നത്.
ഇടയ്ക്ക് സഹോദരി അഭിരാമിയോടൊപ്പം ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും അമൃത സുരേഷ് പങ്കെടുത്തിരുന്നു. താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നതും മനസിലാക്കുന്നത് അതിന് ശേഷമാണ്. സഹോദരി അഭിരാമിക്ക് ഒപ്പമാണ് അമൃത ഷോയില്‍ എത്തിയത്. സീസണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഇരുവരും. ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയ ശേഷം യൂട്യൂബ് ചാനലും സംഗീത പരിപാടികളും ഒക്കെയായി തിരക്കിലായിരുന്നു നടി.
മകള്‍ പാപ്പുവിന്റെ ഓരോ പിറന്നാളും അമൃതയും അഭിരാമിയും ചേര്‍ന്ന് ആഘോഷമാക്കാറുണ്ട്. എന്നാല്‍ പതിവിലും വിപരീതമായി വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാല്‍ ദിനം കഴിഞ്ഞത്. നാലു പേരും ഒന്നിച്ചു നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പാപ്പുവിന്റെ ബേര്‍ത്ത് ഡേ സെലിബ്രേഷനെ കുറിച്ച് അമൃത പറഞ്ഞത്.
ഞങ്ങളുടെ കണ്ണിന്റെ പിറന്നാള്‍ എന്നാണ് ഒരു ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷന്‍. പിന്നെ പങ്കുവച്ച ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നതായും അമൃത പറയുന്നുണ്ട്. അച്ഛാ എനിക്കറിയാം, അങ്ങ് എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന്. നിങ്ങളില്ലാതെ ഈ ചിത്രം അപൂര്‍ണമാണ്. വി മീസ്സ് യൂ അച്ഛാ എന്നണ് അമൃതയുടെ ക്യാപ്ഷന്‍.
ഈയടുത്താണ് അമൃതയുടെ പിതാവും ഓടക്കുഴല്‍ വാദകനുമായ പി ആര്‍ സുരേഷ് അന്തരിച്ചത്. അറുപത് വയസ്സായിരുന്നു. ഞങ്ങളുടെ പൊന്നച്ഛന്‍ ഇനി ഭഗവാന്റെ കൂടെ എന്നെഴുതിക്കൊണ്ട് അമൃത തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. സ്‌ട്രോക്കിനെത്തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. അമൃതയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു പിതാവ്.
എന്നാല്‍ ഇത്തവണത്തെ പിറന്നാളിന് ബാലയും എത്തിയിരുന്നതായാണ് ചില യൂട്യൂബ് ചാനലുകള്‍ പറയുന്നത്. ബാല കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായപ്പോള്‍ അമൃതയും പാപ്പുവും എത്തിയിരുന്നു. പാപ്പു തിരികെ പോയിട്ടും ഏറെ നേരം കഴിഞ്ഞാണ് അമൃത തിരിച്ചു പോയത്. ഇതെല്ലാം ചേര്‍ത്തുവെച്ച് ഇരുവരും ബന്ധം വേര്‍പിരിഞ്ഞെങ്കിലും സുഹൃത്തുക്കളാണെന്നും ബാലയുടെ ഈ അവസ്ഥ കണക്കിലെടുത്ത് അമൃത ബാലയെ പിറന്നാള്‍ ആഘോഷിക്കാന്‍ ക്ഷണിച്ചെന്നുമെല്ലാമാണ് യൂട്യൂബ് ചാനലുകള്‍ പടച്ചുവിടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബാലയോ അമൃതയോ പ്രതികരിച്ചിട്ടില്ല.
അതേസമയം, നിരവധി പേരാണ് പാപ്പുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ബാല പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധനേടിയത്. പാപ്പു തന്റെയടുക്കല്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്നാണ് വീഡിയോയില്‍ ബാല പറഞ്ഞത്.
‘ചില ഓര്‍മകള്‍ നമ്മള്‍ ലോകത്ത് എവിടെയാണെങ്കിലും മറക്കാന്‍ പറ്റില്ല. അത്തരത്തില്‍ എന്റെ മകളെ കുറിച്ചുള്ള ഓര്‍മകള്‍ എനിക്ക് മറക്കാനാവില്ല. ഹാപ്പി ബെര്‍ത്ത് ഡെ പാപ്പു… എല്ലാവരും മറന്ന് പോയി. ആര് മറന്നാലും ഞാനുണ്ട് പാപ്പു. നിന്റെ അടുത്ത് തന്നെ ഞാനുണ്ട്. എന്റെ സ്വന്തം മകള്‍ക്ക് ഞാനില്ലേ… പാപ്പു നിനക്ക് അച്ഛനുണ്ട്. ഡാഡിയുണ്ട്… ഹാപ്പി ബര്‍ത്ത് ഡെ പാപ്പു’, എന്നാണ് ബാല മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞത്. നീ എന്റെയടുക്കല്‍ വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പ്രത്യേക ദിനം നിങ്ങള്‍ എല്ലാവരും മറന്നെങ്കില്‍ കുഴപ്പമില്ല’, എന്ന് കുറിച്ചാണ് വീഡിയോ ബാല പോസ്റ്റ് ചെയ്തത്.
നടന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ ബാലയുടെ മകള്‍ക്ക് ആശംസകളുമായി എത്തുകയും മകളെ പിരിഞ്ഞ് ജീവിക്കുന്ന ബാലയെ ആശ്വസിപ്പിക്കുകയും ചെയ്തു. അച്ഛനെ മറക്കാന്‍ ഒരു മകള്‍ക്കും പറ്റില്ല. പാപ്പുവിന്റെ ഉള്ളം നിറയെ ഉണ്ടാവും സ്‌നേഹം. സാഹചര്യം ആയിരിക്കും കാരണം, ഒരുനാള്‍ അവള്‍ നിങ്ങളിടെ അടുക്കല്‍ വന്ന് ചേരും എന്നെല്ലാമുള്ള കമന്റുകളും വീഡിയോയ്ക്ക് നിറയുന്നുണ്ട്. അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഡോക്ടര്‍ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ബാല പതിയെ ജീവിതത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്.